05 July Sunday

കുട്ടികളിലെ സംസാര വൈകല്ല്യം: വേണ്ടത് കാലേകൂട്ടിയുള്ള ഇടപെടലുകൾ...ഡോ.മായ ലീല എഴുതുന്നു

ഡോ. മായ ലീലUpdated: Friday Jan 31, 2020

ഡോ. മായ ലീല

ഡോ. മായ ലീല

“എനിക്ക് ഓട്ടിസം ഉണ്ട്, ഞാൻ ചിലപ്പോൾ സഹായം എതിർത്തേക്കാം”.

സ്‌കൂൾ ബാഗിലും സീറ്റ് ബെൽറ്റിലും ഒക്കെ ഒട്ടിക്കാവുന്ന ഒരു ബാഡ്ജിലാണ് ഈ വരികളുള്ളത്. ഓസ്‌ട്രേലിയയിലെ ഒരു സാധാരണ വീട്ടമ്മ തൻ്റെ മകൾക്ക് വേണ്ടി സമാനമായ മുന്നറിയിപ്പ് കൊടുക്കുന്ന ബാഡ്ജ് നിർമ്മിച്ചു കഴിഞ്ഞാണ്, ഇത്തരത്തിൽ ഓട്ടിസവും മറ്റുമുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി അപകടസമയങ്ങളിൽ ഉപയോഗ്യമാകുന്ന മുന്നറിയിപ്പുകളോട് കൂടിയ ബാഡ്ജുകൾ നിലവിൽ വന്നത്. പതിനായിരക്കണക്കിന് ആളുകളാണ് പാശ്ചാത്യരാജ്യങ്ങളിൽ ഇതുപയോഗിക്കുന്നത്, പ്രത്യേകിച്ചും കുട്ടികൾക്ക് വേണ്ടി. എപ്പോഴെങ്കിലും ഒരപകടം സംഭവിച്ചാൽ സഹായിക്കാൻ വരുന്നവരോട്  തൻ്റെ കുട്ടി സഹകരിച്ചേക്കില്ല എന്ന സാഹചര്യം മുന്നിൽക്കണ്ടാണ് ഇത്തരത്തിൽ ഒരു നടപടി.

തലച്ചോറിലെ പ്രതിസന്ധികൾ കാരണം കുട്ടികളുടെ വളർച്ചയിൽ ഉണ്ടാകുന്ന ക്രമക്കേടുകളെ കുറിച്ച് പാശ്ചാത്യരാജ്യങ്ങളിൽ എത്രമാത്രം അവബോധം ഉണ്ടെന്നും അതിനുവേണ്ടി അവരെന്തൊക്കെ നടപടികൾ സ്വീകരിക്കുന്നു എന്നതിന്റെയും ഒരുദാഹരണം ആണിത്. ഉദാഹരണമെന്നാൽ ഒരു സാധാരണ സ്ത്രീ ചിന്തിച്ചെടുത്ത ഒരുപായത്തിന്റെ ഉദാഹരണം. അവിടങ്ങളിൽ സർക്കാർ തലത്തിലും മറ്റും ഒട്ടനവധി സഹായപദ്ധതികൾ കൃത്യമായും കർക്കശമായും നടപ്പിലാക്കുന്നുണ്ട്. കുട്ടികളുടെ വളർച്ചയെ ബാധിക്കുന്ന പ്രതിസന്ധികളെ നേരിടാൻ നിയമപരിരക്ഷ പോലുമുണ്ട്. ഓട്ടിസമോ ബുദ്ധിവളർച്ചയിലെ പ്രതിസന്ധികളോ ഉള്ള കുട്ടികൾക്ക് ചികിത്സയും പുനരധിവാസ സഹായങ്ങളും നിയമപരമായി നിർബന്ധിതമായി നടപ്പിലാക്കുന്നുണ്ട്. അങ്ങനെ ഒരു സമൂഹത്തിൽ സാധാരണ ജനത ഇത്തരം നൂതനമായ ആശയങ്ങൾ കുട്ടികളുടെ സഹായത്തിനായി ആവിഷ്കരിക്കുന്നത് അതിശയിപ്പിക്കുന്നതല്ല. ഓരോ സ്‌കൂളിലും ഇത്തരം പ്രത്യേക ആവശ്യങ്ങൾ വേണ്ടുന്ന കുട്ടികൾക്കായി സ്പീച്ച് തെറാപ്പിസ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരടങ്ങുന്ന ഒരു ടീം തന്നെ ഉണ്ട്.

