ചന്ദ്രമംഗലത്തെന്നും പൗർണമി

എസ് കിരൺബാബു
Published on Mar 27, 2026, 12:00 AM | 1 min read
തിരുവനന്തപുരം
രാത്രി ഏഴോടടുത്തു. ആമച്ചൽ ചന്ദ്രമംഗലത്തെ ബി സെവൻ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിലിരുന്ന് ചായ ഊതിയൂതി കുടിക്കുകയാണ് എഴുപതുകാരനായ കബീറും ഭാര്യ നൂർജഹാനും. തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ മീനാക്ഷിയമ്മകൂടി വന്നതോടെ നൂർജഹാൻ ഫ്ലാസ്‍കിലെ ചായ ഗ്ലാസിൽ ഒഴിച്ചുകൊടുത്തു...‘‘നമ്മളിവിടെ താമസമായിട്ട് നാലുവർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ പറ്റണില്ല... ഇവിടെയിപ്പോൾ ഒന്നിനും ഒരു കൊറവില്ലല്ലോ... സമയം പോകുന്നതേ അറിയൂല്ല'– നൂർജഹാനാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. "വർഷാവർഷം വീട്ടുസാധനങ്ങളും പെറുക്കി വാടകവീടും അന്വേഷിച്ചുനടന്ന കാലമുണ്ടായിരുന്നു... സ്വന്തമായി ഒരു കുടിലെങ്കിലും കെട്ടണമെന്നേ അന്നൊക്കെ ആഗ്രഹിച്ചിട്ടുള്ളൂ... ഇത്രയും സൗകര്യങ്ങളുള്ള ഒരു വീട് സ്വപ്‌നംപോലും കണ്ടിട്ടില്ല... ഞങ്ങൾക്കിത് കൊട്ടാരമാണ്’– മീനാക്ഷിയമ്മയുടെ വാക്കുകളിൽ ആനന്ദക്കണ്ണീരിന്റെ നനവ്. ബാക്കി പറഞ്ഞത് കബീറാണ്– "ഈ വീട്ടിൽ കിടന്നുറങ്ങുമ്പോൾ കിട്ടുന്നൊരു ധൈര്യമുണ്ട്, അത് പറഞ്ഞറിയിക്കാനാകില്ല... എന്തുവന്നാലും നമ്മുടെ സർക്കാർ ഞങ്ങടെ കൂടെയുണ്ടാകുമെന്നൊരു ഉറപ്പുണ്ട്. ആ ഉറപ്പ് ഇനിയും തുടരണം. ചർച്ച കൊഴുത്തതോടെ അയൽക്കാരായ ശ്യാമളകുമാരിയും ഉഷൈബയും കൂടെച്ചേർന്നു: "ദേ ഈ മലയിൽനിന്ന് താഴോട്ടുനോക്കിയാൽ കാട്ടാക്കട ടൗൺ ഉൾപ്പെടെ കാണാം, 10 വർഷംമുന്നേ ഇതാണോ സ്ഥിതി... ആ അഞ്ചുനിലയിൽ ഉയർന്നുനിൽക്കുന്ന കെട്ടിടം മലയിൻകീഴ് താലൂക്ക് ആശുപത്രിയാണ്. ഇതിനെല്ലാം പുറമേ... നമ്മളെ കേൾക്കുന്ന കൂടെ കട്ടയ്ക്കുനിൽക്കുന്ന എംഎൽഎയും നമുക്കുണ്ട്’– എല്ലാവരും അത് ശരിവയ്ക്കുകയും ചെയ്തു.










0 comments