ad
Deshabhimani

Interview

മുരുകൻ കാട്ടാക്കട

കണ്ണട കണ്ട കാൽനൂറ്റാണ്ട്

murukan kattakkadda.
avatar
​സുരേഷ്‌ ഗോപി

Published on Jan 10, 2026, 09:09 PM | 6 min read

കേരളം പുതുവെളിച്ചങ്ങളിലേക്ക്‌ ചൂട്ടുകറ്റ മിന്നിച്ച തൊണ്ണൂറുകൾ. ആകാശവാണിയും ദൂരദർശനും അരങ്ങുവാണ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ സന്ധ്യകൾ. കാസറ്റുകാലത്തിൽനിന്ന്‌ കളർ ടെലിവിഷനിലേക്കും പതുക്കെ സിഡിയിലേക്കുമെല്ലാം മാറിയ തൊണ്ണൂറുകളുടെ അവസാനത്തിൽനിന്ന്‌ മലയാളി പുതുനൂറ്റാണ്ടിലേക്ക്‌ ചുവടുവച്ചപ്പോൾ സാംസ്‌കാരിക ജീവിതത്തിലും എഴുത്തിലും വായനയിലുമെല്ലാം മാറ്റം വന്നു. കവിതയ്‌ക്കും ആ ജനകീയത കൈവന്നു. വായനശാലകളിലെ ഗ്രാമസന്ധ്യകളിൽ കവിയരങ്ങുകളുടെ തിരനോട്ടങ്ങൾ. നിബന്ധനകളുടെ കനകച്ചിലങ്കകൾ അഴിഞ്ഞുവീണ നാട്ടുവേദികളിൽ പച്ചമനുഷ്യന്റെ ഉള്ളുരുക്കങ്ങൾക്ക്‌ ഖേദസ്വരം പകർന്നൊരു കവിതയുടെ വെള്ളിടി വെട്ടി.


'മങ്ങിയ കാഴ്‌ചകൾ കണ്ടു മടുത്തു, കണ്ണടകൾ വേണം’ - അതിന്റെ പകർപ്പുകൾ നാട്ടുവഴിയോരത്തും പാടത്തും പറന്പിലും പണിശാലകളിലും മുഴങ്ങി. ഒപ്പം മുരുകൻ കാട്ടാക്കടയെന്ന ജനകീയകവിയും പിറന്നു. അഗസ്‌ത്യപർവതം കിനിഞ്ഞിറങ്ങിയ നെയ്യാറിന്റെ ഹൃദയത്തിൽനിന്ന്‌ ജീവിതത്തിലേക്ക്‌ പെറുക്കിവച്ച ആ വരികളെ നാം നെഞ്ചേറ്റിയിട്ട്‌ കാൽനൂറ്റാണ്ട്‌. കണ്ണടയും ബാഗ്‌ദാദും രേണുകയുമെല്ലാം മലയാളിയുടെ ചുണ്ടിലും ജീവിതത്തിലും പതഞ്ഞൊഴുകി. തിമിരം ബാധിച്ച കാലത്തെ, കണ്ണടയിലൂടെ കണ്ട കവി മുരുകൻ കാട്ടാക്കട സംസാരിക്കുന്നു.



തിരിഞ്ഞുനോക്കുമ്പോൾ


ഒരു നിയോഗംപോലെയാണ്‌ ഞാൻ കണ്ണട എഴുതുന്നത്‌. കാരണം കവിതയെഴുത്ത്‌ ഒരു രീതിയിലും ഞാൻ തെരഞ്ഞെടുക്കാൻ ആഗ്രഹിച്ചതല്ല. ജീവിതസാഹചര്യങ്ങളോ എന്റെ വിദ്യാഭ്യാസമോ ഒന്നുംതന്നെ അതുമായി ബന്ധപ്പെട്ടതല്ല. വിദ്യാഭ്യാസം കഴിഞ്ഞ് പുരോഗമന കലാസാഹിത്യസംഘവുമായി ബന്ധപ്പെട്ടുനിൽക്കുന്ന സമയത്താണ് കൂടുതലും കവിതയെഴുതുകയുംമറ്റും ചെയ്‌തത്‌. എനിക്ക് പറയാനുള്ളത് പറയാനുള്ള ഒരു മാധ്യമമായിട്ടാണ് കവിതയെ ഞാൻ കണ്ടത്.


