ad
Deshabhimani

Interview

ഡോ. അഞ്ജു ശോശൻ ജോർജ്

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്...

CMS
avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Jun 02, 2025, 03:04 PM | 6 min read

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് കോട്ടയം സിഎംഎസ് കോളേജ്. 1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച സിഎംഎസ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജാണ്. ഈ കാലയളവിൽ കലാ, കായിക, സാംസ്കാരിക മേഖലയിൽ മികവുറ്റ നിരവധിയാളുകളെ സംഭാവന ചെയ്യാൻ സിഎംഎസിന് കഴിഞ്ഞു. ചരിത്രത്തിലാദ്യമായി സി എം എസ് കോളേജിൽ ഒരു വനിതാ പ്രിൻസിപ്പാൾ ചുമതലയേറ്റിരിക്കുകയാണ്. 208 വർഷങ്ങൾക്കിടയിലെ ആദ്യ വനിതാ പ്രിൻസിപ്പാളായി ഇംഗ്ലീഷ് വിഭാഗം മേധാവി അഞ്ജു ശോശൻ ജോർജ് കഴിഞ്ഞ ദിവസം ചുമതലയേറ്റു.


2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് സിഎംഎസ് കോളേജിൽ ചേർന്നത്. ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിലും കേരള സർവകലാശാലയിൽനിന്ന് ഓട്ടിസം സ്റ്റഡീസിൽ പിഎച്ച്ഡിയും ഡോ. അഞ്ജു കരസ്ഥമാക്കിയിട്ടുണ്ട്. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസോസിയേറ്റും സിഎംഎസ് കോളേജിലെ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമാണ്. സിഎംഎസിന്റെ പ്രിൻസിപ്പാളായി ചുമതലയേറ്റതിന് ശേഷം പുതിയ പ്രതീക്ഷകളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഡോ. അഞ്ജു ശോശൻ ജോർജ് സംസാരിക്കുന്നു...


കേരളത്തിലെ ആദ്യത്തെ കോളേജായ സിഎംഎസിൽ ഒരു വനിത പ്രിൻസിപ്പാൾ വരുന്നത് ആദ്യമായാണ്. കോളേജ് സ്ഥാപിതമായി 208 വർഷങ്ങൾ കഴിഞ്ഞാണ് അങ്ങനെ ഒരു മാറ്റമുണ്ടാകുന്നത്. ഈ തീരുമാനത്തിലേക്കെത്താൻ വൈകിപ്പോയോ?


ഓരോ കാര്യം നടക്കാനും അതിന്റേതായ ഒരു സമയമുണ്ട്. ലോകത്തിന്റെ പല ഭാ​ഗങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് എനിക്കും മാറ്റത്തിന്റ ഭാ​ഗമാകാൻ കഴിഞ്ഞത്. ക്യാമ്പസിൽ ഭൂരിഭാ​ഗം വിദ്യാർഥികളും, അധ്യാപകരും, അനധ്യാപകരുമെല്ലാം സ്ത്രീകളാണ്. അവരെ കൂടുതൽ മനസിലാക്കാൻ ഒരു സ്ത്രീയ്ക്ക് സാധിക്കും എന്നതിനാലാണ് ആ സ്ഥാനത്തേക്ക് വന്നത്. ലോകമെമ്പാടും നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ കടന്നുവരുന്നുണ്ട്. ഇവിടെയും മാറ്റമുണ്ടാകാനുള്ള യഥാർഥ സമയം ഇത് തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.


കോളേജിൽ പുതുതായി നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ എന്തൊക്കെയാണ്?


കഴിഞ്ഞ ഒരു വർഷമായി കോളേജിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് ആയി പ്രവർത്തിക്കുകയായിരുന്നു. അന്നത്തെ പ്രവർത്തനങ്ങളുടെ തുടർ നടപടികൾ സ്വീകരിക്കണം. നാല് വർഷ ബിരുദ പ്രോ​ഗ്രാമുകളിൽ ഒരു സ്ഥിരത കൈവരിക്കുക എന്നതാണ് പ്രധാന ദൗത്യം. വിദ്യാർഥികൾക്കും വലിയൊരു മാറ്റമാണ് നാല് വർഷ ബിരുദ പ്രോ​ഗ്രാം. അതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.