നമ്മുടെ നാട്ടിൽ,  ഇത്തരം പ്രതിസന്ധികൾ നേരിടുന്ന കുട്ടികൾ എണ്ണത്തിൽ ഒട്ടും കുറവല്ല. അവർക്ക് ഒരു സമൂഹം എന്ന നിലയിൽ നാം നൽകുന്ന സഹായങ്ങൾ ആണ് എണ്ണത്തിലും കാര്യപ്രാപ്തിയിലും തീരേ കുറവ്. കായിക വളർച്ചയിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്ന മാതാപിതാക്കൾ കുട്ടിയുടെ പെരുമാറ്റത്തിൽ, പ്രതികരണങ്ങളിൽ, സംസാരത്തിൽ ഒക്കെ സംഭവിക്കുന്ന ഇടർച്ചകൾ അവഗണിക്കുന്നു. സംസാരിക്കാൻ തുടങ്ങുന്നത് വൈകുന്ന കുട്ടികളുടെ മാതാപിതാക്കൾ സ്ഥിരമായി പറഞ്ഞൊഴിയുന്ന ഒരു ന്യായമാണ് തൻ്റെ  കുടുംബത്തിൽ ആർക്കോ ഉണ്ടായിരുന്ന ഇത്തരം വൈകിയ വളർച്ച. ഇതൊരു യുക്തിസഹമായ ന്യായമല്ല, കുട്ടികൾക്ക് ഭാഷയും, സംസാരവും, ജ്ഞാനപ്രക്രിയകളും സമയബന്ധിതമായി വളരുക എന്നത് പ്രധാനമാണ്. വൈകി സംസാരിക്കാൻ തുടങ്ങുന്ന കുട്ടികൾക്ക് പിന്നീട് വായനയിലോ എഴുത്തിലോ സംസാരത്തിൽ തന്നെയോ പ്രകടമായതോ സൂക്ഷമമായതോ ആയ നിരവധി പ്രതിസന്ധികൾ ഉണ്ടാകുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

സമൂഹത്തിൽ ഇടപെടാൻ ആവശ്യമായ ബൗദ്ധികമായ കഴിവുകൾ ഏതൊരു മനുഷ്യന്റെയും അടിസ്ഥാനമായ അവകാശമാണ്. വളർച്ചയുടെ പ്രതിസന്ധികളെ അംഗീകരിക്കാൻ മാതാപിതാക്കന്മാർ മടിക്കുന്നത് ഒരു കുഞ്ഞിന്റെ ജീവിതത്തെ തന്നെയാണ് തകിടം മറിയ്ക്കുന്നത്. പീഡിയാട്രിക് ഡോക്റ്റർമാർ, സ്‌കൂളിലെ അധ്യാപകർ എന്നിവരുടെ കണ്ണിൽ പെടാതെ ഈ കുട്ടികളെ ഒളിപ്പിച്ചു വയ്ക്കാൻ സാധ്യമല്ല. അച്ഛനമ്മമാർ മടിക്കുന്നു എന്ന് കണ്ടാലും അവരിൽ തെറാപ്പിയുടെ ആവശ്യകതയെക്കുറിച്ച് കൗൺസിൽ ചെയ്യാനുള്ള ഉത്തരവാദിത്തം ഇവർക്കുണ്ട്. ഇവരാണ്  നിർദ്ദേശിക്കേണ്ടത് തക്കസമയത്ത് സഹായം തേടാൻ. സഹായം ലഭിക്കുന്ന കാലം ഏതാണ് എന്നത് വളർച്ചയുടെ ഗതി നിർണ്ണയിക്കുന്ന ഘടകമാണ്. തലച്ചോറിന്റെ അതിവേഗ വളർച്ചയാണ് ആദ്യത്തെ മൂന്നു നാല് കൊല്ലം കുട്ടികളിൽ ഉണ്ടാകുന്നത്. ഇതിനിടയിൽ തെറാപ്പി കൊടുക്കുമ്പോഴാണ് ഏറ്റവും ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാകുക. ഇത്തരത്തിൽ ഒരു മാനദണ്ഡം നിഷ്കർഷിക്കുന്ന നിയമങ്ങൾ നടപ്പിലാവണം, അതിനുള്ള അവബോധം ഉണ്ടാകണം.