1995ൽ എൽഡി ക്ലർക്കായി കാസർകോട് താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്ന സമയം. അവിടെ ചെറുവത്തൂരിൽ വി വി സ്മാരക വായനശാലയിൽ പതിനെട്ടരക്കവികൾ എന്ന പേരിൽ ഒരു കവിസമ്മേളനമുണ്ട്‌. അതിൽ അരക്കവിയായി പങ്കെടുക്കാൻ കഴിയുമോ എന്ന് എന്റെ ഓഫീസിലെ സാംസ്കാരികപ്രവർത്തകൻ ചോദിച്ചു. അങ്ങനെ പതിനെട്ടരക്കവികളിൽ ഒരു കവിയായി. അതോടെ കവിയെന്ന പട്ടം ഹൃദയത്തിൽ പതിച്ചു. അതിനെ അങ്ങനെതന്നെ മുന്നോട്ടുകൊണ്ടുപോകാം എന്ന തീരുമാനം എടുക്കുകയായിരുന്നു. കണ്ണട എഴുതുന്ന കാലത്തിന്‌ വലിയ പ്രാധാന്യമുണ്ട്. തൊണ്ണൂറുകളെക്കുറിച്ച്‌ ‘ഒന്പതാം പാഠം’ എന്ന കവിത എഴുതിയിട്ടുണ്ട്‌. ​‘പാഠം പഠിച്ചിടാം കൂട്ടുകാരേ. ​പാടം മറഞ്ഞു, പറ മറിഞ്ഞു. പാടുപെട്ടുണ്ണുന്ന കാലവും മാഞ്ഞുപോയി പാതവക്കത്തെ മരത്തണൽ മാഞ്ഞുപോയ്‌’ എന്നാണ്‌ തുടക്കം. ​


തൊണ്ണൂറുകൾ


തൊണ്ണൂറുകൾ നമ്മുടെ നാട്ടിൽ കൊണ്ടുവന്ന മാറ്റത്തെ നമ്മൾ വിളിച്ചിരുന്നത് ഗ്ലോബലൈസേഷൻ എന്നാണ്‌. ആ കാറ്റ് ആഞ്ഞുവീശിയതോടെ നമ്മുടെ നാട്ടിൽ തൊണ്ണൂറുകൾക്കുമുന്പും ശേഷവും രണ്ട്‌ സംസ്കാരം വന്നു. അതുവരെ കണ്ടിട്ടില്ലാത്ത ഉൽപ്പന്നങ്ങൾ കാണാൻ തുടങ്ങി. അംബാസഡർ കാറും ഫിയറ്റുംമാത്രം കണ്ടിരുന്ന നമ്മൾ അത്യധികം വ്യത്യസ്തങ്ങളായ വാഹനങ്ങൾ കാണാൻ തുടങ്ങി. വിവിധ ഉൽപ്പന്നങ്ങൾ കമ്പോളത്തിൽ കണ്ടു ഭ്രമിക്കാൻ തുടങ്ങി. തൊണ്ണൂറുകൾ നമ്മളെ പഠിപ്പിച്ച ഒരു പാഠമുണ്ട്.


‘‘ഒന്നാം കാലത്ത് ഓണനിലാവത്ത് ഒച്ചയിൽ ആതിര പാട്ടു വന്നു... ​ഒൻപതാം കാലത്ത് ഒരു കൊടുംകാറ്റ് പിടിച്ച് എന്റെ കിനാവിൻ കുലം മുടിഞ്ഞു’’ അങ്ങനെയങ്ങനെ ഗ്രാമീണതയുടെ കുലം മുറിഞ്ഞുപോയ ഒരു കാലമാണ്‌ തൊണ്ണൂറുകൾ. ഗ്ലോബൽ മാർക്കറ്റിലേക്ക് നമ്മളെ എടുത്തെറിഞ്ഞ കാലം. നമ്മൾ സൊസൈറ്റി അഥവാ സമൂഹം എന്ന ധാരണ മാറി, സമൂഹം എന്ന ആൾക്കൂട്ടമായി മാറിയ കാലമാണത്. മാർക്കറ്റിൽ നിൽക്കുന്ന ജനങ്ങൾ ആൾക്കൂട്ടമാണ്. സാമൂഹ്യമായ ഒരു ആവശ്യത്തിനുവേണ്ടിയല്ല നമ്മൾ ഒരു ചന്തയിൽ ചെല്ലുന്നത്. ഒന്നുകിൽ വാങ്ങാനാണ് അല്ലെങ്കിൽ വിൽക്കാനാണ്. വാങ്ങാനാണെങ്കിൽ വാങ്ങൽശേഷി വേണം. വിൽക്കാൻ കൈയിൽ മൂല്യമുള്ള ഉൽപ്പന്നം വേണം. ലോകത്തെ മൊത്തം സാംസ്കാരിക–സാമൂഹ്യ ചട്ടക്കൂടുകളിൽ വലിയ മാറ്റം വരുത്തിയ ഒരു കാലമാണ് തൊണ്ണൂറുകൾ. ​​


