ad
Deshabhimani

print edition തെരഞ്ഞെടുപ്പ്‌ 
ഡ്യൂട്ടിയുള്ളവരുടെ വോട്ട്‌ 
ഉറപ്പാക്കണം; സിഇഒയ്‌ക്ക്‌ സിപിഐ എം നിവേദനം നൽകി

cpim
വെബ് ഡെസ്ക്

Published on Apr 05, 2026, 01:29 AM | 1 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്തണമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നൽകിയ നിവേദനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. തപാല്‍വഴിയുള്ള വോട്ടിങ്‌ ഇല്ലാതാക്കി കൊണ്ടുവന്ന സംവിധാനത്തിൽ അവ്യക്തതകളും സങ്കീര്‍ണതയുമുണ്ട്‌.


ഫെസിലിറ്റേഷന്‍ സെന്ററില്‍ ബാലറ്റ്‌ പോലും യഥാസമയം എത്തിച്ചില്ല. വരണാധികാരി പരിശോധിച്ച പോസ്റ്റല്‍ ബാലറ്റ്‌, നോഡല്‍ ഓഫീസര്‍മാര്‍ വീണ്ടും പരിശോധിക്കുന്നത്‌ അനാവശ്യവും കാലതാമസമുണ്ടാക്കുന്നതുമാണ്‌. ഇതോടെ ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട്‌ ചെയ്യാനെത്തിയവർക്ക്‌ ബാലറ്റ്‌ എത്താത്തതിനാല്‍ തിരിച്ചുപോകേണ്ടിവന്നു. രണ്ടാംഘട്ട പരിശീലന കേന്ദ്രത്തിലും ബാലറ്റില്ലാത്തതിനാല്‍ പലർക്കും വോട്ടുചെയ്യാനായില്ല. ഇവർ വീണ്ടും ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിയാലേ ഇനി വോട്ടുചെയ്യാനാവൂ. ഡ്യൂട്ടി ഓഫ്‌ പോലും ഇതിനായി ലഭിക്കുന്നില്ല. ഡിസ്‌ട്രിബ്യൂഷന്‍ സെന്ററുകളില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കുമെന്ന്‌ പറയുന്നുണ്ടെങ്കിലും ഇതിൽ വ്യക്തതയില്ല. വൈകി ഡ്യൂട്ടി കിട്ടിയവരുള്‍പ്പെടെ പലര്‍ക്കും പോസ്റ്റല്‍ ബാലറ്റിന്‌ അപേക്ഷിക്കാനുമായില്ല. തീയതി നീട്ടാനുള്ള അധികാരം റിട്ടേണിങ്‌ ഓഫീസര്‍മാര്‍ക്ക്‌ ഉണ്ടെന്ന്‌ പറയുമ്പോഴും പലരുടേതും നിഷേധാത്മകനിലപാടാണ്‌. പോസ്റ്റല്‍ ബാലറ്റിന്‌ അപേക്ഷിക്കാനുള്ള തീയതി നീട്ടണം. ഡ്യൂട്ടിക്ക്‌ നിയോഗിച്ചവരുടെയും പോസ്റ്റല്‍ ബാലറ്റിന്‌ അപേക്ഷിച്ചവരുടെയും എണ്ണം പ്രസിദ്ധീകരിക്കുകയും വേണം.


സ്വന്തം മണ്ഡലത്തിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട്‌ ചെയ്‌ത്‌ തിരിച്ചുവന്ന്‌ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നത്‌ പ്രയാസകരമാണ്‌. ആര്‍ഒമാരുടെ ഓഫീസുകളിൽ ഏത്‌ മണ്ഡലത്തിലെയും വോട്ട്‌ ചെയ്യാന്‍ അവസരം ഉണ്ടാക്കണം. ഡിസ്‌ട്രിബ്യൂഷന്‍ സെന്ററുകളില്‍ ആവശ്യമായത്ര ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കണം. ഒമ്പതിനുശേഷവും ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഇനിയും പോസ്റ്റല്‍ ബാലറ്റ്‌ അയക്കാത്തവര്‍ക്ക്‌ തപാലിലൂടെ നല്‍കി വോട്ട്‌ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും നിവേദനത്തില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home