05 July Sunday

ഋതുവിരാമം ആഹ്‌ളാദകരമാക്കാം.. ആശങ്കകളില്ലാതെ

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

മധ്യവയസ്സോടെ സ്‌ത്രീകളിലുണ്ടാകുന്ന ഒരു സ്വാഭാവിക പരിണതിയാണ്‌ ഋതുവിരാമം അഥവാ ആർത്തവവിരാമം. നാളിതുവരെ ക്രമമായി വന്നിരുന്ന ആർത്തവം സ്‌ഥിരമായി മുടങ്ങുന്നതിനെ ആർത്തവവിരാമം എന്ന്‌ ലളിതമായി പറയാം. ഇത്‌ ഒരു രോഗമല്ല. മറിച്ച്‌ മധ്യവയസ്സിൽ സ്‌ത്രീകളിൽ സ്വാഭാവികമായി വന്നുചേരുന്ന ഒരു അനിവാര്യതയാണ്‌. അണ്‌ഡവികാസം അടക്കമുള്ള ചില ഹോർമോൺ പ്രവർത്തനങ്ങൾ അരങ്ങൊഴിയുന്നു എന്നതിന്റെ നിശബ്‌ദ സന്ദേശമാണ്‌ ആർത്തവവിരാമം നൽകുന്നത്‌.

ആർത്തവവിരാമം സ്‌ത്രീ ജീവിതത്തിലെ നിർണായകമായൊരു കാലഘട്ടമാണ്‌. ഈ ഘട്ടത്തിൽ ഈസ്‌ട്രജൻ ഹോർമോണിന്റെ പ്രഭാവലയം ഗണ്യമായി കുറയാറുണ്ട്‌. ഒപ്പം പ്രോജസ്‌റ്ററോൺ ഹോർമോണും കുറയുന്നു. ഓരോ സ്‌ത്രീകളും ഇതിനോട്‌ പ്രതികരിക്കുന്നത്‌ വ്യത്യസ്‌തരീതിയിലാണ്‌. പുതുമകളെ സ്വാഗതം ചെയ്‌ത്‌ ഈ അവസ്‌ഥയോട്‌ താദാത്‌മ്യം പ്രാപിക്കുന്ന സ്‌ത്രീകൾ ഏറെയുണ്ട്‌. എന്നാൽ ആർത്തവ വിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒരു കൂട്ടം ശാരീരിക, മാനസിക അസ്വസ്ഥതകളെ ഏറിയും കുറഞ്ഞും നേരിടുന്ന സ്‌ത്രീകളും നമുക്കിടയിലുണ്ട്‌. ശരിയായ ജീവിത വീക്ഷണത്തിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയും ആർത്തവ വിരാമഘട്ടത്തെ ഇവർക്കും തരണം ചെയ്യാനാകും.

ആർത്തവ വിരാമം ‐ മാറ്റങ്ങൾ എന്തൊക്കെ?
ഏകദേശം 35 വർഷത്തോളമായി തുടർന്ന്‌ വന്നിരുന്ന ആർത്തവം മുടങ്ങുന്നതാണ്‌ പ്രധാനമാറ്റം. അതോടൊപ്പം അണ്‌ഡാശയങ്ങളിൽ പ്രവൃത്തിമാന്ദ്യം ഉണ്ടാകുന്നതിനാൽ അണ്‌ഡോൽപ്പാദനവും നിലയ്‌ക്കുന്നു. മാത്രമല്ല, അണ്‌ഡാശയവും ഗർഭാശയവും ചെറുതാകുകയും ചെയ്യുന്നു. ഇതോടെ ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള സ്‌ത്രീയുടെ കഴിവ്‌ ഇല്ലാതാകുന്നുവെന്നേയുള്ളു. ലൈംഗിക ജീവിതമുൾപ്പെടെയെല്ലാം പഴയതുപോലെ തുടരാം.