തൊണ്ണൂറുകളുടെ അവസാനമായപ്പോൾ മലയാളഭാഷ അതിനനുസരിച്ച് ശോഷിക്കാൻ തുടങ്ങി. ഈ ലോക മാർക്കറ്റിൽ കമ്പോളത്തിൽ നല്ല ഉൽപ്പന്നമായി മാറണമെങ്കിൽ മലയാളഭാഷയുംകൊണ്ട് കാര്യമില്ല. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം. അതുകൊണ്ട് മലയാളത്തിൽ അഭിരമിക്കുന്നത്‌ തങ്ങളുടെ മക്കളെ, ഭാവിയെ ബാധിക്കുമെന്ന മിഥ്യാധാരണ. ആ കാലഘട്ടം നമ്മിൽ നിർബന്ധിച്ച് ഉണ്ടാക്കിയെടുത്തതാണത്‌. അതിന്‌ ആ തലമുറയിലെ രക്ഷിതാക്കളെ കുറ്റംപറയാൻ കഴിയില്ല. മലയാളം പറയുന്നത് വ്യക്തിപരമായും സാമൂഹികമായും തടസ്സപ്പെടുത്താൻ ആവശ്യമായ തരത്തിലുള്ള സ്ഥാപന ഘടനകൾ ഉണ്ടാവുകയും ചെയ്തു. അങ്ങനെ കേരളത്തിൽ അൺ എയ്‌ഡഡ്‌ ഇംഗ്ലീഷ് വിദ്യാഭ്യാസം വളരെ ജനകീയമാക്കുകയും വ്യാപകമാവുകയും പൊതുവിദ്യാഭ്യാസവും മാതൃഭാഷാപഠനവും വളരെ പിന്നാക്കംപോവുകയും ചെയ്തതാണ്‌ തൊണ്ണൂറുകളുടെ അവസാനം.


ആ കാലത്ത്‌ പാഠപുസ്തക പരിഷ്കരണ സമിതികൾ മലയാളപഠന പ്രക്രിയയിൽ കുറെ മാറ്റങ്ങളും കൊണ്ടുവന്നു. ഗദ്യരൂപത്തിലുള്ള കവിതയാണ് ആധുനികതയ്ക്ക് സ്വീകാര്യമെന്നും പദ്യരൂപത്തിൽ കവിത എഴുതുന്നതും ആലപിക്കുന്നതും തികച്ചും പഴഞ്ചൻ കാര്യമാണെന്നും വന്നു. മനപ്പാഠം പഠിക്കേണ്ട ആവശ്യമില്ലെന്നും മനപ്പാഠത്തിന്‌ ഒരു ഗുണവുമില്ലെന്നുമായി. പക്ഷേ, ഭാഷ എന്ന ഐഡന്റിറ്റിയുടെ കാര്യത്തിൽ ഇതല്ല. കുഞ്ഞായിരിക്കുമ്പോൾ കാണാതെ പഠിച്ച കവിതകൾകൊണ്ടാണ് ഞാൻ കവിതയിലേക്ക് വരാൻ കാരണമായത്‌. എന്തായാലും കാവ്യാലാപം മനപ്പാഠമാക്കി ഹൃദിസ്ഥമാക്കുന്നതും ആലപിക്കുന്നതും ആസ്വദിക്കുന്നതും അപരാധമാണെന്ന ധാരണ അറിഞ്ഞോ അറിയാതെയോ ഉണ്ടായി. ഇങ്ങനെ വ്യത്യസ്ത സാഹചര്യം നിലനിന്ന, പൊതുവേ കവിതയ്‌ക്കും മലയാള കാവ്യാസ്വാദനത്തിനും അത്ര ഗുണകരമായ സാഹചര്യമില്ലാത്ത തൊണ്ണൂറുകളുടെ അവസാനമാണ്‌ എന്റെ കണ്ണട പ്രചാരത്തിൽ വരുന്നത്‌.


