‘അവസാനത്തെ ടെസ്റ്റും പാസായി’; ശ്രീരാമനെ വിളിച്ച് മമ്മൂട്ടി, എനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് മറുപടി

മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ സന്തോഷമാണ് സോഷ്യൽ മീഡിയ മുഴുവൻ. താരം പൂർണ ആരോഗ്യം വീണ്ടെടുത്തതായി സ്ഥിരീകരണം വന്നതോടെ നിരവധി പേരാണ് ഫെയ്‌സ്‌ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ സന്തോഷ കുറിപ്പുകളുമായി രംഗത്തെത്തിയത്. അതിൽ നടൻ വി കെ ശ്രീരാമന്റെ കുറിപ്പാണ് ഇപ്പോൾ ചർച്ചാ വിഷയം.
ചികിത്സാർഥം ചെന്നൈയിലായിരുന്ന മമ്മൂട്ടിയുടെ പരിശോധനാ ഫലങ്ങൾ ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഇക്കാര്യം അപ്പോൾ തന്നെ മമ്മൂട്ടി വി കെ ശ്രീരാമനെ വിളിച്ചുപറയുകയും ചെയ്തു. ഇൗ ഫോൺ സംഭാഷണം കുറിപ്പ് രൂപത്തിൽ പുറത്തുവിടുകയായിരുന്നു ശ്രീരാമൻ.
മമ്മൂട്ടി വിളിച്ച് അവസാനത്തെ ടെസ്റ്റും പാസായി എന്ന് പറഞ്ഞതും അതിന് കൊടുത്ത മറുപടിയുമെല്ലാം ശ്രീരാമൻ ഫെയ്‌സ്‌ബുക്കിൽ എഴുതിയിട്ടുണ്ട്. ‘ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു’ എന്നായിരുന്നു അതിന് ശ്രീരാമന്റെ മറുപടി. തുടർന്ന് ‘ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ’ എന്ന് മമ്മൂട്ടി പറഞ്ഞ് നിർത്തുന്നിടത്താണ് കുറിപ്പ് അവസാനിക്കുന്നത്.
Related News
കുറിപ്പിന്റെ പൂർണരൂപം
നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?
"ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. "
കാറോ ?
"ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.
അപ്പ അവൻ പോയി..''
ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ
" എന്തിനാ?"
അവസാനത്തെ ടെസ്റ്റും പാസ്സായട
"ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. "
നീയ്യാര് പടച്ചോനോ?
"ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ"
...........
"എന്താ മിണ്ടാത്ത്. ?🤔"
ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.
🌧️ 🦅
യാ ഫത്താഹ്
സർവ്വ ശക്തനായ തമ്പുരാനേ
കാത്തു കൊള്ളണേ !









0 comments