അക്കാദമിക്സിൽ മാത്രമല്ല സിഎംഎസ് മികച്ച മാനുഷിക പ്രവർത്തനങ്ങളും നടത്താറുണ്ട്. കഴിഞ്ഞ വർഷം പാവപ്പെട്ട അഞ്ചു പേർക്ക് വീട് വച്ച് നൽകാൻ കഴിഞ്ഞു. കോളേജിലെ നാൽപത് അനധ്യാപകരുടെ വിമാനയാത്ര ചെയ്യണമെന്ന ആ​ഗ്രഹവും കഴിഞ്ഞ വർഷം കോളേജിന് പൂർത്തീകരിക്കാൻ കഴിഞ്ഞു. ഒരിക്കൽ പോലും വിമാനത്തിൽ യാത്ര ചെയ്യാമെന്ന് അവർ കരുതിയിരുന്നില്ല. ബാം​ഗ്ലൂരിലേക്കായിരുന്നു യാത്ര. അതുപോലെ എന്തൊക്കെ കാര്യങ്ങൾ പുതിയതായി ചെയ്യാമെന്ന് ആലോചിക്കുന്നുണ്ട്. മുൻകൂട്ടി പദ്ധതികളൊന്നുമില്ല.


cms college kottayamസിഎംഎസ് കോളേജ് കോട്ടയം

ഉപരി പഠനമൊക്കെ കേരളത്തിന് പുറത്തായിരുന്നു. പിന്നീട് എപ്പോഴാണ് സിഎംഎസിന്റെ ഭാ​ഗമാകുന്നത്?


2004ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദവും, 2006ൽ സ്റ്റെല്ലാ മേരീസിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2007ലാണ് സിഎംഎസിന്റെ ഭാ​ഗമാകുന്നത്. അച്ഛൻ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽ കണ്ടുവളർന്ന കോളേജാണ്. വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ കോളേജിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയിരുന്നു. അധ്യാപികയാവുക എന്നത് മാത്രമാണ് എനിക്ക് ജീവിതത്തിലുണ്ടായിരുന്ന ഒരേ ഒരു ലക്ഷ്യം. അങ്ങനെ അധ്യാപികയായാൽ അത് സിഎംഎസിൽ തന്നെ വേണമെന്നും ആ​ഗ്രഹമുണ്ടായിരുന്നു. സിഎംഎസ് അല്ലാതെ മറ്റൊരു ചോയിസ് ഞാൻ കരുതിയിരുന്നില്ല.


അച്ഛൻ തന്നെയാണോ അധ്യാപികയാകാനുള്ള പ്രചോദനം? അച്ഛനൊപ്പം ഒരേ കോളേജിൽ ജോലി ചെയ്ത അനുഭവം എങ്ങനെയായിരുന്നു?


തീർച്ചയായും. എന്റെ റോൾ മോഡൽ അച്ഛൻ തന്നെയായിരുന്നു. അദ്ദേഹം സിഎംഎസ് കോളേജിൽ മൂന്ന് വർഷം വൈസ് പ്രിൻസിപ്പാൾ സ്ഥാനം വഹിച്ചിട്ടുണ്ട്. നാല് വർഷമാണ് അച്ഛനൊപ്പം ജോലി ചെയ്യാൻ സാധിച്ചത്. അച്ഛനൊപ്പം മകൾ ഒരു സഹപ്രവർത്തകയായി അറിയപ്പെടുക എന്ന സൗഭാ​ഗ്യമാണ് എനിക്ക് ലഭിച്ചത്. അധികമാർക്കും കിട്ടാത്ത ഒന്നാണത്. ആ കാലത്ത് ഒപ്പം ജോലി ചെയ്തിരുന്നവരെല്ലാം വളരെ സീനിയേഴ്സും, അച്ഛന്റെ സമപ്രായക്കാരുമായ ആളുകളായിരുന്നു. 2007ൽ കോളേജിൽ അധ്യാപികയായി കരിയർ തുടങ്ങുമ്പോൾ ഡിപ്പാർട്ട്മെന്റിലെയും കോളേജിലെയും ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനായിരുന്നു. ഒരു കൊച്ചുകുട്ടിയെ കൊണ്ടുനടക്കുന്നതുപോലെ അന്ന് സീനിയർ അധ്യാപകർ എന്നെ ഒപ്പം കൂട്ടിയതൊക്കെ സന്തോഷത്തോടെ ഇപ്പോൾ ഓർക്കുകയാണ്.


