ad
Deshabhimani

print edition ഇവരാണ്‌ തെരഞ്ഞെടുപ്പ്‌ തൂക്കിയ ‘മുപ്പത്തിമുക്കോടി’ പാട്ടുകാർ

Song.jpg

‘കല’ കുവൈത്തിന്റെ ഗായകസംഘം ‘മുപ്പത്തിമുക്കോടി’ പാട്ടിന്റെ റെക്കോഡിങ്ങിന്‌ ഒത്തുചേർന്നപ്പോൾ

avatar
പി പി സതീഷ്‌ കുമാർ

Published on Apr 09, 2026, 12:00 AM | 1 min read

കണ്ണൂർ: ഒറ്റപ്പാട്ടിലൂടെയാണ്‌ ഇവർ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ തൂക്കിയത്‌. പ്രചാരണത്തിന്റെ അവസാനത്തെ ഒരാഴ്‌ച കേരളത്തിൽ കത്തിപ്പടർന്ന ഇ‍ൗ വൈറൽ പാട്ടിനുപിന്നിൽ പ്രവാസികളാണ്‌. കുവൈത്തിലെ സാംസ്‌കാരിക സംഘടനയായ ‘കല’യുടെ പ്രവർത്തകരാണ്‌ സമൂഹമാധ്യമങ്ങളിലും വാഹനപ്രചാരണത്തിലും കൊട്ടിക്കലാശത്തിലും ട്രെൻഡിങ്ങായ പാട്ടൊരുക്കിയത്‌.


‘‘മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം

പറ്റിച്ചെടുത്തൊരു കോൺഗ്രസിതല്ലേ...

വയനാട്ടിലെ വീടിനായി എന്നുപറഞ്ഞ്‌

പറ്റിച്ചെടുത്തൊരു പൈസയാണല്ലേ...

ഫണ്ടെവിടെ, വീടെവിടെ കോൺഗ്രസേ

നിങ്ങൾ പിരിച്ചതല്ലേ...

ഞങ്ങൾ മറന്നെന്ന്‌ വിചാരിക്കല്ലേ’’...


എന്നീ വരികളാണ്‌ കേരളം മുഴുവൻ ഏറ്റുപാടിയത്‌.

പാലക്കാട്‌ പുലാപ്പറ്റ സ്വദേശിയായ സെബിൻ ആന്റണിയുടേതാണ്‌ വരികൾ. കുവൈത്തിൽ ഇറാന്റെ ബോംബുകൾ പതിക്കുന്ന ശബ്ദംകേട്ട്‌ ഉറക്കം വരാതിരുന്ന രാത്രിയിലാണ്‌ ആ വരികൾ പിറന്നത്‌. മനസ്സിൽ തോന്നിയ എട്ടുവരികൾ ഫോണിലെഴുതി സെബിൻ ‘കല’യുടെ വാട്‌സാപ് ഗ്രൂപ്പിലേക്ക്‌ അയച്ചു.


മുത്തപ്പൻ പാട്ടിന്റെ ഇ‍ൗണത്തിലായിരുന്നു വരികൾ. നന്നായെന്ന്‌ ഗ്രൂപ്പിലുള്ള പലരും അഭിപ്രായപ്പെട്ടു. ബാക്കിയുള്ള വരികൾകൂടി എഴുതിയാൽ റെക്കോഡ്‌ ചെയ്യാമെന്ന ആശയവുമുയർന്നു. പിറ്റേന്ന്‌ ബാക്കി വരികൾകൂടി എഴുതി പൂർത്തിയാക്കി.


കോട്ടയം സ്വദേശിയായ സന്ദീപിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ‘കല’ പ്രവർത്തകനായ ബിജുവിന്റെ വീട്ടിൽ ഒത്തുചേർന്നായിരുന്നു റെക്കോഡിങ്. 15 ഗായകർ പാട്ടിൽ പങ്കാളികളായി. ആദ്യം ഓഡിയോ ആണ്‌ റെക്കോഡ്‌ ചെയ്‌തത്‌. വീഡിയോ റെക്കോഡ്‌ ചെയ്‌ത്‌ പുറത്തുവിട്ടത്‌ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ വയനാട്‌ ഫണ്ടിന്റെ കണക്കുകൾ പുറത്തുവിട്ട അതേദിവസം. നവമാധ്യമങ്ങളിൽ മണിക്കൂറുകൾക്കകം തരംഗമായ ഗാനം പ്രചാരണരംഗം അടക്കിവാണു.


പിന്നീടുള്ള ദിവസങ്ങളിൽ സ്റ്റുഡിയോ പതിപ്പുകളടക്കം ഇറങ്ങി. കൊട്ടിക്കലാശ നാളിൽ മുഴുവൻ മണ്ഡലത്തിലും മുഴങ്ങിയത്‌ ഇ‍ൗ ഗാനമാണ്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ പങ്കാളികളാകാനോ വോട്ടുചെയ്യാനോ ആവാത്ത പതിനായിരക്കണക്കിന്‌ പ്രവാസികളുടെ ശബ്ദമാണ്‌ ഇ‍ൗ ഗാനമെന്ന്‌ ‘കല’ പ്രവർത്തകർ പറഞ്ഞു.


‘‘ജീവിതത്തിലിന്നോളം ഒരു കവിതപോലും എഴുതിയിട്ടില്ലാത്തയാളാണ്‌ ഞാൻ. പൊടുന്നനെ മനസ്സിൽ തോന്നിയ വരികൾ കുറിച്ചതാണ്‌. ‘ശവംതൂക്കികൾ’ പ്രയോഗം സൃഹൃത്തുക്കളുടെ അഭിപ്രായപ്രകാരം കൂട്ടിച്ചേർത്തതാണ്‌. അതിങ്ങനെ ആളുകൾ ഏറ്റെടുക്കുമെന്ന്‌ കരുതിയതുമില്ല’’–സെബിൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home