തലച്ചോറിന്റെ സുപ്രധാന കഴിവുകളിൽ ഒന്നാണ് ഭാഷ. അതിലുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും തലച്ചോറിന്റെ പ്രവർത്തനക്ഷമതയുടെ അളവുകോലാണ്. ആരോഗ്യമുള്ള തലമുറകൾ എന്ന കുടക്കീഴിൽ ഇനിയും ഭാഷാ-സ്വഭാവ-സാമൂഹ്യ ഇടപെടൽ കഴിവുകളിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ ഒഴിവാക്കി നിർത്തുന്നത് ഒരു ആധുനിക സമൂഹത്തിന് ഗുണകരമല്ല. സംസാരിക്കാൻ വൈകുന്ന കുട്ടികളെ, ഇടപഴകാൻ വൈഷമ്യവും വൈമുഖ്യവും കാണിക്കുന്ന കുട്ടികളെ നോക്കിയിരുത്തി പഴുപ്പിച്ച് വലുതാകുമ്പോൾ പാകമാകും എന്ന മാനസികാവസ്ഥ മാറണം. കൈകാലുകളുടെ വളർച്ചയോ, കാഴ്ചയുടെയോ കേൾവിയുടെയോ വളർച്ചയോ, നടക്കൽ ഇരിക്കൽ വളർച്ചകളോ വൈകിയാൽ  അത് നാം  കണ്ടിരിക്കാറില്ല. അത് അംഗീകരിക്കാൻ മടിക്കുന്നില്ല, അതിന്  പ്രതിവിധികൾ തേടാൻ വൈകാറില്ല. ഭാഷയുടെ വളർച്ചയും തത്തുല്യം പ്രാധാന്യമേറിയതാണ്, മനുഷ്യനെ മനുഷ്യനാക്കിയ സാംസ്കാരിക ബൗദ്ധിക മുന്നേറ്റങ്ങളുടെ കാരണങ്ങളിൽ ഒന്നായ ഭാഷ ഒട്ടും വിലകുറച്ച് പരിഗണിക്കപ്പെടേണ്ടുന്ന ഒന്നല്ല.

ജനിക്കുമ്പോൾ മുതൽ കുട്ടികൾ സ്വയം സ്വായത്തമാക്കുന്ന ഒന്നാണ് ഭാഷ. ചുറ്റിനും കേൾക്കുന്ന ഭാഷ ഏതാണോ അതിൻ്റെ സവിശേഷതകളിലേയ്ക്ക് തലച്ചോർ പാകപ്പെടുന്നു. ഏത് ഭാഷ എന്നത് വളരുന്ന തലച്ചോറിന് വിഷയമല്ല. ഏത് ഭാഷയും എത്ര ഭാഷകളും സ്വായത്തമാക്കാൻ സജ്ജമായാണ് അത് പിറക്കുന്നത്. ഇതാണ് സ്വാഭാവികത അല്ലെങ്കിൽ സാധാരണത്വം എന്നിരിക്കേ, ഇങ്ങനെ ഭാഷ സ്വയം ആർജ്ജിക്കാനും സംസാരമായി അതുപയോഗിക്കാനും കഴിയാത്ത ഒരു തലച്ചോറിന് പുറത്ത് നിന്നുള്ള സഹായം വേണ്ടിവരും. ചിലപ്പോൾ ഒരു ചെറിയ ഉത്തേജനം, ചിലപ്പോൾ വളരെ പ്രയത്നപ്പെട്ട ചികിത്സാരീതി. രണ്ടായാലും ചികിത്സ തേടുക എന്നതുതന്നെയാണ് അനന്തരമായി നടക്കേണ്ടത്.

