ad
Deshabhimani

print edition കേരളം ഇന്ന് ബൂത്തിലേക്ക്

Polling.jpg

മണക്കാട് സ്കൂളിലെ വിതരണ കേന്ദ്രത്തിൽനിന്ന് ലഭിച്ച പോളിങ് സാമഗ്രികൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ

വെബ് ഡെസ്ക്

Published on Apr 09, 2026, 12:01 AM | 1 min read

തിരുവനന്തപുരം: മൂന്നാഴ്ച നീണ്ട പ്രചാരണം ആഘോഷമാക്കിയ കേരളം വ്യാഴാഴ്ച നിർണായക വിധിയെഴുത്തിനായി ബൂത്തിലേക്ക്‌. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ്‌ വോട്ടെടുപ്പ്‌. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ്‌ മത്സരരംഗത്ത്‌.


അടുത്ത അഞ്ചുവർഷത്തെ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിൽ 2,71,42,952 വോട്ടർമാർ പങ്കാളികളാകും. മെയ്‌ നാലിന്‌ വോട്ടെണ്ണൽ.

പ്രചാരണഘട്ടത്തിലുടനീളം ലഭിച്ച മുൻതൂക്കത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ എൽഡിഎഫ്‌.


പത്തുവർഷത്തെ വികസന മുന്നേറ്റവും രാജ്യത്തിനു മാതൃകയായ ക്ഷേമപ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. മുൻ യുഡിഎഫ്‌ സർക്കാരിന്റെ ഭരണകാലവുമായുള്ള താരതമ്യം സജീവ ചർച്ചയായി. സ്ഥാനാർഥിനിർണയം മുതൽ ആരംഭിച്ച പോരിന്‌ അവസാന നിമിഷംവരെ ശമനം കാണാനാകാത്തത്‌ യുഡിഎഫ്‌ ക്യാമ്പിന്‌ തിരിച്ചടിയായി.


മുണ്ടക്കൈ ദുരന്തബാധിതർക്കായി പിരിച്ച ഫണ്ട്‌ മുക്കിയതും ഹരിയാനയിലെ സീറ്റ്‌ കോഴയും വാർത്തകളിൽ നിറഞ്ഞു. വ്യാജപ്രചാരണങ്ങളും വിവാദങ്ങളും സൃഷ്ടിച്ച്‌ ഇതു മറയ്ക്കാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചത്‌. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാകട്ടെ, ചുരുക്കം ചില മണ്ഡലങ്ങളിലാണ്‌ സജീവമായിരുന്നത്‌.


പണമൊഴുക്കിയും അപവാദപ്രചാരണം നടത്തിയുമായിരുന്നു എൻഡിഎ ക്യാമ്പിന്റെ പ്രചാരണം. പാലക്കാട്‌ വോട്ടർമാർക്ക്‌ പണം നൽകുന്നതിന്റെ ദൃശ്യം പുറത്തുവന്നു. സംസ്ഥാനത്ത്‌ വോട്ടെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. 24 താൽക്കാലിക ബൂത്ത്‌ ഉൾപ്പടെ 30,495 ബൂത്തുകൾ സജ്ജമാക്കി.


ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ തിരുവനന്തപുരം ജവഹർനഗറിലെ സ്‌കൂളിലും മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല ബേസിക്‌ സ്‌കൂളിലും വോട്ടുരേഖപ്പെടുത്തും.


അസമും പുതുച്ചേരിയും 
ഇന്ന്‌ വിധിയെഴുതും


ഗുവാഹത്തി/പുതുച്ചേരി: കേരളത്തിനൊപ്പം അസമിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും വ്യാഴാഴ്ച വോട്ടെടുപ്പ്‌ നടക്കും. അസമിൽ 126 സീറ്റുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. ആകെ 2.50 കോടി വോട്ടർമാർ. പുതുച്ചേരിയിൽ 30 സീറ്റാണുള്ളത്‌. 9.50 ലക്ഷം വോട്ടർമാർ.


ബിജെപി നേതൃത്തിലുള്ള എൻഡിഎ സർക്കാരുകളാണ്‌ രണ്ടിടത്തും നിലവിൽ. ഗോവയിലെ പോണ്ട, കർണാടകത്തിലെ ദാവനഗരെ സ‍ൗത്ത്‌, ബാഗൽകോട്ട്‌, നാഗാലാൻഡിലെ കോരിദാങ്‌, ത്രിപുരയിലെ ധർമനഗര എന്നീ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും വ്യാഴാഴ്ച നടക്കുകയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home