അന്നത്തെ പ്രസക്തി


‘മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു, ​കണ്ണടകൾ വേണം’’ എന്നു പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ പലതുമുണ്ട്. നമ്മൾ ജീവിക്കുന്ന കാലം ചരിത്രത്തിൽ ഇങ്ങനെ അടയാളപ്പെടുത്തിയാൽ പോരാ എന്നൊരു തോന്നൽ സാധാരണക്കാരായ എല്ലാ മനുഷ്യരിലുമുണ്ട്. ​‘‘പൊട്ടിയ താലിച്ചരടുകള്‍ കാണാം, പൊട്ടാ മദ്യക്കുപ്പികള്‍ കാണാം, പലിശപ്പട്ടിണി പടി കേറുമ്പോള്‍, ​പുറകിലെ മാവില്‍ കയറുകള്‍ കാണാം’’. അങ്ങനെ നമ്മൾ ജീവിക്കുന്ന കാലം ഇങ്ങനെയുള്ള കാഴ്ചകളാകാൻ പാടില്ല എന്നൊരു തോന്നൽ എല്ലാവരുടെയും ഹൃദയത്തിലുണ്ടായിരുന്നു. അത്‌ സാധാരണക്കാരൻ എഴുതുകയും എല്ലാവരുടെയും ഹൃദയത്തിലുള്ള ഈണത്തിൽ, എന്റെകൂടി ശബ്‌ദമാണ്‌ കേൾക്കുന്നതെന്ന്‌ തോന്നുംതരത്തിൽ ആലപിക്കുകയും ചെയ്‌തപ്പോഴുണ്ടായ പ്രാധാന്യമാണ് കണ്ണട എന്ന കവിതയ്ക്ക് ലഭിച്ചത്.


കവിതചൊല്ലലിന്‌ പ്രസക്തി


വൃത്തവും താളവുമുള്ള കവിതകൾക്ക് പ്രാധാന്യമുള്ള കാലമായിരുന്നു അത്‌. എന്റെ കണ്ണട സാധാരണക്കാരന്റെ ഭാഷയിൽ സാധാരണക്കാരന്റെ വികാരങ്ങളെ സാധാരണപോലെ പ്രകടിപ്പിച്ച കവിതയായിരുന്നു. അത് എല്ലാവർക്കും പെട്ടെന്ന് ആസ്വദിക്കാൻ കഴിഞ്ഞു. ഗദ്യരൂപത്തിൽ എഴുതുന്നതുമാത്രമേ കവിതയാകൂവെന്ന ധാരണയോടെ അതിനുപുറകെ പോയവർ പലരും തിരിച്ചുവന്നു. കണ്ണടപോലുള്ള കവിതകൾ ജനഹൃദയങ്ങളെ സ്വാധീനിച്ചു. കവിതയെ ജനകീയമാക്കി. സിനിമാഗാനം എഴുതുന്നത്‌ അപരാധമാണെന്ന് വിചാരിച്ചിരുന്ന കവികളുണ്ടായിരുന്നു. അവർ പിന്നീട്‌ സിനിമാഗാനങ്ങൾ എഴുതിത്തുടങ്ങി.