​ഗവേഷണ രം​ഗത്തും മികച്ച സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുണ്ടല്ലോ. ഡിസെബിലിറ്റി സ്റ്റഡീസിലാണ് ​ഗവേഷണം നടത്തിയിരുന്നത്. എങ്ങനെയാണ് ആ വിഷയത്തിലേക്ക് എത്തിയത്?


കാലം കഴിയും തോറും സമൂഹത്തിൽ മാറ്റങ്ങളുണ്ടാകും. ഓരോ കാലഘട്ടത്തിലും ഒരോ തരം​ഗങ്ങളുണ്ടാകും. അങ്ങനെ ഒരു കാലത്ത് ഫെമിനിസവും, ദളിത് സാഹിത്യവും ഒക്കെ തരം​ഗമായിട്ടുണ്ട്. അരികുവത്കരിക്കപ്പെട്ട ആളുകളെ കുറിച്ച് പഠിക്കേണ്ട കാര്യമില്ല എന്ന ചിന്തിക്കുന്ന ഒരു കാലത്തിന് ശേഷം അവരെക്കുറിച്ചും പഠനം ആവശ്യമുണ്ട് എന്ന് ചിന്തിക്കുന്ന കാലം വന്നു. സമൂഹത്തിൽ എല്ലാ വിഭാ​ഗത്തിൽ നിന്നുമുള്ള ആളുകളെ ഉൾച്ചേർക്കണമെന്നും അരികുവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തണമെന്നും മനസിലാക്കിയ കാലവുമുണ്ടായി. അതിന്റെ ഭാ​ഗമായാണ് ഡിസെബിലിറ്റി സ്റ്റഡീസിലും കൂടുതൽ പഠനങ്ങൾ വന്നത്.


ഞാൻ ആ പഠന മേഖലയിലേക്ക് എത്തിയതിന് വ്യക്തിപരമായ ഒരു കാരണംകൂടിയുണ്ട്. എന്റെ അടുത്ത സുഹൃത്ത് സ്‌കിസോഫ്രീനിയ ബാധിച്ച വ്യക്തിയായിരുന്നു. ആ സമയത്ത് അവരുടെ കുടുംബത്തിന് അത് അം​ഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ഒരു അവസ്ഥയെക്കുറിച്ച് ആർക്കും അറിയില്ല. ഒരു ഡിസെബിലിറ്റി ഉണ്ടെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്ന കാലത്ത് നിന്നും തുറന്ന് സംസാരിക്കാൻ ഇന്ന് കഴിയുന്നുണ്ട്. കുടുംബാന്തരീക്ഷത്തിൽ തന്നെ ഇത്തരം വൈകല്യങ്ങളെ കുറിച്ച് സംസാരിക്കാൻ ആരംഭിച്ചത് ആ മേഖലയിൽ ​ഗവേഷണങ്ങൾ നടത്താൻ ഒരുപാട് പേർമുന്നോട്ട് വന്നതുകൊണ്ടും മാധ്യമങ്ങളടക്കം സമൂഹത്തിലെ എല്ലാവരും ഒപ്പം പരിശ്രമിച്ചതിന്റെയും ഫലമാണ്. ഒരുപാട് ആളുകളുകൾ ഒരുമിച്ച് നിന്നതിന്റെ ഫലമാണത്.


discourses on disability


​ഗവേഷണ രം​ഗത്തെ വളരെ വ്യത്യസ്തമായ ഒരു സമീപനമായിരുന്നു 'ഡിസ്കോഴ്സസ് ഓൺ ഡിസെബിലിറ്റി'. അതിനെക്കുറിച്ച്?


