മീൻ വറുത്തതിൽ ഉപ്പ് കുറവ്, രുചിയില്ല; കൊച്ചിയിൽ ഹോട്ടലുടമ ഷെഫിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

മീൻവിലാസം ഹോട്ടൽ, പ്രതീകാത്മക ചിത്രം
കറുകുറ്റി: മീൻ വറുത്തതിന് ഉപ്പില്ലെന്നും രുചി കുറവാണെന്നും ആരോപിച്ച് ഹോട്ടലുടമ ഷെഫിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. അങ്കമാലി കറുകുറ്റിയിലെ ‘മീൻവിലാസം’ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസ് ആണ് ആക്രമത്തിന് ഇരയായത്. ഹോട്ടലിലെ നാല് ഉടമകളിൽ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിയാണ് റിയാസിനെ വെട്ടിയത്. സംഭവത്തിൽ അങ്കമാലി പൊലീസ് കേസെടുത്തു. അനധികൃതമായി തടഞ്ഞുവെച്ച് മർദിക്കുകയും മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.
ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ ഉടമകളിലൊരാളായ മുഹമ്മദ് ഉവൈസ് കഴിക്കാനായി ഫിഷ് ഫ്രൈ ഓർഡർ ചെയ്തു. തുടർന്ന് ഷെഫായ റിയാസ് മീൻ വറുത്ത് എത്തിച്ചു നൽകി. ഭക്ഷണം കഴിച്ചുനോക്കിയ ഉടമ മീനിന് രുചിയില്ലെന്നും ആവശ്യത്തിന് ഉപ്പില്ലെന്നും ആരോപിച്ച് റിയാസിനെ വിളിച്ചുവരുത്തി. എന്നാൽ ഹോട്ടലിലെ ഫ്രീസർ കേടായതുകൊണ്ടാണ് മീനിന്റെ ഗുണനിലവാരം കുറഞ്ഞതെന്നും പലതവണ ആവശ്യപ്പെട്ടിട്ടും ഫ്രീസർ നന്നാക്കാൻ ഉടമസ്ഥർ തയാറായില്ലെന്നും പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി.
ഇതിൽ പ്രകോപിതനായ ഉവൈസ് റിയാസിനെ ക്രൂരമായി മർദ്ദിക്കുകയും ഷർട്ടിന്റെ കുത്തിന് പിടിച്ച് പുറകോട്ടു തള്ളുകയും അടുക്കളയിലെ മേശയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. ആക്രമണത്തിൽ റിയാസിന്റെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.










0 comments