ad
Deshabhimani

Interview

വീണാ ജോർജ്‌

ആരോഗ്യകേരളത്തിനും
 മാധ്യമവേട്ട

veena george interview
avatar
ആൻസ്‌ ട്രീസ ജോസഫ്‌

Published on Jul 02, 2025, 02:28 AM | 3 min read

രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനവും സർക്കാർതലത്തിൽ ഏറ്റവും മികച്ച ആശുപത്രികളും ചികിത്സാ സംവിധാനങ്ങളുമുള്ള സംസ്ഥാനമാണ് കേരളം.

ആരോഗ്യരംഗത്തെ നേട്ടങ്ങളെ ബോധപൂർവം തമസ്‌കരിക്കാനുള്ള മാധ്യമശ്രമങ്ങൾ നടക്കുന്നു.

പൊതുസമൂഹം അതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ ദേശാഭിമാനിക്ക്‌ 
അനുവദിച്ച അഭിമുഖത്തിൽ വ്യക്‌തമാക്കുന്നു. 



ആരോഗ്യമേഖലയെ മോശമായി 
ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമമുണ്ടോ


ടിസ്ഥാനസൗകര്യമില്ലാത്ത, മരുന്നും ഡോക്ടർമാരും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽനിന്ന്‌ കേരളത്തിന്റെ ആരോഗ്യമേഖലയിൽ ചരിത്രപരമായ മാറ്റം കൺമുന്നിൽ യാഥാർഥ്യമാകുമ്പോൾ ആക്രമണങ്ങൾ കൂടുന്നത് സ്വാഭാവികം. മാധ്യമങ്ങൾ കള്ളക്കഥകൾ മെനഞ്ഞ് ആരോഗ്യരംഗത്തെ ഇകഴ്ത്തിക്കാണിക്കാൻ പരിശ്രമിക്കുകയാണ്. അതേസമയം സർക്കാർ ആശുപത്രികളെ അടച്ചാക്ഷേപിക്കുന്നതിനെതിരെ പൊതുസമൂഹം പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. രതീഷ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉദാഹരണമാണ്, പെങ്ങളുടെ കൈക്ക് സ്വകാര്യ ആശുപത്രിയിൽ 10,000 രൂപയ്ക്ക് നടത്തുന്ന ശസ്ത്രക്രിയ 100 രൂപ (നീല കാർഡ് ആയതിനാൽ) അടച്ച് സർക്കാർ ആശുപത്രിയിൽ ചെയ്തു എന്ന്... ഇതൊക്കെ പൊതുജനങ്ങൾക്ക് ആരോഗ്യമേഖലയിലുള്ള വിശ്വാസമാണ്.

2015–--2016 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2023ൽ വ്യക്തിയുടെ ചികിത്സാച്ചെലവ് കുറഞ്ഞു.


നാഷണൽ സാമ്പിൾ സർവേ (എൻഎസ്എസ്ഒ സർവേ) പ്രകാരം കേരളത്തിലെ ചികിത്സാച്ചെലവ് 60 ശതമാനത്തോളം കുറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതിലൂടെയാണ് ഈ മാറ്റം സാധ്യമായത്. ഒരുവർഷം സൗജന്യ ചികിത്സയ്ക്ക് ചെലവഴിക്കുന്നത് 1600 കോടി രൂപയാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന തുകയാണിത്. ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകൾ സ്ഥാപിച്ചതോടെ ഹൃദ്‌രോഗ ചികിത്സയിൽ കേരള ബദൽ സൃഷ്ടിച്ചു. അർബുദ ചികിത്സാരംഗത്ത് റോബോട്ടിക് സർജറിയും കാർടി സെൽ തെറാപ്പിയും ഉൾപ്പെടെയുള്ള നൂതന ചികിത്സാ സംവിധാനങ്ങളും നടപ്പാക്കി.