കണ്ണടയ്‌ക്ക്‌ മറ്റൊരു സംഭാവനകൂടിയുണ്ടെന്ന്‌ ഞാൻ കരുതുന്നു. തൊണ്ണൂറുകളുടെ അവസാനം പദ്യപാരായണമത്സരങ്ങളിൽ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. കലോത്സവ മത്സരവേദിയിൽ കലാപ്രതിഭകളാവുകമാത്രമായി ശ്രമം. പിന്നെ ചിലർ മലയാളത്തിലെ കനപ്പെട്ട കവിത എടുത്ത്, ശാസ്ത്രീയസംഗീതത്തിന്റെ സവിശേഷതകളെല്ലാം ഉൾക്കൊള്ളിച്ച്‌ പഠിപ്പിക്കുന്ന അവസ്ഥയുണ്ടായി. പക്ഷേ, എന്റെ കണ്ണട വന്നതോടെ എല്ലാവർക്കും പദ്യപാരായണമത്സരത്തിൽ പങ്കെടുക്കാൻ ആത്മവിശ്വാസം ഉണ്ടായി. വളരെ ലളിതമായി ചൊല്ലാവുന്ന കവിത, എല്ലാവർക്കും പെട്ടെന്ന് കാണാതെ പഠിക്കാൻ പറ്റുന്ന കവിത എന്ന നിലയിൽ പദ്യപാരായണവേദിയിൽ ഇത് ചൊല്ലുന്നവരുടെ എണ്ണം വളരെ കൂടി. 100 ആളുകൾ പങ്കെടുത്തതിൽ 50 കുട്ടികൾ കണ്ണടയും നാറാണത്തുഭ്രാന്തനും ബാഗ്‌ദാദുമെല്ലാം ചൊല്ലാൻ തുടങ്ങി. കുട്ടികൾ ധാരാളമായി പദ്യപാരായണരംഗത്ത് സജീവമായി. അപ്പോൾ ചില ആളുകൾ കണ്ണടയെ കൈകാര്യംചെയ്തു തുടങ്ങി. ഈ കവിത ചൊല്ലാൻ പാടില്ലെന്ന് പറഞ്ഞുതുടങ്ങി. കണ്ണട കാസറ്റ് കവിതയാണെന്ന് പ്രചരിപ്പിച്ചു. സാധാരണക്കാർക്ക്‌ മക്കളെ ശാസ്ത്രീയസംഗീതം പഠിപ്പിക്കാൻ പറ്റുമോ. അതുവരെ ശാസ്‌ത്രീയസംഗീതം പഠിക്കുന്ന കുട്ടികളാണ് പദ്യപാരായണത്തിൽ പങ്കെടുക്കുന്നത്. എന്നാൽ, സാധാരണക്കാരുടെ മക്കൾ കാസറ്റ് കേട്ടുപഠിച്ച്‌ ചൊല്ലി തുടങ്ങിയപ്പോഴാണ് പദ്യപാരായണത്തിന്‌ പുതിയ ഊർജം കിട്ടിയത്‌. അതിൽ അസഹിഷ്ണുതയുള്ളവർ പല രീതികളിൽ തടയിട്ടു. കണ്ണട ദൂരദർശൻ ഒരു വിഷ്വൽ ആൽബമായി ഇറക്കിയപ്പോൾ വലിയ പ്രതികരണം കിട്ടി. എഴുത്തുപെട്ടിയിൽ എല്ലാ ദിവസവും വരുന്ന കത്തുകളിൽ കുറെ എണ്ണം കണ്ണടയെക്കുറിച്ചായിരുന്നു. ഒരുദിവസം പ്രധാന അവതാരകൻ പറഞ്ഞു, ‘ഇനിമുതൽ കണ്ണട എന്ന കവിതയെക്കുറിച്ചുള്ള കത്തുകൾ വായിക്കില്ല’. കത്തുകളുടെ കൂമ്പാരംതന്നെ വന്നുകൊണ്ടിരിക്കുന്നു. മറ്റു കത്തുകൾ വായിക്കണം. അതുകൊണ്ടാണ്‌ എന്നു പറഞ്ഞു. കണ്ണടയ്‌ക്ക്‌ കിട്ടിയ വലിയ സ്വീകാര്യതയാണ്‌ അത്‌. പിന്നീട്‌ തുടർച്ചയായി കലോത്സവവേദികളിലുംമറ്റും കണ്ണടയും ബാഗ്‌ദാദും രേണുകയുമെല്ലാം ആവർത്തിച്ചു. പുസ്‌തകവും സിഡിയും അന്വേഷിച്ച്‌ ആൾക്കാർ വാങ്ങി.