ആർത്തവവിരാമത്തോടനുബന്ധിച്ച്‌ ഓരോ സ്‌ത്രീയിലും പ്രകടമാകുന്ന ലക്ഷണങ്ങളും തീവ്രതയും വ്യത്യസ്‌തമാണ്‌. പ്രത്യേകിച്ച്‌ വിഷമതകൾ ഒന്നും ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്‌. ഹോട്ട്‌ ഫ്‌ളഷസ്‌ (Hot Flushes) എന്നറിയപ്പെടുന്ന ചൂടും വിയർക്കലുമാണ്‌  സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്‌നം. രാത്രിയിലെ ഉറക്കക്കറുവും പകൽ സമയത്ത്‌ പല തവണയുണ്ടാകുന്ന ചൂടും വിയർക്കലും സ്‌ത്രീകളെ ബുദ്ധിമുട്ടിലാക്കാറുണ്ട്‌. കൂടാതെ വിഷാദം, ക്രമം തെറ്റിയ ആർത്തവം, ക്ഷീണം, അനാവശ്യമായ കയർക്കൽ, തലവേദന, ദേഷ്യം, സങ്കടം, ലൈംഗികതയിൽ താൽപ്പര്യക്കുറവ്‌, വേദന, തളർച്ച, നെഞ്ചെരിച്ചിൽ, മൂത്രാശയസംബന്ധമായ അസ്വസ്‌ഥതകൾ ഇവയും സ്‌ത്രീ ഹോർമോണുകൾ കുറയുന്നതിന്റെ ഫലമായി ഉണ്ടാകാം.

ഈസ്‌ട്രജൻ സംരക്ഷണം നഷ്‌ടപ്പെടുന്നത്‌ അസ്‌ഥികളിലെ കാൽസ്യത്തിന്റെ അളവിനെയും  ഗണ്യമായി ബാധിക്കാറുണ്ട്‌. കൂടാതെ ഹൃദയ‐നാഡി സംബന്ധമായ രോഗങ്ങൾക്കും ഇത്‌ വഴിയൊരുക്കാറുണ്ട്‌. ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യതയും ഈ പ്രായത്തിൽ ഏറെയാണ്‌.

ആർത്തവവിരാമം നേരത്തെ എത്തിയാൽ
ആർത്തവവിരാമം മുൻകാലങ്ങളിൽ 45‐46 വയസ്സിൽ ആയിരുന്നു. ഇക്കാലത്ത്‌ പൊതുവേ 50‐55 വയസ്സുകളിലേക്ക്‌ ആർത്തവവിരാമം മാറിയിട്ടുണ്ട്‌. എന്നാൽ 40 വയസ്സിന്‌ മുമ്പ‌് ആർത്തവവിരാമമുണ്ടായാൽ അതിനെ ‘അകാല ആർത്തവവിരാമം’ എന്ന്‌ പറയുന്നു. ആർത്തവ വിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന അനുബന്ധ പ്രശ്‌നങ്ങൾ ഇവരിൽ കൂടുതലായിരിക്കും. അണ്‌ഡാശയങ്ങൾ നീക്കം ചെയ്‌തവരിലും പ്രായമെത്താതെ ആർത്തവവിരാമമുണ്ടാകും.

ആർത്തവവ്യതിയാനം  ‐ ശ്രദ്ധയോടെ
ആർത്തവവിരാമത്തിന്‌ മുന്നോടിയായി മാസമുറയിലും വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്‌. ചിലവരിൽ മാസമുറ പെട്ടെന്ന്‌ നിന്നുപോകും. ചിലരിലാകട്ടെ  രക്തസ്രാവം കുറഞ്ഞുകുറഞ്ഞ്‌ നിന്നുപോകുകയാണ്‌ ചെയ്യുക. 2‐3 മാസത്തിലൊരിക്കൽ ആർത്തവം വന്ന്‌ പിന്നീട്‌ വരാതിരിക്കുന്നവരും ഉണ്ട്‌. എന്നാൽ 2‐3 മാസം ആർത്തവം ഇല്ലാതിരുന്നിട്ട്‌ വളരെക്കൂടിയ അളവിൽ കൂടുതൽ ദിവസം രക്തസ്രാവം തുടരുക, 6 മാസത്തോളം ആർത്തവം ഇല്ലാതിരുന്നിട്ട്‌ വീണ്ടും ഉണ്ടാകുക, 55 വയസ്സിന്‌ ശേഷവും കൃത്യമായി മാസമുറ ഉണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർ പരിശോധനയ്‌ക്ക്‌ വിധേയരാകേണ്ടതുണ്ട്‌. ഇവർ ഗർഭാശയ മുഴ, അർബുദം, ഗർഭാശയകലകളുടെ അമിതവളർച്ച തുടങ്ങിയവയൊന്നുമില്ലെന്ന്‌ ഉറപ്പാക്കുകയും വേണം. പുറത്തുപറയാൻ മടിക്കുന്നവരും കുറച്ചുമാസം വരാതിരുന്നത്‌ കൊണ്ടുള്ള രക്തസ്രാവമാണെന്ന്‌ കരുതുന്നവരും തെറ്റായ പ്രവണത ഒഴിവാക്കി, പരിശോധിക്കുന്നതിലൂടെ പതിയിരിക്കുന്ന രോഗങ്ങളെ കണ്ടെത്താനാകും.