ഡിസെബിലിറ്റിയെക്കുറിച്ച് നിരവധി ​ഗവേഷണങ്ങളും പ്രബന്ധങ്ങളും വ്യക്തി​ഗത ലേഖനങ്ങളും ഓർമക്കുറിപ്പുകളുമുണ്ട്. പക്ഷെ വളരെ കുറച്ച് എഴുത്തുകൾ മാത്രമേ ഇവയെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളു. ആ രീതിയിലുള്ള മുന്നേറ്റമായിരുന്നു ഡിസ്കോഴ്സസ് ഓൺ ഡിസെബിലിറ്റി. ഒരു അക്കാദമിക പഠന ​ഗ്രന്ഥമാണത്. ഉദാഹരണത്തിന് ഡെഫ് സ്റ്റഡീസിനെക്കുറിച്ച് പ്രതിബാധിക്കുന്ന ഭാ​ഗത്ത് കേൾവി ശക്തിയില്ലാത്ത ഒരാളുടെ അനുഭവക്കുറിപ്പുകളും, കൂടാതെ ഡെഫ് സ്റ്റഡീസ് മേഖലയിലുള്ള ​ഗവേഷണ ആർട്ടിക്കിളുമുണ്ട് ​ഗ്രന്ഥത്തിൽ. ഇന്ത്യയിലുള്ള എല്ലാ ഡിസെബിലിറ്റി സ്കോളേഴ്സും ഒരുമിച്ച് നൽകിയ ആർട്ടിക്കിളുകളിൽ നിന്നും തെരഞ്ഞെടുത്ത എഴുത്തുകൾ ഒരുമിച്ച് ചേർത്ത പുസ്തകമാണ് ഡിസ്കോഴ്സസ് ഓൺ ഡിസെബിലിറ്റി.


സിഎംഎസ് കോളേജിൽ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് സ്ഥാപിച്ചിരുന്നല്ലോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം?


2021ലാണ് കോളേജിൽ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ആരംഭിക്കുന്നത്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ഒരു ദിവസം കോളേജിലേക്ക് കൊണ്ടുവരാറുണ്ട്. അവർ ആ ദിവസം മുഴുവൻ അവിടെ ചെലവഴിക്കും. അവരുടെ രക്ഷകർത്താക്കളെയും, ടീച്ചർമാരെയും കോളേജിലേക്ക് ക്ഷണിക്കാറുണ്ട്.


പലപ്പോഴും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പാർക്കുകളിലേക്കൊക്കെ കൊണ്ടുവരാൻ രക്ഷിതാക്കൾ മടിക്കാറുണ്ട്. അവർ സുരക്ഷിതരാണോ എന്ന ആശങ്കയുണ്ടാകാറുണ്ട്. എന്നാൽ സിഎംഎസിൽ എത്തുന്ന കുട്ടികളെ കോളേജിലെ വിദ്യാർഥികളും സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ വോളന്റിയർമാരും ആദ്യാവസാനം സഹായിക്കും.


ഇനിയും ഒരുപാട് കുട്ടികളെ കോളേജിലേക്ക് കൊണ്ടുവരണമെന്നാണ് ഞങ്ങൾക്ക് ആ​ഗ്രഹം. കുട്ടികൾക്ക് ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ കഴിയുന്ന കുറച്ച് നല്ല നിമിഷങ്ങൾ നൽകണം. രക്ഷിതാക്കൾക്കും ഒരു ആശ്വാസമുണ്ടാകണം, അതിനുവേണ്ടിയാണ് ഞങ്ങളുടെ സംരഭം. സെന്ററിന് കീഴിൽ കുട്ടികൾക്കായി കോഴ്സുകൾ ഇപ്പോൾ നൽകുന്നില്ല. പക്ഷെ ആ മേഖലയിൽ ​ഗവേഷണം നടക്കുന്നുണ്ട്.


ഭിന്നശേഷിക്കാരോടുള്ള കേരളത്തിന്റെ സമീപനമെങ്ങനെയാണ്?


കേരളത്തിൽ ഭിന്നശേഷിക്കാരെക്കുറിച്ച് ഇപ്പോൾ തുറന്ന് സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ അതുമാത്രം പോര. നമ്മുടെ വാസ്തു ഘടനകളിലും മാറ്റമുണ്ടാകണം. സർക്കാർ ഉത്തരവിലൂടെ എല്ലാ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമായിട്ടുണ്ട്. ചിലയിടങ്ങളിൽ റാമ്പുകൾ പേരിന് മാത്രമായി പോകുന്നുണ്ട്. റാമ്പുകളുടെ കുത്തനെയുള്ള ചെരിവിൽ വീൽ ചെയർ കയറ്റി വയ്ക്കാൻ കഴിയില്ല. ഞാൻ ഒരു വീൽ ചെയറിലാണെങ്കിൽ എങ്ങനെയാണ് അത്തരമൊരു റാമ്പിൽ കയറാനാവുക എന്ന് ചിന്തിച്ചാൽ അത് മനസിലാകും. നാളെ നമ്മളുൾപ്പെടുന്ന ഒരു സമൂഹത്തിനും കൂടി സഹായകമാകുന്ന രീതിയിലാകണം ഓരോ നിർമിതിയും എന്നാണ് എന്റെ അഭിപ്രായം.


