ad
Deshabhimani

print edition നൂർബിനയുടെ വിമർശം; 
മിണ്ടാട്ടം മുട്ടി ലീഗ്‌ നേതൃത്വം

noorbina

അഡ്വ. നൂർബിന റഷീദ്‌ (File)

avatar
പ്രത്യേക ലേഖകൻ

Published on Apr 05, 2026, 12:44 AM | 1 min read

കോഴിക്കോട്‌ : വനിതാലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്‌ ഉയർത്തിയ വിമർശത്തോട്‌ പ്രതികരിക്കാനാകാതെ മുസ്ലിംലീഗ്‌. പേരാന്പ്രയിൽ ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർഥിയാക്കിയതിനെതിരെയാണ് നൂർബിന വിമർശിച്ചത്. ഇതൊന്നും ലീഗ്‌ നേതൃത്വം നിഷേധിച്ചിട്ടില്ല. നൂർബിനയുടെ അഭിപ്രായത്തോട്‌ ലീഗിലെ വലിയൊരു വിഭാഗത്തിന്‌ യോജിപ്പുണ്ട്‌. ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്‌മയിലിനെ സ്ഥാനാർഥിയാക്കാത്തതിൽ ജില്ലാ നേതൃത്വവും പേരാന്പ്ര മണ്ഡലം കമ്മിറ്റിയും അതൃപ്തിയിലാണ്‌. സ്ഥാനാർഥിയുടെ ശൈലിയിലും മുതിർന്ന നേതാക്കളിൽ അതൃപ്‌തിയുണ്ട്‌. ഫാത്തിമ തഹ്‌ലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണോ എന്നാണ്‌ നൂർബിന ചോദിക്കുന്നത്‌.


‘ഫാത്തിമ പാണക്കാട്‌ സാദിഖലി തങ്ങളെ നാലാം ഖലീഫയെന്ന്‌ വിളിച്ചു. ‘ലൈംഗികാരോപണം ഉന്നയിച്ച്‌ പാർടിയെ പ്രതിസന്ധിയിലാക്കി. ഫോട്ടോഷൂട്ട്‌ സമരവും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രവർത്തനവുമാണ്‌ നടത്തുന്നത്‌. റീൽ അല്ല റിയലായ രാഷ്‌ട്രീയ പ്രവർത്തനമാണ്‌ വനിതാ ലീഗ്‌ നടത്തേണ്ടത്‌. സ്ഥാനാർഥി കോപ്രായം കാട്ടിക്കൂട്ടുന്നു. വനിതകൾ പാടില്ലെന്ന്‌ പറഞ്ഞ്‌ ഞങ്ങളെ വേദിയിൽ നിന്നിറക്കിവിട്ട സമസ്‌ത നേതാവായ അബ്ദുസമദ്‌ പൂക്കോട്ടൂരിന്റെയും മറ്റും ആദർശം ഇപ്പോൾ എവിടെപ്പോയി. സമൂഹമാധ്യമങ്ങളിലൂടെ താരപ്രഭ കിട്ടിയവർ നേതൃത്വത്തിൽ വരുന്നത്‌ അപകടമാണ്‌. സമൂഹമാധ്യമ ഓളത്തിൽ പാലക്കാട്‌ എംഎൽഎയായി വിജയിച്ചയാളുണ്ടാക്കി യ ദുരന്തം നമ്മൾ കണ്ടതാണ്‌’. സീറ്റ്‌ കിട്ടാൻ നേതൃത്വത്തെ ഫാത്തിമ സമ്മർദത്തിലാക്കി’– നൂർബിന ആരോപിച്ചു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കയാണെന്ന്‌ നൂർബിന വീണ്ടും വ്യക്തമാക്കിയതോടെ ലീഗ് കടുത്ത പ്രതിസന്ധിയിലായി.


ലീഗ്‌ വിശദീകരണം 
തേടിയിട്ടില്ല: 
നൂർബിന റഷീദ്‌


കോഴിക്കോട്‌ : പേരാന്പ്രയിലെ സ്ഥാനാർഥി നിർണയത്തെ വിമർശിച്ചതിന്‌ മുസ്ലിംലീഗ്‌ നേതൃത്വം വിശദീകരണം ചോദിച്ചിട്ടില്ലെന്ന്‌ വനിതാലീഗ്‌ മുൻഅഖിലേന്ത്യാസെക്രട്ടറി അഡ്വ. നൂർബിന റഷീദ്‌ പറഞ്ഞു.


വിശദീകരണം ചോദിച്ചതായി ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം മാധ്യമങ്ങളിൽ കണ്ടു. ഉറച്ച വിശ്വാസത്തോടെയാണ്‌ വാർത്താസമ്മേളനത്തിൽ സംസാരിച്ചതെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അവർ പറഞ്ഞു.


നൂർബിന ഇക്കുറി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങില്ലെന്നാണ്‌ സൂചന. ഫാത്തിമ തഹ്‌ലിയക്കായി പ്രചരണത്തിനിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണവർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home