ഉലയാതിളകാതെ ചേർത്തല ചെങ്കോട്ട

ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദ് നഗരത്തിലെ കൊട്ടിക്കലാശത്തിൽ
ചേർത്തല
കൊടുങ്കാറ്റിലും ഉലയാത്ത ഇടതുപക്ഷ രാഷ്‌ട്രീയബോധ്യം ചേർത്തല ജനത ആവർത്തിക്കുമെന്ന് തെളിയിക്കുന്നതായി എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിന്റെ ചൊവ്വാഴ്‌ചത്തെ ഓട്ടപ്രദക്ഷിണത്തിൽ നാടിന്റെ പ്രതികരണവും കൊട്ടിക്കലാശത്തിലെ ആവേശാരവവും. തുറന്ന ജീപ്പിൽ രാവിലെമുതൽ മണ്ഡലത്തിലാകെ സഞ്ചരിച്ച തേരാളിക്ക് ആവേശനിർഭര വരവേൽപ്പാണ് നഗരത്തിലും ഗ്രാമങ്ങളിലും ലഭിച്ചത്. വരവറിയിച്ച് പ്രചാരണ വാഹനങ്ങൾ എത്തിയതോടെ വഴിവക്കിലേക്ക് ഓടിയെത്തിയവർ കൈവീശി പ്രസാദിന് വിജയാഭിവാദ്യമേകി. പ്രധാനകേന്ദ്രങ്ങളിൽ നാട്ടുകാർ ഒത്തുചേർന്ന് പുഷ്‌പവൃഷ്‌ടിയോടെയും മുദ്രാവാക്യം മുഴക്കിയും വരവേറ്റു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിൽ പ്രവർത്തകർ പി പ്രസാദിന് അകന്പടിയായി. നഗരത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽനിന്നാരംഭിച്ച് വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് ദേവിക്ഷേത്രത്തിന് വടക്ക് കൊട്ടിക്കലാശത്തിന് എത്തി. ഇതോടെ പ്രചാരണ ഗാനത്തിനൊപ്പം ചുവടുവച്ചവരാൽ അവിടം നിറഞ്ഞു. ആവേശച്ചുവടിനൊപ്പം പ്രസാദും ചേർന്നു. ഇതോടെ ആവേശാരവം കൊടിമുടിയേറി. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് വി ജി മോഹനൻ, സെക്രട്ടറി എൻ എസ് ശിവപ്രസാദ്, എൻ ആർ ബാബുരാജ്, എം സി സദ്ധാർഥൻ, തോമസ് വടക്കേകരി, ആർ വിനോദ്, ഹാപ്പി പി അബു എന്നിവർ പങ്കെടുത്തു.










0 comments