print edition വികസനച്ചോലയാണ് ഉടുമ്പൻചോല

കെ ടി രാജീവ്
Published on Apr 02, 2026, 12:00 AM | 1 min read
ഇടുക്കി: കാൽനൂറ്റാണ്ടുകൊണ്ട് വികസനത്തിന്റെ മറുവാക്കായി മാറിയ ഉടുമ്പൻചോലയിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ജനകീയനാണ് എൽഡിഎഫിനായി ജനവിധി തേടുന്ന കെ കെ ജയചന്ദ്രൻ. 2001 മുതൽ 2016വരെ ജനപ്രതിനിധിയായിരുന്ന ജയചന്ദ്രനാണ് ഉടുന്പൻചോലയുടെ വികസനത്തിന് അടിത്തറപാകിയത്. തുടർന്ന് മന്ത്രിയായും എംഎൽഎയായും മണ്ഡലത്തിൽ നിറഞ്ഞ എം എം മണി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ. ഇതിന് തുടർച്ച തേടിയാണ് ജയചന്ദ്രൻ വീണ്ടും മത്സരത്തിനിറങ്ങുന്നത്.
2001 മുതൽ 2016വരെയുള്ള കാലഘട്ടത്തിൽ 4,000 കോടി രൂപയുടെ വികസനമാണ് ജയചന്ദ്രൻ മണ്ഡലത്തിൽ നടപ്പാക്കിയത്. നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിന് നാലുകോടി അനുവദിപ്പിച്ച് ആദ്യഘട്ടത്തിന് തുടക്കം. പിന്നീട് എം എം മണിയുടെ കാലത്ത് 12 കോടി വകയിരുത്തി പൂർത്തീകരണം. സർക്കാർ ഓഫീസുകളെല്ലാം ഒരു കുടക്കീഴിലാക്കി. അഞ്ചുകോടി ചെലവഴിച്ച് സിവിൽ സ്‌റ്റേഷൻ പൂർത്തീകരിച്ചു. രാജാക്കാട് ഐടിഐ, റവന്യൂ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്, താലൂക്കാശുപത്രി കെട്ടിടം, കുമളി – മൂന്നാർ സംസ്ഥാനപാത, ശാന്തിഗ്രാമിൽ സർക്കാർ സ്ഥാപനമായ ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങി എണ്ണമറ്റ വികസന പദ്ധതികൾ കെ കെ ജയചന്ദ്രന്റെ കാലത്തുണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഡബ്ല്യുഡി റോഡ്(700 കിലോമീറ്റർ) ഉടുമ്പൻചോല മണ്ഡലത്തിലാണ്. തുടർന്ന് എം എം മണി വന്നതോടെ വികസന വിപ്ലവമായി.
മലയോര ഹൈവേ ഉൾപ്പെടെയുള്ള പാതകൾ. 1,000 കോടിയിലധികം ചെലവഴിച്ചു. നടന്ന 15 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും എൽഡിഎഫാണ് വിജയക്കൊടി പാറിച്ചത്. 2021ൽ എം എം മണിയുടെ ഭൂരിപക്ഷം 38,305 വോട്ടാണ്. വാഗ്‌ദാനങ്ങൾ പൂർണമായി പാലിക്കാനായതിന്റെ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് മന്നേറ്റം. 2016ൽ എം എം മണിക്കെതിരെ മത്സരിച്ച സേനാപതി വേണുവാണ് യുഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസിലെ സംഗീത വിശ്വനാഥനാണ് എൻഡിഎ സ്ഥാനാർഥി. ഒരു സ്വതന്ത്രനും രംഗത്തുണ്ട്.










0 comments