ഒമ്പത് വർഷമായി വലിയ മാറ്റമല്ലേ

ചികിത്സാരംഗത്തും സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലും കൺമുന്നിൽ വലിയ മാറ്റവും ചരിത്രപരമായ മുന്നേറ്റവുമാണ് സാധ്യമായിരിക്കുന്നത്. 10,000 കോടിയാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയിലൂടെമാത്രം അനുവദിച്ചത്. ആരോഗ്യരംഗത്ത് പല മേഖലകളിലും മുന്നിലുള്ള കേരളം ആ സ്ഥാനം വീണ്ടും മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ചികിത്സാരംഗത്ത് നിർമിതബുദ്ധി, മെഷീൻ ലേണിങ്‌ തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി കൂടുതൽ മികവുറ്റതും ജനകീയമാക്കുന്നതിനുമുള്ള പരിശ്രമങ്ങൾക്ക് ഈ കാലഘട്ടത്തിൽ തുടക്കമിട്ടിട്ടുണ്ട്.


പൂർണമായി ചലനശേഷി നഷ്ടപ്പെട്ടവർക്ക് ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന ജി ഗെയ്റ്റർ, ബ്ലഡ് ബാഗ് ട്രീസബിലിറ്റി, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവ ചില ഉദാഹരണങ്ങളാണ്. സ്റ്റേറ്റ് വൺ ഹെൽത്ത് സെന്റർ, കെസിഡിസി, നിപാ റിസർച്ച് സെന്റർ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സമഗ്ര പാലിയേറ്റീവ് പരിചരണത്തിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തുടക്കമിട്ടു. നമ്മുടെ പാലിയേറ്റീവ് പരിചരണത്തെ ലോകാരോഗ്യ സംഘടനയും ആഗോള അക്കാദമിക സമൂഹവും (ലാൻസെറ്റ് കമീഷൻ) അഭിനന്ദിക്കുകയുണ്ടായി. ഇങ്ങനെ തുടങ്ങി അടിസ്ഥാനരംഗത്ത് വലിയ മുന്നേറ്റമാണ് ഈ കാലയളവിൽ ഉണ്ടായത്.


ആരോഗ്യവിദ്യാഭ്യാസ 
മേഖലയിലെ മുന്നേറ്റം

ടതുപക്ഷ സർക്കാരിന്റെ കാലയളവിൽ കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾ യാഥാർഥ്യമാക്കി. സർക്കാർ, സർക്കാർ അനുബന്ധ മേഖലയിൽ 15 നഴ്‌സിങ്‌ കോളേജ്‌ ആരംഭിച്ചു. സർക്കാർ മേഖലയിൽ പുതുതായി എട്ട്‌ നഴ്‌സിങ്‌ കോളേജും സിമെറ്റിന്റെ കീഴിൽ ഏഴ്‌ നഴ്‌സിങ്‌ കോളേജും സ്ഥാപിച്ചു. ദേശീയ റാങ്കിങ്‌ പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജും ദന്തൽ കോളേജും ഉൾപ്പെട്ടത് ഈ നേട്ടത്തിന്റെ നേർക്കാഴ്ചയാണ്. ഇതുവരെ 227 ആരോഗ്യസ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യുഎഎസ് നേടി. അഞ്ച് ആരോഗ്യസ്ഥാപനത്തിന്‌ മുസ്‌കാൻ അംഗീകാരവും 14 ആരോഗ്യസ്ഥാപനത്തിന്‌ ലക്ഷ്യ അംഗീകാരവും ലഭിച്ചു. സംസ്ഥാനത്ത് ഇ–-- ഹെൽത്ത് പദ്ധതി നാളിതുവരെ 760ലധികം ആശുപത്രികളിൽ നടപ്പാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ.


