ad
Deshabhimani

ഇടതിന്റെ പൊന്നാനിക്കോട്ട

ോ
വെബ് ഡെസ്ക്

Published on Mar 05, 2026, 12:35 AM | 2 min read

പൊന്നാനി

ഇടതുപക്ഷമാണ്‌ പൊന്നാനിയുടെ ഹൃദയപക്ഷം. തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിൽമാത്രമല്ല, നാടിന്റെ സംസ്‌കാരത്തിലും പൈതൃകത്തിലും വർത്തമാനത്തിലും ഇടതുപക്ഷ കാഴ്‌ചപ്പാട്‌ പ്രകടം. കളങ്കമില്ലാത്ത മതനിരപേക്ഷ ഭൂമിക. കടലും കായലും പുഴകളും വയലുകളും കോൾപ്പാടങ്ങളും നിറഞ്ഞ മനോഹര ഭൂപ്രദേശം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഉമർഖാസിയുടെയും സൈനുദ്ധീൻ മഖ്ദൂമിന്റെയും നാട്‌. സ്വാതന്ത്രസമര സേനാനി ഇ മൊയ്തു മൗലവിയും കമ്യൂണിസ്‌റ്റ്‌ പാർടി നേതാക്കളായ ഇ കെ ഇമ്പിച്ചിബാവയും കൊളാടി ഗോവിന്ദൻകുട്ടിയും ഉഴുതുമറിച്ച മണ്ണ്‌. ഇടശ്ശേരി, ഉറൂബ്, എം ഗോവിന്ദൻ, പത്മിനി, ബാലാമണിയമ്മ, എം ടി വാസുദേവൻ നായർ, സി രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയ മഹാരഥൻമാരുടെ സാഹിത്യപെരുമയുള്ള മണ്ണ്‌. മണ്ഡലം രൂപീകരണംമുതൽ നടന്ന തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളെയും മാറിമാറി വിജയിപ്പിച്ചെങ്കിലും കഴിഞ്ഞ് നാലുതവണയും ഇടതുപക്ഷത്തെയാണ് പൊന്നാനി ഹൃദയത്തിലേറ്റിയത്. മണ്ഡലത്തിൽനിന്ന് വിജയിച്ച ഇ കെ ഇമ്പിച്ചിബാവ, എം പി ഗംഗാധരൻ, പാലോളി മുഹമ്മദ്കുട്ടി എന്നിവർ മന്ത്രിമാരായി. 2016ൽ പി ശ്രീരാമകൃഷ്ണൻ സ്പീക്കറുമായി. കഴിഞ്ഞ തവണ പി നന്ദകുമാറിനെയാണ്‌ പൊന്നാനി നെഞ്ചേറ്റിയത്‌. 2011 ൽ 4,101 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന്. 2016ൽ 15640, 2021ൽ 17043 എന്നിങ്ങനെ ഭൂരിപക്ഷം ഉയർന്നു. നാടിന്റെ മനസ്സറിഞ്ഞ വികസനമാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ നടപ്പാക്കിയത്. സംസ്ഥാന സർക്കാരിനുകീഴിലെ ആദ്യ കപ്പൽ നിർമാണശാല പൊന്നാനിയിൽ ഉയരുകയാണ്‌. നിളയോരപാതയും നിള ടൂറിസം പാലവും ആളം പാലവും കുണ്ടുകടവ് പാലവും നാടിന് പൊൻതൂവലായി. 75 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി, മത്സ്യത്തൊഴിലാളികൾക്കായി നിർമിച്ച പുനർഗേഹം ഫ്ലാറ്റ്‌, കടൽഭിത്തി നിർമാണം, നിള ഹെറിറ്റേജ്‌ മ്യൂസിയം എന്നിവ പൊന്നാനിയുടെ പെരുമയായി. നിർമാണം പുരോഗമിക്കുന്ന തുറുവാണം പാലവും ഭാരതപ്പുഴ- ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതിയും നാടിന്റെ മുഖഛായ മാറ്റും. പൊന്നാനി നഗരസഭയും ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊന്നാനി നഗരസഭയിൽ എൽഡിഎഫ്‌ ഹാട്രിക് വിജയം നേടി. വെളിയങ്കോട് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, ആലങ്കോട് പഞ്ചായത്തുകളും യുഡിഎഫിനൊപ്പം നിന്നു. ജില്ലാ പഞ്ചായത്തിലെ ചങ്ങരംകുളം, മാറഞ്ചേരി ഡിവിഷനുകളും യുഡിഎഫിനാണ്‌. 2.15 ലക്ഷം വോട്ടർമാർ ഇത്തവണ 2,15,053 വോട്ടർമാരാണുള്ളത്‌. പുരുഷന്മാർ– 1,06,586. സ്‌ത്രീകൾ– 1,08,464. ട്രാൻസ്‌ജെഡൻഡർ–മൂന്ന്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home