ഋതുവിരാമവും അസ്‌ഥികളുടെ ബലക്ഷയവും
എല്ലുകളിൽ കാൽസ്യം നിക്ഷേപം നടത്തുന്നതിലും പുതിയ അസ്‌ഥികോശങ്ങളുടെ നിർമാണത്തിലും സ്‌ത്രൈണഹോർമോണുകൾക്ക്‌ നല്ല പങ്കുണ്ട്‌. ഹോർമോൺ സംരക്ഷണം നഷ്ടപ്പെടുന്നതോടെ ഈ പ്രക്രിയ കാര്യക്ഷമമായി നടക്കാത്തതിനാൽ ആർത്തവ വിരാമശേഷം ചെറിയ വീഴ്‌ചകൾകൊണ്ടുപോലും സ്‌ത്രീകളിൽ പൊട്ടൽ, ഒടിവ്‌ ഇവയ്‌ക്കിടയാകാറുണ്ട്‌. നട്ടെല്ല്, കൈക്കുഴ, തുടയെല്ല് ഇവയിലാണ്‌ ഒടിവുകൾ കൂടുതൽ കാണുക. കാൽസ്യ സമ്പന്നമായ ഭക്ഷണശീലം ചെറുപ്രായം മുതൽ ശീലിച്ചവരിൽ ഇത്തരം പ്രശ്‌നങ്ങൾ തുലോം കുറവാണ്‌ എന്നതും പ്രത്യേകം ശ്രദ്ധയമാണ്‌.

ഹൃദ്രോഗവും ആർത്തവവിരാമവും
ആർത്തവ വിരാമത്തിന്‌ മുമ്പ‌് ഹൃദയത്തിനും രക്തക്കുഴലുകൾക്കും സംരക്ഷണം സ്‌ത്രൈണ ഹോർമോണുകൾ നൽകിയിരുന്നു. അതിനാൽ ഹൃദയസ്‌തംഭനം പുരുഷൻമാരെ അപേക്ഷിച്ച്‌ സ്‌ത്രീകളിൽ കുറവുമായിരുന്നു. എന്നാൽ ആർത്തവവിരാമത്തോടെ ഹോർമോൺ സംരക്ഷണം നഷ്ടപ്പെട്ട്‌ ഹൃദയസ്‌തംഭനനിരക്ക്‌ പുരുഷനും സ്‌ത്രീക്കും ഒരുപോലെയായിത്തീരുന്നു. നേരത്തെതന്നെ തുടങ്ങുന്ന ജീവിതശൈലീ ക്രമീകരണങ്ങളിലൂടെ ഇത്തരം പ്രശ്‌നങ്ങളുടെ കടന്നുവരവിനെ തടയാനാകും.

ഋതുവിരാമവും ലൈംഗിക ബന്ധവും
ഋതുവിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക മാനസിക മാറ്റങ്ങളാൽ സ്‌ത്രീകളിൽ നല്ലൊരുപങ്കും ലൈംഗികബന്ധത്തിൽ താൽപ്പര്യക്കുറവ്‌ കാണിക്കാറുണ്ട്‌. യോനിഭാഗത്തെ ഈർപ്പവും വികാസശേഷിയും കുറയുന്നതും തൊലി നേർത്തതാകുന്നതും ലൈംഗികബന്ധം വേദനാജനകമാക്കാറുണ്ട്‌. ലഘു ചികിൽസകളിലൂടെ ഇതിന്‌ പരിഹാരം കണാനാകും.