സംസാരത്തിൽ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും, ഭാഷ സ്വായത്തമാക്കുന്നതിൽ നേരിടുന്ന പ്രതിസന്ധികളും രണ്ടും രണ്ടാണ്. സംസാരത്തിൽ കാണപ്പെടുന്ന പ്രശ്നങ്ങൾ ഉച്ചാരണത്തിലോ, സംസാരത്തിന്റെ ഒഴുക്കിലോ (ഉദാ: വിക്ക്) ആണ്. കാലേകൂട്ടി രോഗനിർണയം നടത്തിയാൽ ഇത് വളരെ എളുപ്പത്തിൽ കൃത്യമായ തെറാപ്പി കൊണ്ട് ചുരുക്കിക്കളയാവുന്ന പ്രതിസന്ധികളാണ്. ഉച്ചാരണത്തിലെ പ്രതിസന്ധിയുടെ ഒരുദാഹരണം നോക്കാം. Fronting എന്ന് പേരായ ഒരു പ്രക്രിയയിൽ വായുടെ പിന്നിൽ നിന്നുച്ചരിക്കുന്ന ക,ഖ,ഗ,ഘ മുതലായ അക്ഷരങ്ങൾക്ക് പകരം വായുടെ മുന്നിൽ നിന്നുച്ചരിക്കുന്ന ത,പ,ട മുതലായ അക്ഷരങ്ങൾ ഉച്ചരിക്കും (കപ്പിന് പകരം പപ്പ്, കാലിന് പകരം താൽ എന്നൊക്കെ പറയുന്നത്). കുമാർ എന്നോ കബീർ എന്നോ പേരായ ഒരു മൂന്ന് വയസ്സുകാരനാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധി നേരിടുന്നത് എന്ന് കരുതുക. അവൻ്റെ പേരെന്താണ് എന്ന ചോദ്യം അവൻ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സാഹചര്യമാവുകയും, ഉത്തരം പറയുമ്പോൾ അതിലെ പിഴവെന്താണ് എന്ന് മനസ്സിലാവാതിരിക്കുകയും, ഓരോ തവണയും പരിഹാസ ചിരികൾ ഉയരുന്നത് എന്തിനെന്നു അവൻ ഭയപ്പെടുകയും ചെയ്യും. അവൻ്റെ ആത്മവിശ്വാസത്തിൽ ഇതുണ്ടാക്കുന്ന ഇടിവ് ചെറുതല്ല. സമപ്രായക്കാരുടെ സാമീപ്യവും സൗഹൃദവും പൊതുവേദികളിൽ ഇടപഴകാനുള്ള  അവൻ്റെ കഴിവും മുറിപ്പെടുകയാണ് ഇതുവഴി. വളരെ ലളിതമായ ഒരുദാഹരണം മാത്രമാണിത്. ഇതേ തോതിലാണ് വിക്കോ മറ്റ് സംസാര ക്രമവൈരുദ്ധ്യങ്ങളോ കുട്ടികളെ ബാധിക്കുക.

ഭാഷ സ്വായത്തമാക്കുന്നതിൽ വരുന്ന പ്രതിസന്ധികൾ ഗ്രഹിക്കുന്നതിലും പ്രകടിപ്പിക്കുന്നതിലും ക്രമക്കേടുകൾ കാണിക്കും. ബുദ്ധിവളർച്ചയുടെ വൈഷമ്യങ്ങളോ, ഓട്ടിസമോ തുടങ്ങി ഇത്തരത്തിലുള്ള നിരവധി അവസ്ഥകളുണ്ട്. ഇതിനു തെറാപ്പിയുടെ വഴികൾ വേറിട്ടതാണ്. ഇവിടെയാണ് മാതാപിതാക്കന്മാരുടെ നിഷേധാത്മക സമീപനം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. എന്ത് ചികിത്സ നൽകണം എന്ന് തീരുമാനിക്കണമെങ്കിൽ എന്താണ് പ്രതിസന്ധി എന്ന് കൃത്യമായി ടെസ്റ്റ് ചെയ്ത് രോഗനിര്‍ണ്ണയം നടത്തണം, ഇങ്ങനെ ഒരു രോഗനിർണ്ണയം കുഞ്ഞുങ്ങൾക്ക് വിധിക്കുന്ന ജീവപര്യന്തതടവല്ല. മറിച്ച് ലഭ്യമായ ചികിത്സാ രീതികളിൽ നിന്നും ഓരോ കുട്ടിയ്ക്കും വേണ്ടുന്ന അനന്യമായ വ്യതിരിക്തമായ തെറാപ്പി ആസൂത്രണം ചെയ്യാനാണ്. ഇത്തരത്തിൽ ടെസ്റ്റുകൾ നടത്താൻ വൈകുന്നതും രോഗനിർണ്ണയം അംഗീകരിക്കാൻ മടിക്കുന്നതും കുഞ്ഞുങ്ങൾക്ക് ഭേദപ്പെടാൻ ഉള്ള സമയം വൈകിക്കലാണ്.

