ad
Deshabhimani

Interview

ഡോ. കെ പ്രവീൺലാൽ

തുടർച്ചയുടെ ആവശ്യമുണ്ട്‌

praveen lal.jpg
avatar
കെ എൻ സനിൽ ​

Published on Apr 01, 2026, 10:02 PM | 2 min read


‘‘ശരിയായ നയത്തിന്റെയും സമീപനത്തിന്റെയും സാന്നിധ്യമുണ്ടെങ്കിൽ ഉത്തരവുകൾക്കായി കാത്തിരിക്കേണ്ടതില്ല. അതാണ്‌ കേരളത്തിന്റെ ആരോഗ്യരംഗത്ത്‌ ഇ‍ൗ സർക്കാർ വരുത്തിയ മാറ്റം’’–തൃശൂർ മെഡിക്കൽ കോളേജ്‌ മുൻ പ്രിൻസിപ്പലും പ്രമുഖ ജനകീയാരോഗ്യപ്രവർത്തകനുമായ ഡോ. കെ പ്രവീൺലാൽ പറയുന്നു. തയ്യാറാക്കിയത്‌: ദേശാഭിമാനി തൃശ‍ൂർ ബ്യൂറോ ചീഫ്‌ കെ എൻ സനിൽ


ആരോഗ്യരംഗത്തെ പ്രവർത്തകൻ എന്ന നിലയിൽ എൽഡിഎഫ്‌ സർക്കാരിന്റെ തുടർച്ചയുണ്ടാകണമെന്ന്‌ കരുതുന്നത്‌ എന്തുകൊണ്ട്‌


​ആരോഗ്യവും വിദ്യാഭ്യാസവും മറ്റ്‌ വിഭാഗങ്ങൾപോലെയല്ല. തുടർച്ചയുടെ ആവശ്യം വളരെയുണ്ട്‌. ക്രമസമാധാനമായാലും ഭക്ഷ്യവിതരണമായാലും ഇന്ന്‌ ചെയ്യുന്നതിന്റെ ഫലം ഇന്നുതന്നെയാണ്‌ കാണുന്നത്‌. ആരോഗ്യവും വിദ്യാഭ്യാസവും അങ്ങനെയല്ല. ഇന്ന്‌ നമ്മൾ കാണുന്നത്‌ ഇന്നലെകളിൽ ചെയ്‌തതിന്റെ ഗുണഫലമായിരിക്കും. ഇന്ന്‌ ചെയ്യുന്നതിന്റെ ഫലം ഇനിയും കാലം മുന്നോട്ടുപോകുമ്പോഴേ അറിയാൻ കഴിയൂ. ലക്ഷ്യം മാത്രമല്ല, ഒരു നയവും സമീപനവും തുടർച്ചയായി ഉണ്ടാവുക എന്നതും വളരെ ആരോഗ്യകരമായിരിക്കും. എന്റെ അനുഭവത്തിൽനിന്നാണ്‌ ഞാൻ സംസാരിക്കുന്നത്‌. കേരളത്തിലെ ആരോഗ്യസംവിധാനത്തിന്റെ വിശ്വാസ്യതയെപ്പറ്റിയാണ്‌ പറയുന്നത്‌. ഞാൻ സർവീസിലുണ്ടായിരുന്ന കാലത്തെ സംഭവമാണ്‌. അന്നത്തെ തൃശൂർ ജില്ലാ കലക്ടറുടെ മകന്‌ ഒരു ശസ്‌ത്രക്രിയ വേണം. തെരഞ്ഞെടുപ്പുസമയമാണ്‌. ലീവ്‌ എടുക്കാൻ കഴിയില്ല. മറ്റു ബന്ധുക്കൾ ഒന്നുമില്ല. ഭാര്യ ലോ കോളേജിൽ പഠിക്കുന്നു, പരീക്ഷയാണ്‌. എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്ന്‌ ചോദിച്ചു. ഞങ്ങൾ നോക്കിക്കോളാമെന്ന് പറഞ്ഞ്‌ തൃശൂർ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ്‌ ചെയ്‌തു. സർജറി ദിവസം കുട്ടിയുടെ അമ്മ ഉണ്ടായിരുന്നു. അതുകഴിഞ്ഞ്‌ ഡിസ്‌ചാർജ്‌ ചെയ്യുന്നതുവരെ മറ്റാരുമില്ല. ആശുപത്രി ജീവനക്കാരാണ്‌ ആ കുട്ടിയെ നോക്കിയത്‌. അത്‌ ഒരു സംവിധാനത്തോടുള്ള വിശ്വാസ്യതയാണ്‌. ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല.