ഋതുവിരാമം ആഹ്‌ളാദകരമാക്കാം
 മാനസികോല്ലാസം പകരുന്ന പ്രവർത്തനങ്ങൾ, ശരിയായ ഭക്ഷണശീലങ്ങൾ, മിതമായ ശാരീരികാധ്വാനം, ലഘു വ്യായാമങ്ങൾ ഇവയിലൂടെ  ആർത്തവവിരാമത്തെ വിജയകരമായി തരണം ചെയ്യാനാകും. ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള അസ്വസ്‌ഥതകൾ താൽക്കാലികമാണെന്നും അണ്‌ഡാശയത്തിന്റെ പ്രവർത്തനരാഹിത്യത്തോട്‌ ശരീരം ക്രമേണ പൊരുത്തപ്പെടുമെന്നുമുള്ള തിരിച്ചറിവിലൂടെയാണ്‌ ഈ ഘട്ടത്തെ നേരിടേണ്ടത്‌.

നാടൻ ഭക്ഷണശീലങ്ങൾക്ക്‌ ഋതുവിരാമ അസ്വസ്‌ഥതകളെ നല്ലൊരുപരിധിവരെ തടയാനാകും. പ്രകൃതിദത്ത ഈസ്‌ട്രജൻ അടങ്ങിയ ജീരകം, പെരുംജീവകം, ഉലുവ, പയറുവർഗങ്ങൾ, ചേന, ചേമ്പ്‌, ഇവ ഉൾപ്പെട്ട നാടൻ ഭക്ഷണങ്ങൾ ഏറെ ഗുണം ചെയ്യും.

ശുദ്ധീകരിക്കാത്ത ധാന്യങ്ങൾ, മഞ്ഞൾ, പച്ചക്കറികൾ, പഴങ്ങൾ, ഇവയും നല്ല ഫലംതരും. ദേഷ്യം, കാരണങ്ങളൊന്നുമില്ലാതെ വിഷാദം ഒക്കെയുള്ളവർക്ക്‌ കുമ്പളങ്ങ പച്ചയ്‌ക്കോ കറിയാക്കിയോ ഉപയോഗിക്കുന്നത്‌ പ്രയോജനം ചെയ്യും. മൽസ്യം, കൊഴുപ്പ്‌ നീക്കിയ പാൽ, മത്തയില, മത്തപ്പൂ, റാഗി, മുരിങ്ങയില, തഴുതാമ, ചീര, ബീൻസ്‌ ഇവ ഭക്ഷണത്തിൽപ്പെടുത്തുന്നത്‌ കാൽസ്യത്തിന്റെ കുറവ്‌ നികത്താറുണ്ട്‌.

അമുക്കുരം, ശതാവരി, അശോകം, തുളസി, ചെമ്പരത്തി, ജീരകം, കുറുന്തോട്ടി, മഞ്ചട്ടി ഇവ അടങ്ങിയ ഔഷധങ്ങൾ ആർത്തവവിരാമഘട്ടത്തിൽ സാന്ത്വനമേകുന്നവയിൽ ചിലതാണ്‌. പിണ്‌ഡതൈലം, നാരായണതൈലം ഇവയിലേതെങ്കിലും തേച്ച്‌ കുളിക്കുന്നതും യോഗ, ധ്യാനം ഇവ ശീലമാക്കുന്നതും ആർത്തവവിരാമ പ്രശ്‌നങ്ങളെ ലഘൂകരിക്കാറുണ്ട്‌. ഒപ്പം കുടുംബാംഗങ്ങളുടെ പരിഗണനയും സ്‌നേഹവും ഇവയ‌്ക്ക്‌ കരുത്തേകും. ഇഷ്‌ടമുള്ള മേഖലകളിൽ സജീവമാകുന്നതും ആർത്തവവിരാമഘട്ടത്തെ ആഹ്ലാദഭരിതമാക്കും.

(മാന്നാർ കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയിൽ ഡോക്ടറാണ്‌ ലേഖിക)
                                     drpriyamannar@gmail.com


പ്രധാന വാർത്തകൾ
 Top