പദ്യപാരായണം എന്ന കല പരിപോഷിപ്പിക്കുന്നതിന്‌ ഒരു അക്കാദമിതന്നെ ഉണ്ടാകണം എന്നാണ്‌ എന്റെ അഭിപ്രായം. കാരണം ശാസ്ത്രീയസംഗീതംപോലെയോ അല്ലെങ്കിൽ വേറെ ഏതൊരു കലപോലെ അതിഗംഭീരമാണ് കാവ്യാലാപനം. അത് ഒരേസമയം സാഹിത്യപ്രവർത്തനവും കലാപ്രവർത്തനവുമാണ്. അങ്ങനെവരുമ്പോൾ ഭാഷ നിലനിൽക്കും. ​


ജനകീയ കവി


എത്രയെത്ര വേദിയിൽ കണ്ണട ചൊല്ലി എന്നതിന്‌ കണക്കില്ല. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ വേദികളിൽ ആലപിച്ച കവിത കണ്ണടയായിരിക്കണം. കേരളത്തിലെ ഒരു കവിയും എത്താൻ താൽപ്പര്യം കാണിക്കാത്ത മുക്കിലും മൂലയിലും കുഗ്രാമങ്ങളിലും ഞാൻ കണ്ണടയുമായി എത്തി. മലയാളത്തിൽ എല്ലാവരും തെരുവിൽ കവിത ചൊല്ലിയിട്ടുണ്ടാകും. പക്ഷേ, ഒരു കവിക്കും അവകാശപ്പെടാൻ പറ്റാത്ത അത്രത്തോളം വ്യാപകമായി കേരളഭൂമികയിലെ സകല കയറ്റിറക്കങ്ങളും ഞാൻ കയറിയിറങ്ങി. ഒരു കവിതമാത്രം ചൊല്ലി ഇതുവരെ ഒരൊറ്റ വേദിയിൽനിന്നും ഞാനിറങ്ങിയിട്ടില്ല.


മിക്കപ്പോഴും കണ്ണട ചൊല്ലാതെ ഇറങ്ങാൻ കഴിയാറില്ല. ക്യാന്പസുകളിൽ എന്റെ ‘രേണുക ’ നിറയുന്നതും ഞാൻ കണ്ടിട്ടുണ്ട്‌. മനുഷ്യനാകണം എന്ന കവിത കുട്ടികൾവരെ ആസ്വദിക്കും. അവർക്ക്‌ അതിന്റെ അർഥതലങ്ങൾ അറിയില്ല. അവർക്ക്‌ എന്താണ് മാർക്സിസം എന്നറിയില്ല. പക്ഷേ, കുറെ കഴിയുന്പോൾ അവർ അന്വേഷിക്കും, ഇതെന്താണെന്ന്‌. ആലാപനത്തിലൂടെ പുതിയ തലമുറയുമായി ബന്ധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ കവി എന്നനിലയിൽ കുറെ അനുഭവങ്ങളുണ്ട്. കിടപ്പുരോഗിയായ പതിമൂന്നുകാരി എന്റെ കവിത കേൾക്കുന്പോൾ സന്തോഷിച്ചിരുന്നതായും ധാരാളം ഭക്ഷണം കഴിച്ചിരുന്നതായും ആ കുട്ടിയുടെ അച്ഛൻ വന്നുപറഞ്ഞ കാര്യം ഓർമയുണ്ട്‌. അവളുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് അമ്മയായിരുന്നു. അവർ മരിച്ചതോടെ കുട്ടിയാകെ പ്രശ്‌നത്തിലായി. ആഹാരം കൊടുക്കുന്ന സമയത്ത് പാട്ടുവച്ചുകൊടുക്കാൻ ഡോക്ടർ പറഞ്ഞു. അങ്ങനെയാണ്‌ കണ്ണട കേൾപ്പിച്ചത്‌. കവിയെ നേരിട്ട്‌ കാണാൻ കഴിഞ്ഞാൽ കുട്ടി കുറെക്കൂടി മെച്ചപ്പെടുമെന്ന്‌ ഡോക്‌ടർ പറഞ്ഞതനുസരിച്ചാണ്‌ അദ്ദേഹം വന്നത്‌. അടുത്തദിവസം വരാമെന്നു പറഞ്ഞുപോയ അദ്ദേഹത്തെ പിന്നെ കാണാനായില്ല. ബന്ധപ്പെടാൻ നന്പരുമില്ല.


