കായംകുളത്തിന്റെ സ്നേഹം, പ്രതിഭ

എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ കായംകുളം മാർക്കറ്റിൽ വോട്ടഭ്യർഥിക്കാൻ എത്തിയപ്പോൾ
നെബിൻ കെ ആസാദ്
Published on Mar 29, 2026, 01:17 AM | 1 min read
കായംകുളം
കായംകുളത്തിന്റെ മുക്കും മൂലയും നന്നായറിയുന്ന യു പ്രതിഭയെ ചെല്ലുന്നിടത്തെല്ലാം സ്‌നേഹവായ്‌പോടെ വരവേൽക്കുകയാണ് ജനം. അവകാശ പോരാട്ടങ്ങളുടെ മുന്നണി പോരാളിയും പരിചയ സന്പന്നയുമായ പൊതുപ്രവർത്തകയുമായ പ്രതിഭ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രിയപ്പെട്ടവളാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ നടപ്പാക്കിയ സമാനതകളില്ലാത്ത വികസനത്തിന്റെ തിളക്കവുമായാണ് പ്രതിഭ വീണ്ടും ജനവിധിതേടുന്നത്. ഓരോ കേന്ദ്രങ്ങളിലും ജനങ്ങൾ നൽകുന്ന വരവേൽപ് അതിന്റെ നേർസാക്ഷ്യങ്ങളാണ്. തോൽവി ഭയന്ന് യുഡിഎഫ് അധിക്ഷേപങ്ങൾ തുടരുമ്പോഴും തെല്ലും ഭയക്കാതെ ഉറച്ച ചുവടുകളുമായി മുന്നോട്ടാണ് പ്രതിഭ. വികസനനേട്ടങ്ങളാണ് ആത്‌മ വിശ്വാസവും കരുത്തും.
1498 കോടിയുടെ വികസനമാണ് പ്രതിഭ മണ്ഡലത്തിലെത്തിച്ചത്. 7.57 കോടി ചെലവിട്ട് കായംകുളം ഗവ. ബോയ്സ് എച്ച്എസ്എസ് അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തി. 4.1 2 കോടി ചെലവിൽ രാമപുരം ഗവ. എച്ച്എസ്എസ്, 1.35 കോടി ചെലവിൽ കൃഷ്ണപുരം ഗവ. യുപിഎസ്, 50 ലക്ഷം ചെലവിൽ കീരിക്കാട് എൽപിഎസ്, 1.05 കോടി ചെലവിൽ ആഞ്ഞിലപ്ര യുപിഎസ് തുടങ്ങിയ നിരവധി സ്‌കൂളുകൾക്ക് കെട്ടിടം അനുവദിച്ചു. കുടിവെള്ള പദ്ധതികൾക്കായി 519.41 കോടി അനുവദിച്ചു. 517 റോഡുകൾക്കായി 226.56 കോടി രൂപ അനുവദിച്ചു. 20 കോടിയുടെ ഭഗവതിപ്പടി- മല്ലിക്കാട്ട് കടവ്- ബാക്ക് വാട്ടർ റോഡ്, 11.44 കോടിയുടെ പുതിയിടം- പ്രയാർ- ആലുംപീടിക റോഡ് എന്നിവ പ്രധാനപ്പെട്ടവയാണ്.
കായംകുളം താലൂക്ക് ആശുപത്രി ബഹുനില മന്ദിരം, സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രങ്ങൾ, മൾട്ടിപ്ലക്‌സ് തിയറ്റർ, കൂട്ടുംവാതുക്കൽ കടവ് പാലം, കായംകുളം പാർക്ക് മൈതാനി പാലം, പത്തിയൂർ പാലം, തോപ്പിൽ ഭാസി സ്ഥിരം നാടകവേദി തുടങ്ങിയവ ശ്രദ്ധേയം. ഇതെല്ലാം നേരിട്ടറിഞ്ഞതാണ് വോട്ടർമാർ. 10 വർഷം എംഎൽഎയായും അതിന് മുമ്പ് തദ്ദേശസ്ഥാപന ഭരണപരിചയവും പ്രതിഭയ്ക്ക് മുതൽക്കൂട്ടാണ്. യുഡിഎഫിന്റെ കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകളും വോട്ടർമാർക്കിടയിൽ ചർച്ചയായി. യുഡിഎഫിന്റെ എം ലിജുവും എൻഡിഎയുടെ തമ്പി മേട്ടുതറയുമാണ് മറ്റ് സ്ഥാനാർഥികൾ.










0 comments