സ്ത്രീകൾ ജോലി ചെയ്യുന്നതിനോടും സ്വന്തമായി സമ്പാദിക്കുന്നതിനോടും സമൂഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാടിൽ മാറ്റമുണ്ടായിട്ടുണ്ടോ?


ലോകത്തിന്റെ പല ഭാ​ഗത്തുമുണ്ടായതുപോലെ കേരളത്തിലും ഒരുപാട് സ്ത്രീകൾ ജോലി ചെയ്ത് അതുവഴി വരുമാനം കണ്ടെത്തുന്നുണ്ട്. ഇന്ന് ജോലി ചെയ്യുന്നത് ഒരു ആഡംബരമല്ല, അത് ഒരു ആവശ്യമാണ് എന്ന തിരിച്ചറിവ് എല്ലാവർക്കും വന്നുതുടങ്ങിയിട്ടുണ്ട്. പഠനം കഴിഞ്ഞ് വീട്ടിൽ തുടരുന്നവർ ചിലപ്പോൾ സ്വയം തൊഴിൽ ചെയ്യുന്നുണ്ടാകാം, അങ്ങനെ വരുമാനം കണ്ടെത്തുന്നവരാകാം. പുതു തലമുറയിലെ ഒരു സ്ത്രീയും തന്നെ വിവാഹം ചെയ്ത് വീട്ടിൽ ഒതുങ്ങിക്കൂടാൻ ആ​ഗ്രഹിക്കുന്നില്ല. എല്ലാവർക്കും ജോലി ചെയ്യണം, സ്വന്തമായി സമ്പാദിക്കണം എന്നാണ് ആ​ഗ്രഹം. സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന അഭിമാനം മറ്റൊന്നുകൊണ്ടും മാറ്റിസ്ഥാപിക്കാനാകില്ല. സ്വന്തമായി വരുമാനമുണ്ടെങ്കിൽ വ്യക്തിപരമായ ഒരാവശ്യത്തിനും മറ്റുള്ളവരുടെ സഹായം തേടേണ്ടിവരില്ല. ആ തിരിച്ചറിവ് നമ്മുടെ സമൂഹത്തിൽ വന്നിട്ടുണ്ട്.


എന്നാൽ നേതൃസ്ഥാനങ്ങളിലേക്ക് സ്ത്രീകൾ ഇനിയും കടന്നുവരേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഏതെങ്കിലുമൊരു ജോലി ലഭിച്ചാൽ മതി എന്ന അഭിപ്രായക്കാരാണ് ഭൂരിഭാ​ഗവും. എന്നാൽ ആ ജോലിയുടെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് വരണം എന്ന് ആ​ഗ്രഹിക്കുന്നവർ കുറവാണ്. എനിക്ക് അങ്ങനെ ഉയരങ്ങളിലെത്താൻ കഴിയുമോ എന്ന ആത്മവിശ്വാസക്കുറവ് പല സ്ത്രീകളിലുമുണ്ട്. അത്തരം പ്രശ്നങ്ങൾ മറികടക്കാൻ നമ്മൾ ഇനിയും ശ്രമിക്കേണ്ടതുണ്ട്.


നേതൃസ്ഥാനത്തേക്ക് വരാൻ ആ​ഗ്രഹിക്കുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത്?