ഒരു ചലനവും ഇല്ലാതെ ഒരിടത്ത് മാത്രമിരുന്ന് കണ്ണുകൾ ഇടുങ്ങിയ ഒരു സ്‌ക്രീനിൽ കേന്ദ്രീകരിക്കുന്നതും ഒരു വിരൽ മാത്രം ചലിപ്പിക്കാൻ പഠിച്ച് അനവധി വീഡിയോകൾ കാണുന്നതും വളർച്ചയുടെ ഘട്ടമല്ല, വളർച്ചയുടെയോ ബുദ്ധിയുടെയോ അളവുകോലല്ല. “ഒന്നും സംസാരിക്കില്ല, പക്ഷേ ഭയങ്കര ബുദ്ധിയാണ്, യൂട്യൂബിൽ ഏത് വീഡിയോയും സ്വയം  എടുക്കും”.. സ്പീച്ച് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ കേട്ടിരുന്ന കൗതുകകരമായ വർത്തമാനം ആണ്.

വിശന്നാൽ പ്രകടിപ്പിക്കാൻ, ദാഹിച്ചാൽ വെള്ളം ചോദിക്കാൻ, വേദനകളും മുറിവുകളും അറിയിക്കാൻ, എല്ലാറ്റിനും ഉപരി വ്യക്തിത്വ വളർച്ചയുടെ സമഗ്രഭാഗമായ ആത്മഭാഷണങ്ങളിൽ ഇടപെടാൻ വളരുന്ന ഒരു കുഞ്ഞിന് കഴിയുന്നില്ലെങ്കിൽ, അവനോ അവൾക്കോ വേണ്ടി സഹായം തേടാൻ നിർബന്ധിതമാകുന്നില്ലെങ്കിൽ ഒരു സമൂഹം എന്ന നിലയിൽ വരും തലമുറകളോട് നാം ചെയ്യുന്ന ചതിയാണ് ഇത്. മുന്നോട്ടുള്ള ജീവിതം തുടങ്ങുന്നതിനു മുന്നേ കിടങ്ങുകളും കടമ്പകളും സ്ഥാപിക്കലാണ്. എത്രയും നേരത്തേ ചികിത്സ തേടണമോ അത്രയും നേരത്തേ എന്നേ ഊന്നിപ്പറയാനാവൂ.

സർക്കാർ നിയമിത തെറാപ്പിസ്റ്റുകളും, പുനരധിവാസ സ്ഥാപനങ്ങളും, ഒരു കൂട്ടം സ്‌കൂളുകൾക്ക് എങ്കിലും സജ്ജമായ ഒരു ടീം എന്ന തോതിൽ സേവനങ്ങൾ ഉണ്ടാവണം, സാധാരണക്കാരുടെ കുട്ടികൾക്കും ഈ സൗകര്യങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തണം, കൂടുതൽ ഗവേഷണ സ്ഥാപനങ്ങളും മെച്ചപ്പെട്ട പുനരധിവാസ പദ്ധതികളും നിർമ്മിക്കപ്പെടണം. സംസാരത്തിലും ഭാഷയിലും പെരുമാറ്റത്തിലും ഇടപഴകലുകളിലും ഉള്ള വളർച്ചയ്ക്ക് സ്ഥാപിത നാഴികക്കല്ലുകൾ ഉണ്ട്.  കൃത്യമായി ഓരോ കുട്ടിയും ഇതിലേയ്ക്ക് എത്തിച്ചേരുന്നുണ്ട് എന്ന് കരുതലോടെ കാക്കുന്ന ഒരു സമൂഹമാവണം നമ്മുടേത്. പ്രതിസന്ധികളിൽ ഇടറുന്നവരെ കൈപിടിച്ച് എത്തിക്കാൻ സജ്ജമായിരിക്കുന്ന സമൂഹം.

“ഒരു സമൂഹം അവരിലെ ഏറ്റവും ദുർബ്ബലരായവരെ എങ്ങനെ പരിഗണിക്കുന്നു എന്നത് വെച്ചാണ്, ആ സമൂഹത്തിന്റെ മഹത്വം അളക്കുന്നത്”-- മഹാത്മാ ഗാന്ധി.

(സ്പീച്ച് തെറാപ്പിസ്റ്റാണ് ലേഖിക)


പ്രധാന വാർത്തകൾ
 Top