ഇടതിന്റെ പൊന്നാപുരം കോട്ട

പി എ സജീഷ്
Published on Mar 25, 2026, 12:15 AM | 2 min read
പൊന്നാനി
പൊന്നാനിയിൽ ആഞ്ഞുവീശുന്ന തീരക്കാറ്റിന് ഏറെക്കാലമായി വികസനത്തിന്റെ ഗന്ധമാണ്. എവിടെ നോക്കിയാലും മാറ്റം പ്രകടം. രണ്ട് പതിറ്റാണ്ടായി നടത്തുന്ന വികസന മുന്നേറ്റം പൊന്നാനിയുടെ ഹൃദയരേഖ മാറ്റിവരച്ചുവെന്നതിൽ ആർക്കും ഭിന്നാഭിപ്രായമില്ല. വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ വികസനക്കുതിപ്പുതന്നെയാണ് പ്രധാന ചർച്ചാവിഷയം. തുടർച്ചയായ അഞ്ചാം വിജയമുറപ്പിച്ചാണ് ഇടതുപക്ഷം പോരാട്ടത്തിനിറങ്ങുന്നത്. മത്സ്യതൊഴിലാളികളും കയർ, മണൽ, കർഷക തൊഴിലാളികളും ഉൾപ്പെടെ വ്യത്യസ്‌ത ജനവിഭാഗങ്ങൾ താമസിക്കുന്ന നാട് ഇരു മുന്നണിയെയും മാറി മാറി വിജയിപ്പിച്ചിട്ടുണ്ടങ്കിലും കഴിഞ്ഞ നാല് തവണ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നു. കടലും കായലും പുഴകളും വയലുകളും കോൾപ്പാടങ്ങളും നിറഞ്ഞ മനോഹര നാട് എൽഡിഎഫ് ജനപ്രതിനിധികളുടെ ഭാവനാസമ്പന്നമായ പദ്ധതികളാൽ കുതിച്ചു. ഇമ്പിച്ചിബാവ തുടങ്ങിയ വികസന പദ്ധതികൾ പാലോളി മുഹമ്മദ്കുട്ടിയും പി ശ്രീരാമകൃഷ്ണനും പി നന്ദകുമാറും ബഹുദൂരം മുന്നോട്ടുകൊണ്ടുപോയി. കഴിഞ്ഞ തവണ പി നന്ദകുമാർ 17043 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. നാടിന്റെ മനസ്സറിഞ്ഞ വികസനമാണ് കഴിഞ്ഞ അഞ്ച് വർഷവും നടപ്പാക്കിയത്. സംസ്ഥാന സർക്കാരിനുകീഴിലെ ആദ്യ കപ്പൽ നിർമാണശാല പൊന്നാനിയിൽ ഉയരുകയാണ്. നിളയോരപാത, നിള ടൂറിസം പാലം, ആളം പാലം, കുണ്ടുകടവ് പാലം, മത്സ്യ തൊഴിലാളികൾക്കായി പുനർഗേഹം ഫ്ലാറ്റ്, കടൽഭിത്തി നിർമാണം, നിള ഹെറിറ്റേജ് മ്യൂസിയം എന്നിവ യാഥാർഥ്യമായി. നിർമാണം പുരോഗമിക്കുന്ന തുറുവാണം പാലവും ഭാരതപ്പുഴ- ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതിയും നാടിന്റെ മുഖഛായ മാറ്റും. ഭരണരംഗത്ത് മികവ് തെളിയിച്ച അഡ്വ. എം കെ സക്കീറാണ് ഇടതുസ്ഥാനാർഥി. പിഎസ്‌സി ചെയർമാൻ, രണ്ട് തവണ വഖഫ് ബോർഡ് ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയനായി. കമ്യൂണിസ്‌റ്റ് രാഷ്‌ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സക്കീർ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. പൊന്നാനി കോളേജിൽ യുയുസി ആയി. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തിൽ 2011ൽ പിഎസ് സി അംഗമായി. 2016ൽ പിഎസ് സി ചെയർമാനായി. 2021ൽ വഖഫ് ബോർഡിന്റെ ചെയർമാനായി. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് സ്വദേശിയാണ്. മണ്ഡലത്തിലുടനീളം ഹൃദയബന്ധമുള്ള സക്കീർ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നേറിക്കഴിഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിയായ അരീക്കോട് സ്വദേശി കെ പി നൗഷാദലിയാണ് യുഡിഎഫ് സ്ഥാനാർഥി. രണ്ട് തവണ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി ടി അജയ് മോഹൻ പൊന്നാനിയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചതായിരുന്നു. എന്നാൽ, അദ്ദേഹത്തെ കുന്നംകുളത്തേക്ക് മാറ്റിയാണ് നൗഷാദലി സീറ്റ് സ്വന്തമാക്കിയത്. ഇത്തവണയും എൻഡിഎയിൽ ബിഡിജിഎസിനാണ് സീറ്റ്. കണ്ണൂർ പാനൂർ സ്വദേശിയായ മനീഷ് ജനകീയമാണ് സ്ഥാനാർഥി.










0 comments