തൃക്കാക്കര തിരുവോണ ഉത്സവം കൊടിയിറങ്ങി

തൃക്കാക്കര തിരുവോണ ഉത്സവത്തിന്റെ ഭാഗമായി നടന്ന തിരുവോണസദ്യ
കളമശേരി
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ 10 ദിവസമായി നടന്ന ഓണം ഉത്സവം കൊടിയിറങ്ങി. ബുധൻ രാവിലെ 7.30ന് മഹാബലി എതിരേൽപ്പോടെയാണ് തിരുവോണദിന ആഘോഷച്ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സ്‌പെഷ്യൽ നാദസ്വരം, തവിൽ, പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടെ ഒമ്പത് ആന അണിനിരന്ന ശ്രീബലി നടന്നു. വൈകിട്ട് നാലിന് കൊടിയിറക്കി. തുടർന്ന് ആറാട്ടെഴുന്നള്ളിപ്പ്, കർപ്പൂരദീപക്കാഴ്ച, നിറമാല, ആകാശവിസ്മയക്കാഴ്ച എന്നിവയുണ്ടായി.
16,000 പേർ ഓണസദ്യയുണ്ടു
തൃക്കാക്കര ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവോണസദ്യ രാവിലെ 10ന് മന്ത്രി റോജി എം ജോൺ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മന്ത്രി വി ഇ അബ്ദുൾ ഗഫൂർ, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഹൈബി ഈഡൻ എംപി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇത്തവണ 16,000 പേർ തിരുവോണ സദ്യയുണ്ടതായാണ് കണക്ക്. തിരുവോണം ഓഡിറ്റോറിയത്തിൽ 10.30 ഓടെ ആരംഭിച്ച സദ്യ നാലുവരെ തുടർന്നു. ക്ഷേത്രം ഊട്ടുപുരയിൽ ബൊഫേയായും സദ്യ വിളമ്പി. അത്തംമുതൽ എല്ലാദിവസവും പായസമുൾപ്പെടെ അന്നദാനം നടന്നിരുന്നു. ദിവസേന നാലായിരത്തോളംപേർ അന്നദാനത്തിന് എത്തിയിരുന്നതായി ഉത്സവക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇത്തവണ കൊടിയേറ്റ് ദിവസം രാത്രി കൊടിയേറ്റ് സദ്യയുമുണ്ടായി. കൊടിയിറങ്ങിയ ദിവസവും രാത്രി സദ്യയുണ്ടായി. പഴയിടം മോഹൻനമ്പൂതിയുടെ മേൽനോട്ടത്തിലായിരുന്നു സദ്യയൊരുക്കിയത്.








0 comments