എല്ലാവർക്കും നേതൃ സ്ഥാനങ്ങളിലേക്ക് വരാൻ സാധിക്കും. പക്ഷെ പലപ്പോഴും നമ്മുടെ ആ​ഗ്രഹങ്ങൾക്ക് മുകളിൽ മറ്റ് പലതിനെയും പ്രാധാന്യത്തോടെ കാണുന്നതുകൊണ്ടാണ് അതിലേക്ക് എത്താൻ കഴിയാത്തത്. ആർക്കെങ്കിലുമോ, എന്തിനെങ്കിലുമോ വേണ്ടി നമ്മുടെ ആ​ഗ്രഹം മാറ്റിവച്ചിട്ട് പിന്നീട് എനിക്ക് കഴിയുമായിരുന്നു, ആ കോഴ്സ് എടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് കുറ്റബോധം തോന്നിയിട്ട് കാര്യമില്ല. കുടംബത്തിന് വേണ്ടി, മക്കൾക്ക് വേണ്ടി ഒക്കെ ആ​ഗ്രഹം മാറ്റി വച്ചവർ പിന്നീട് അങ്ങനെ ഒരു കുറ്റബോധത്തിലായിരിക്കും ജീവിതം തള്ളി നീക്കുന്നത്. ഒരേ സമയം അമ്മയായും കുടുംബിനിയായും, ഉദ്യോ​ഗസ്ഥയായുമിരിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ആ ബുദ്ധിമുട്ടിലും നമ്മളെക്കൊണ്ട് കഴിയാവുന്നതുപോലെ പരിശ്രമിക്കണം. ആ ശ്രമം പാഴായിരുന്നില്ല എന്ന് കാലം തെളിയിക്കും.


'ന്യൂജൻ പിള്ളേർ' ജീവിതത്തെ ഗൗരവമായി കാണാത്തവരാണോ?


പത്ത് വർഷം മുമ്പുണ്ടായിരുന്ന വിദ്യാർഥികളുടെ മാനസികാവസ്ഥ അല്ല ഇന്ന് ക്ലാസിലിരിക്കുന്ന വിദ്യാർഥികൾക്കുള്ളത്. അവർക്ക് നിരവധി സാധ്യതകളുണ്ട്. ഒരു വിഷയത്തെക്കുറിച്ച് അറിയാൻ അധ്യാപികയ്ക്കപ്പുറം ഒട്ടേറെ സ്രോതസുകൾ അവർക്ക് ലഭ്യമാണ്. അതിനെ വളരെ പോസിറ്റീവായി ഉപയോ​ഗിക്കുന്ന കുട്ടികളുണ്ട്. ജീവിതത്തിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ടാകും അവർക്ക്. ഒരു കോളേജിൽ നിന്ന് പഠിച്ചിറങ്ങുമ്പോൾ തന്നെ മുന്നോട്ട് ഇനി എന്ത് എന്ന് അവർക്ക് ധാരണയുണ്ടാകും. എന്നാൽ കൃത്യമായ ലക്ഷ്യങ്ങളൊന്നുമില്ല, പക്ഷെ കാര്യങ്ങളൊക്കെ ചെയ്തോളാം, ഇപ്പോൾ ഒരു ബ്രേക്ക് വേണമെന്ന് ചിന്തിക്കുന്ന കുട്ടികളുമുണ്ട്.


ആരെയും നമുക്ക് കുറ്റപ്പെടുത്താൻ കഴിയില്ല. അങ്ങനെയാണ് നമ്മൾ വികസിച്ചുവന്നത്. കോവിഡ് കാലത്തിന് ശേഷം കുട്ടികളിൽ കാര്യമായ മാറ്റം കാണുന്നുണ്ട്. ക്ലാസുകളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, തുടർച്ചയായി കുറച്ച് സമയം പുസ്തകം വായിക്കാൻ കഴിയുന്നില്ല, എന്നൊക്കെ വിദ്യാർഥികൾ പറയാറുണ്ട്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് വിദ്യാർഥികളുടെ മാനസികാവസ്ഥയിലും മാറ്റം വരുന്നത്. വളരെ ശക്തമായ മനസിന്റെ ഉടമകളായ പുതു തലമുറയെയാണ് നമുക്ക് വേണ്ടത്. ജീവിതത്തിൽ എന്ത് വന്നാലും ധൈര്യമായി നേരിടാനും പാതിവഴിയിൽ ഉപേക്ഷിക്കാതെ മുന്നോട്ട് പോകാനും തയാറായി യുവതലമുറ വളരണം. ആരെങ്കിലും ഒരു നോ പറഞ്ഞാൽ അത് മനസിലാക്കാൻ കഴിയണം. അതിൽ മനസ് തകർന്ന് പോകരുത്. പരസ്പരം ബഹുമാനിക്കുകയും മനസിലാക്കുകയും വേണം. പുതിയ തലമുറ ഉത്തരവാദിത്വ ബോധമുള്ള മനുഷ്യരാകട്ടെ എന്ന് മാത്രമാണ് ആ​ഗ്രഹം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home