print edition നിലപാടിന്റെ ശബ്ദം ഉയരെ

എൽഡിഎഫ് ചാത്തന്നൂർ മണ്ഡലം സ്ഥാനാർഥി ആർ രാജേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശീമാട്ടി ജങ്ഷനിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയ ബിനോയ് വിശ്വം വേദിയിലേക്ക്
ജയൻ ഇടയ്ക്കാട്
Published on Apr 02, 2026, 12:01 AM | 1 min read
കൊല്ലം: പകൽ മുഴുവൻ നാട് കൊടും ചൂടിൽ തിളച്ചുമറിയുകയായിരുന്നു. ചുട്ടുപൊള്ളുന്ന പകൽപോലെ ഒരുകൂട്ടർ വർഗീയരാഷ്‌ട്രീയം കത്തിച്ച് നിർത്തുകയാണ് – ഇവരുടെ പേരാണ് യുഡിഎഫ്. ഇൗ സായാഹ്നത്തിൽ ആകാശവും ഭൂമിയും ശാന്തമാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ഇതുപോലെ സുന്ദരമാക്കാൻ കഠിനാധ്വാനം ചെയ്യുന്നവർക്കൊരു രാഷ്‌ട്രീയമുണ്ട് – അവരുടെ പേരാണ് എൽഡിഎഫ്. മതഭ്രാന്തിന്റെ ഇരുട്ടിലൂടെയാണ് ബിജെപിയുടെ യാത്ര.
ചാത്തന്നൂർ ശീമാട്ടിമുക്കിലെ പൊതുയോഗത്തിൽ ഒത്തുകൂടിയവർക്ക് മുന്നിൽ തെളിമയുള്ള രാഷ്‌ട്രീയം പറയുകയാണ് കേരളത്തിലെ സിപിഐ അമരക്കാരൻ ബിനോയ് വിശ്വം. സമയം വൈകിട്ട് 6.45. കുറിക്കുകൊള്ളുന്ന വാക്കുകളുടെ യാത്ര പതിയെ ഡീലിന്റെ ഉള്ളറകൾ കടന്ന് ജനവിശ്വാസ്യതയുടെ അർഥ തലങ്ങളിലേക്ക്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഡീലെന്നുറപ്പിക്കാൻ പറ്റിയയാൾ കെ സി വേണുഗോപാലാണെന്ന് പറഞ്ഞതിന് വീട്ടമ്മമാരടക്കമുള്ളവരുടെ കൂട്ടം ശ്രദ്ധാപൂർവം കാതോർക്കുന്നു. രാജ്യസഭാംഗത്വം സ്വയം രാജിവെച്ച് ബിജെപിക്ക് അവസരം നൽകിയ ഡീലിന്റെ പൊരുൾ കത്തിച്ച് എത്രപണം കിട്ടിയെന്ന് വ്യക്‌തമാക്കുമോ എന്ന വെല്ലുവിളികൂടി ഉയർത്തിയാണ് മുൻ രാജ്യസഭാംഗം കൂടിയായ ബിനോയ് വിശ്വത്തിന്റെ പ്രസംഗം നീണ്ടത്.
രാവിലെ ചിന്നക്കടയിലെ എംഎൻ സ്‌മാരകത്തിൽ സിപിഐ ജില്ലാ കൗൺസിൽ യോഗം. തുടർന്ന് 12.30 ന് പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിലേക്ക്. കഴിഞ്ഞ ദിവസം എസ്‌ഡിപിഐ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കാൻ മത്സരിച്ച മാധ്യമപ്രവർത്തകരിൽനിന്ന് അതേ ചോദ്യത്തിന്റെ തനിയാവർത്തനമുയർന്നു. ക്യത്യമായിരുന്നു മറുപടി. എല്ലാ മനുഷ്യരുടേയും വോട്ട് വേണം. ബിജെപിയാണ് മുഖ്യശത്രു. മതഭ്രാന്തൻമാരോട് അകൽച്ച പാലിക്കും. നിലപാട് വ്യക്തമാക്കി പ്രസ്‌ക്ലബിൽനിന്നിറങ്ങുന്പോൾ പകൽ രണ്ടുമണി. എംഎൻ സ്‌മാരകത്തിൽ ഉച്ചഭക്ഷണം.
ഇടയ്‌ക്ക് വയോധികരായ രാമചന്ദ്രനും വേണുവും ഓഫീസിലെത്തി. ഉച്ചയ്‌ക്ക് അക്കൗണ്ടിൽ 4000 രൂപ വീതം പെൻഷൻ എത്തിയതിന്റെ സന്തോഷം അവരുടെ മുഖത്ത് കാണാനുണ്ടായിരുന്നു. മൂന്ന് മണിക്ക് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ വീണ്ടും യോഗം. തെരഞ്ഞെടുപ്പിന്റെ ദിനരാത്രങ്ങളെ സജീവമാക്കുകയാണ് ബിനോയ് വിശ്വത്തിന്റെ പൊതുയോഗങ്ങളും വാർത്താസമ്മേളനങ്ങളും. മൃദുഭാഷിയാണെങ്കിലും ഉറച്ച തീരുമാനങ്ങളാണ് ബിനോയ് വിശ്വത്തെ വ്യത്യസ്‌തനാക്കുന്നത്. യാഥാർഥ്യങ്ങൾ വെട്ടിത്തുറന്ന് കാണിക്കുന്നു. എതിരാളികളുടെ ദുർബല വാദങ്ങളെ തകർത്തെറിയുന്നു. കേരളത്തിന്റെ മാതൃകാപരമായ ജനവിധി രാജ്യത്തിന്റെ മുന്നോട്ട് പോക്കിന് വലിയ ഉൗർജം പകരുമെന്ന് ഉറപ്പ് നൽകുന്നു.










0 comments