നിലവിലത്തെ ആക്രമണം 
ആസൂത്രിതമാണോ

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഏറ്റവുമധികം തുക ഉപകരണങ്ങൾക്കും വികസനത്തിനും ചെലവഴിക്കപ്പെട്ട കാലയളവാണിത്. 717 കോടി രൂപ കിഫ്ബിയിലൂടെ മെഡിക്കൽ കോളേജിന് അനുവദിച്ചതിൽ 40 കോടിയുടെ ഉപകരണങ്ങളും ഉൾപ്പെടുന്നു. മെഡിക്കൽ കോളേജ് തന്നെയാണ് ഉപകരണങ്ങളുടെ ലിസ്റ്റ്, ആവശ്യാനുസരണം തയ്യാറാക്കി നൽകിയത്. കിഫ്ബിയിലൂടെ അനുവാദം നൽകി ഭൂരിപക്ഷം മെഷീനുകളും ഇൻസ്റ്റാൾ ചെയ്തു. അതിൽ 2.5 കോടി രൂപയുടെ ഉപകരണങ്ങൾ യൂറോളജി ഡിപ്പാർട്ട്‌മെന്റിന്റേതാണ്. ചുവപ്പ് നാടയിൽ ഫയലുകൾ കുടുങ്ങരുതെന്ന ഉദ്ദേശ്യംകൊണ്ടുതന്നെ നിരന്തരം ഫയൽ ക്ലിയറൻസ് നടക്കുന്ന ഡിപ്പാർട്ട്‌മെന്റാണ് ആരോഗ്യവകുപ്പ്.


ഓരോ ആഴ്ചയിലും നടക്കുന്ന വകുപ്പ് മേധാവികളുടെ യോഗങ്ങളിലും ഫയലുകൾ തീർപ്പാക്കാൻ ശേഷിക്കുന്നത് എത്രയെന്ന് പരിശോധിക്കാറുണ്ട്. പോസ്റ്റിൽ പറഞ്ഞ ഉപകരണത്തിന്റെ വിഷയം സർക്കാർ പരിഗണനയിൽ എത്തിയതല്ല. മെഡിക്കൽ കോളേജിൽത്തന്നെ സാധാരണഗതിയിൽ ചെയ്യുന്നതാണ് അത്. ഇതിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നേട്ടങ്ങളെ മറയ്ക്കാനുള്ളതല്ലേ 
ഈ ആക്രമണങ്ങൾ

നേട്ടങ്ങൾ നേട്ടങ്ങളല്ലെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിച്ചാലും അതിന് കഴിയില്ല. നവജാതശിശു മരണനിരക്കും മാതൃമരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ആയുർദൈർഘ്യം ഏറ്റവും കൂടുതൽ കേരളത്തിലാണ്. നിപാ വൈറസ് രോഗബാധയിൽ ലോകത്ത് മരണനിരക്ക് 70 ശതമാനത്തിന് മുകളിലാണ്. കേരളത്തിൽ 2023ൽ രോഗം പടർന്നപ്പോൾ മരണനിരക്ക് 33 ശതമാനമായി പിടിച്ചു നിർത്തി. അമീബിക് മസ്തിഷ്‌ക ജ്വരം ആഗോളതലത്തിൽ മരണനിരക്ക് 98 ശതമാനമാകുമ്പോൾ കേരളത്തിൽ 25 ശതമാനം മാത്രമാണ്. ഇതിൽ കൃത്യമായ ഗൈഡ്-ലൈൻ തയ്യാറാക്കി. ഏറ്റവും മികച്ച രോഗി ഡോക്ടർ അനുപാതം കേരളത്തിലാണ്. സംസ്ഥാനം രൂപീകരണത്തിനുശേഷം ആദ്യമായി 2023ൽ ഏകീകൃത പൊതുജനാരോഗ്യ നിയമം പാസാക്കി. "ഏകാരോഗ്യത്തെ' അടിസ്ഥാനമാക്കിയാണ് നിയമം ചിട്ടപ്പെടുത്തിയത്.


സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യകേന്ദ്രം യാഥാർഥ്യമാക്കി. രോഗാതുരത കുറയ്ക്കാനും ആരോഗ്യസംരക്ഷണം താഴെത്തട്ടിൽ എത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി. ആർദ്രം മിഷനിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. കെട്ടിടം ഉൾപ്പെടെ മികച്ച സൗകര്യങ്ങളൊരുക്കി. ഇനി ശേഷിക്കുന്നത് നൂറിൽ താഴെ കേന്ദ്രങ്ങളാണ്. താലൂക്ക് തലംമുതൽ സ്‌പെഷ്യാലിറ്റി സേവനങ്ങൾ നടപ്പാക്കി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കേരളത്തിൽ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് അപൂർവ രോഗങ്ങളുടെ ചികിൽസയുള്ള സെന്റർ ഓഫ് എക്‌സലൻസായി.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home