ശ്രീനാരായണഗുരു ജയന്തി ആഘോഷം ഇന്ന്

കൊച്ചി
വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ വെള്ളിയാഴ്ച ശ്രീനാരായണഗുരു ജയന്തി ആഘോഷിക്കും. എസ്എൻഡിപി യോഗം, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്, ഗുരുധർമ പ്രചാരണ സഭ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് രാവിലെമുതൽ വിശേഷാൽ ഗുരുപൂജകൾ, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, അന്നദാനം, ആത്മീയ പ്രഭാഷണം തുടങ്ങിയവ നടക്കും.
ആലുവ അദ്വൈതാശ്രമത്തിൽ രാവിലെ 4.30മുതൽ വൈകിട്ട് 6.30വരെ പ്രത്യേക പൂജകളും ഗുരുദേവ കൃതികളുടെ പാരായണം വിശേഷാൽ ദീപാരാധന, സമൂഹപ്രാർത്ഥന എന്നിവ നടക്കും. എസ്എൻഡിപി യോഗം ആലുവ, വടക്കൻ പറവൂർ, വൈപ്പിൻ, മൂവാറ്റുപുഴ യൂണിയനുകളിൽ ശാഖകളും പോഷകസംഘടനകളും സംയുക്തമായി അതത് കേന്ദ്രങ്ങളിൽ ഘോഷയാത്രയും പൊതുസമ്മേളനവും നടത്തും.
ആലുവ അദ്വൈതാശ്രമത്തിന്റെയും എസ്എൻഡിപി യോഗം ആലുവ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരത്തിൽ പകല്‍ മൂന്നിന് നടത്തുന്ന ഘോഷയാത്ര യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള 33ശാഖകളും സംയുക്തമായി നഗരത്തിൽ മഹാഘോഷയാത്രയും പൊതുസമ്മേളനവും നടത്തും.
വൈപ്പിൻ യൂണിയന്റെ നേതൃത്വത്തിൽ പകല്‍ മൂന്നിന് പള്ളത്താംകുളങ്ങരയിൽനിന്ന് ഘോഷയാത്ര പുറപ്പെട്ട് ചെറായി ഗൗരീശ്വരക്ഷേത്ര മൈതാനിയിൽ സമാപിക്കും.
പറവൂർ യൂണിയനിൽ ഒരുമാസക്കാലം നീണ്ടുനിന്ന ജയന്തി ആഘോഷങ്ങൾ സാംസ്കാരിക ഘോഷയാത്രയോടെ സമാപിക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്ര ട്രസ്റ്റിന്റേയും എസ്എൻഡിപി യോഗം കടവന്ത്ര ശാഖയുടേയും പോഷക സംഘടനകളുടേയും നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണ ജയന്തിദിനാഘോഷം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും.








0 comments