ഒരു കൊലക്കേസിലെ പ്രതി, ജയിലിൽനിന്ന്‌ കത്തയച്ചു. ‘‘കണ്ണട ദൂരദർശനിൽ കാണാനിടയായി. ഇനി ഞാൻ ഒരു ഉറുമ്പിനെപ്പോലും കൊല്ലില്ല’’ എന്നായിരുന്നു. അത്‌ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. വീണ്ടും പ്രതിബദ്ധതയോടെ കവിത എഴുതാൻ എന്നെ പ്രേരിപ്പിച്ച ഘടകം. പലരും വിളിച്ചുപറയാറുണ്ടായിരുന്നു, ദുഃഖത്തിൽ, ഒറ്റപ്പെടലിൽ കണ്ണടയും കൂടെ എടുക്കുന്നുണ്ട് എന്ന്. അങ്ങനെ സാധാരണക്കാരന്റെ ഹൃദയം നിറയ്‌ക്കുന്ന കവിയായി ജീവിക്കാൻ കഴിഞ്ഞു. അതിന് കണ്ണട അവസരം ഉണ്ടാക്കി.


പുതുകാല സാഹിത്യകൂട്ടായ്‌മകൾ


സാംസ്‌കാരിക ഫാസിസം പൊതുപരിസരങ്ങളെ കൈയടക്കുകയാണ്. അതിനുവേണ്ടി ധാരാളം കൂട്ടായ്മകൾ, സാമൂഹ്യ മാധ്യമപ്രവർത്തനം, വാട്‌സാപ് കൂട്ടായ്മകൾ എന്നിവയുണ്ട്‌. ഇന്നലെവരെയില്ലാത്ത പലതരം കൂട്ടായ്മ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജനം വരുമെന്ന് പ്രതീക്ഷിക്കുന്ന പൊതുകൂട്ടായ്‌മയുടെ നാളുകളിൽ ജാതിമത സംഘടനകൾ ആസൂത്രിതമായി വിശ്വാസസംബന്ധമായ പരിപാടി തീരുമാനിക്കും. പൊതു ഇടങ്ങളിൽ ആളുകൾ ഒത്തുകൂടാതിരിക്കാനും പുരോഗമനചിന്തകളിലേക്ക് പോകാതിരിക്കാനും ബോധപൂർവം നടത്തുന്നതാണ്‌ ഇത്തരം ഇടപെടലുകൾ. പൊതു ഇടങ്ങളിൽ സാംസ്കാരിക–സാഹിത്യ സമ്മേളനത്തിൽ കൂടുതൽപേർ വരണം.


ഇന്ന് പുസ്തകചന്തകൾക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. പുസ്തകോത്സവംതന്നെ സാംസ്കാരിക പരിപാടിയാണ്‌. ഇത് നമുക്ക് വളർത്തിയെടുക്കേണ്ടതുണ്ട്‌. ഇപ്പോൾ പുസ്‌തകമേളകൾ ലോകം മുഴുവനും വ്യാപിച്ചു. ഒരുപക്ഷേ അതിൽ മലയാളിക്ക്‌ വലിയ പങ്കുണ്ട്. എഴുത്തുകാരുടെ സംഗമം, കവിതാകൂട്ടായ്‌മകൾ ഒക്കെ പ്രതിഭാശേഷിയുള്ളവരുടെ സംഗമമാകുന്നു. ഇത്തരം കൂട്ടായ്‌മകൾ തികച്ചും പുരോഗമനപരമാണ്‌. ​​


സൗദി അറേബ്യയിലെ ജിദ്ദയിൽ ഒരു പുസ്തകമേളയിൽ ഞാൻ പോയി. മനുഷ്യർ കുടുംബസമേതമെത്തി വലിയ ട്രോളികളിൽ പുസ്തകങ്ങൾ വാങ്ങി സന്തോഷത്തോടെ പോകുന്ന കാഴ്‌ച എത്ര മനോഹരമാണ്‌. ഒരുതരത്തിൽ സാഹിത്യ സാംസ്കാരിക നവോത്ഥാനത്തിന് ഇത്തരം സാഹിത്യ കാർണിവലുകൾ പ്രയോജനം ചെയ്യുന്നുണ്ട്. അതിൽ പങ്കെടുക്കാൻ വരുന്ന എഴുത്തുകാരും എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നവരും പരിമിതമായ കാമനകൾക്ക് ഉപരിയായി അവിടെ എത്തുന്നു എന്നുള്ളത്‌ ഒരു വെളിച്ചമായി വേണം കാണാൻ.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home