സമീപനത്തിന്റെയും നയത്തിന്റെയും തുടർച്ചയുടെ പ്രാധാന്യം എന്താണ്‌


സിസ്റ്റം സഞ്ചരിക്കുക തേരട്ടയെപ്പോലെയാണെന്നാണ്‌ ഞാൻ പറയുക. ഒരുപാട്‌ കാലുകൾ ഒന്നിച്ച്‌ ചലിക്കുന്നതുപോലെയാണ്‌ വിവിധ വകുപ്പുകൾ ഒന്നിച്ചുചേർന്ന്‌ പ്രവർത്തിക്കുന്നത്‌. ഒരേപോലെ ഒരേതാളത്തിൽ ചലിച്ചാലേ സംവിധാനം നല്ല രീതിയിൽ മുന്നോട്ടുപോകൂ. ശരിയായ നയത്തിന്റെയും സമീപനത്തിന്റെയും സാന്നിധ്യമുണ്ടെങ്കിൽ ഉത്തരവുകൾക്കായി കാത്തിരിക്കേണ്ടതില്ല. അതാണ്‌ കേരളത്തിന്റെ ആരോഗ്യരംഗത്ത്‌ ഇ‍ൗ സർക്കാർ വരുത്തിയ മാറ്റം. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഉത്തരവുകൾക്കായി കാത്തിരുന്ന്‌ കാലം പോക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. സമീപനവും ലക്ഷ്യവും പറയുമെങ്കിലും ഉത്തരവുകളാണ്‌ പാലിക്കേണ്ടത്‌ എന്നതായിരുന്നു അവസ്ഥ. അങ്ങനെവന്നാൽ സംവിധാനങ്ങൾ തകരാറിലാകും.


ആരോഗ്യ മേഖലയ്ക്കെതിരായ പ്രചാരണത്തെക്കുറിച്ച്


ചികിത്സാപിഴവുകൾ ഒഴിവാക്കേണ്ടതുതന്നെയാണ്‌. പിഴവുകൾ സംഭവിക്കാം. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിന്‌ ഇടപെടാൻ പരിമിതിയുണ്ട്‌. സർക്കാർ ഇടപെടുന്പോൾ കുറ്റം എന്ന രീതിയിലേ കൈകാര്യം ചെയ്യാനാകൂ. കോടതികളിലെത്തുന്പോൾ അതെല്ലാം തള്ളിപ്പോകും. സംഭവത്തിന്റെ ഇന്റൻഷൻ എന്താണ്‌ എന്നാണ്‌ കോടതി നോക്കുക. ഇന്റൻഷൻ കുറ്റകരമല്ലെങ്കിൽ ചെയ്‌ത ആൾ ഉത്തരവാദിയല്ല. ബോധപൂർവം പിഴവ്‌ വരുത്തുന്നതല്ലല്ലോ. ഒരു പിഴവ്‌ സംഭവിച്ചാൽ അത്‌ മൂടിവയ്‌ക്കുന്നത്‌ കുറ്റകരമാണ്‌. ചെയ്യാവുന്നത്‌, പിഴവ്‌ കൊണ്ടുവന്ന അപകടങ്ങളുടെ ആഘാതം കുറയ്‌ക്കാൻ ശ്രമിക്കുക, ആവശ്യമായ തുടർചികിത്സ ഉറപ്പാക്കുക, നഷ്‌ടപരിഹാരം എങ്ങനെ എന്നകാര്യം തീരുമാനിക്കുക എന്നിവയാണ്‌ ചെയ്യാവുന്ന കാര്യം. ബാക്കിയുള്ളത്‌ മുഴുവൻ അകത്തുനിന്ന്‌ വരുത്തേണ്ട തിരുത്തലുകളാണ്‌. ഇക്കാര്യത്തിൽ പരിശോധിക്കേണ്ടതും നടപടി എടുക്കേണ്ടതും മെഡിക്കൽ ക‍ൗൺസിലുകളാണ്‌.


സർക്കാർ ആശുപത്രിയിൽ വന്ന മാറ്റങ്ങൾ


സർക്കാർ സർവീസിൽനിന്ന്‌ വിരമിച്ചശേഷം ഞാൻ ഇപ്പോൾ സ്വകാര്യ ആശുപത്രിയിലാണ്‌ ജോലി ചെയ്യുന്നത്‌. സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ രോഗികളുടെ എണ്ണം കുറയുന്നുണ്ട്‌. കഴിഞ്ഞ എട്ടുപത്തുവർഷത്തിനിടെയുണ്ടായ മാറ്റമാണത്‌. പലകാരണങ്ങളുണ്ടാകാം. എന്നാൽ, കണ്ടെത്തിയ പ്രധാന കാരണങ്ങളിലൊന്ന്‌ ഗ്രാമങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടപ്പോൾ രോഗികൾ അങ്ങോട്ടുപോയി എന്നതാണ്‌. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഭ‍ൗതികനിലവാരം മെച്ചപ്പെട്ടു, ചികിത്സാനിലവാരം മെച്ചപ്പെട്ടു, ചികിത്സിക്കാൻ ആളുണ്ട്‌, ആവശ്യത്തിന്‌ മരുന്നുണ്ട്‌. സ്‌പെഷ്യലിസ്റ്റ്‌ ചികിത്സ വികേന്ദ്രീകരിക്കപ്പെട്ടു. താലൂക്കുതലത്തിൽ ഡയാലിസിസ്‌ സ‍ൗകര്യം ലഭ്യമായിത്തുടങ്ങി.

സ്വകാര്യമേഖലയിൽ നഴ്‌സുമാർക്ക്‌ മിനിമം വേജസ്‌ വന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌. അതുവരെ 7000–8000 ശന്പളം കിട്ടിയിരുന്നവർക്ക്‌ 23,000 രൂപയായി ശമ്പളം ഉയർന്നു. നഴ്‌സുമാരുടെ ജീവിതത്തിന്റെ ഭ‍ൗതികസാഹചര്യം മെച്ചപ്പെടുകയും രോഗികൾക്ക്‌ ലഭിക്കുന്ന പരിചരണത്തിന്റെ ഗുണനിലവാരം വർധിക്കുകയും ചെയ്‌തു.



Deshabhimani
Home