കഥയുടെ അവസാന ഭാഗം പറയാതെ ടീച്ചർ, പൂർത്തിയാക്കി വിദ്യാർഥി, ക്ലൈാമാക്‌സ് ഇനി ഇതെന്ന് എഴുത്തുകാരൻ

ദേവമിത്ര
കയ്യൂർ: കയ്യൂരിലെ ഗവ. വിഎച്ച്‌എസ്‌എസിലെ അഞ്ചാം ക്ലാസിൽ സാമൂഹ്യ ശാസ്‌ത്ര പഠനം പുരോഗമിക്കുകയാണ്. അതിനിടയിൽ ഗീത ടീച്ചർ കുട്ടികൾക്കായി ഒരു കഥ പറഞ്ഞുകൊടുത്തു. അംബികാസുതൻ മാങ്ങാട് എഴുതിയ പ്രാണവായു എന്ന കഥ. എന്നാൽ അവിടെയൊരു ട്വിസ്റ്റുണ്ടായി. കഥയുടെ അവസാന ഭാഗം കുട്ടികൾക്ക് ടീച്ചർ പറഞ്ഞുകൊടുത്തില്ല. പകരം അവരോട് തന്നെ കഥ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു.
വിദ്യാർഥികൾ കഥ പൂർത്തിയാക്കി. എന്നാൽ ദേവമിത്ര എന്ന വിദ്യാർഥിയെഴുതിയ കഥ ആ ക്ലാസ് മുറിക്ക് പുറത്തേക്കെത്തി. അവിടെ നിന്ന് കഥാകാരനിലേക്കും.
പ്രാണവായു എന്ന കഥ അംബികാസുതൻ അവസാനിപ്പിക്കുന്നത് വേദനാജനകമായ ഒരു പര്യവസാനത്തോടെയാണ്. എന്നാൽ ദേവമിത്ര കഥ അവസാനിപ്പിക്കുന്നത് സന്തോഷകരമായ പര്യവസനാത്തോടെയാണ്. ദേവമിത്രയുടെ കഥ വായിച്ച എഴുത്തുകാരൻ തന്റെ ക്ലൈാമാക്‌സ് റദ്ദ് ചെയ്തപ്പെട്ടിരിക്കുന്നുവെന്നും ഇനി ദേവമിത്ര എഴുതിയ ഭാഗമായിരിക്കും കഥയുട അവസാനമെന്നും ഫെയ്‌സ്‌ബുക്കിലൂടെ പ്രഖ്യാപിച്ചു.
ദേവമിത്ര എഴുതിയ ക്ലൈമാക്‌സ്
വായുവില്ലാത്ത ലോകം ബാക്കി
അമ്മ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മുറിയിൽ പോയി വരുന്നത് കണ്ട് അച്ഛന്‍ ചോദിച്ചു. എവിടെ ഓക്സിജൻ സിലിണ്ടർ? അമ്മ കൈ നീട്ടി, കയ്യിൽ കുറച്ചു വിത്തുകൾ. അച്ഛന് ഒന്നും മനസ്സിലായില്ല. പിറ്റേന്ന് രാവിലെ അമ്മ എവിടെയോ പോകുന്നത് കണ്ടു. അച്ഛൻ ചോദിച്ചു എവിടെയാണ് പോകുന്നതെന്ന്. അമ്മ പറഞ്ഞത് മനസ്സിലാക്കാതെ അച്ഛനും കൂടെ പോയി. റോഡിനു സമീപത്തുള്ള മൺതിട്ടയിൽ അവർ ആ വിത്ത് നട്ടു. അടുത്തുള്ള ഒരു കടയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങിച്ച് നട്ട സ്ഥലത്ത് ഒഴിച്ചു. അച്ഛന് കാര്യങ്ങൾ എല്ലാം മനസ്സിലായി തുടങ്ങി. അച്ഛൻ ചോദിച്ചു 'നിനക്ക് ഇതാരാണ് പറഞ്ഞു തന്നത്'. എനിക്ക് എൻറെ അമ്മൂമ്മ പണ്ട് പറഞ്ഞിരുന്നു മരങ്ങൾ നട്ടുപിടിപ്പിച്ചാൽ നിറയെ ഓക്സിജൻ പുറം തള്ളുമെന്ന്. എല്ലാവർക്കും ഓക്സിജൻ നൽകുന്ന മരങ്ങളെ സ്വപ്നം കണ്ട് അവർ ഉറങ്ങി.
തുടരും....
അംബികാസുതൻ മാങ്ങാടിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്
❤️🌹 ദേവമിത്ര എന്ന അഞ്ചാം ക്ലാസ് കാരി എന്നെ ഞെട്ടിച്ചു. കയ്യൂർ G.V. H.H.സ്കൂളിലെ ടീച്ചർ ഗീത കുടജാദ്രി ആണ് കഥ അയച്ചു തന്നത്. ടീച്ചർ സാമൂഹ്യ ശാസ്ത്രo പഠിപ്പിക്കുമ്പോൾ എന്റെ പ്രാണവായു എന്ന കഥ പരിചയപ്പെടുത്തി. അവസാന ഭാഗം പറഞ്ഞു കൊടുത്തില്ലത്രെ! കുട്ടികൾക്ക് ആകാംക്ഷയായി. കഥ നിങ്ങൾ തന്നെ പൂർത്തിയാക്കു എന്ന് ടീച്ചർ ആവശ്യപ്പെട്ടപ്പോൾ ദേവമിത്ര എഴുതിയതാണ്. എത്ര ഉജ്വലമായിരിക്കുന്നു ! പ്രതിഭാശാലിയായ കുട്ടിയാണ് ദേവമിത്ര . എല്ലാ കഥകൾക്കുo അവസാനമുണ്ടല്ലോ. എന്നാൽ തുടരും എന്നു പറഞ്ഞു കൊണ്ടാണ് കഥ അവസാനിപ്പിച്ചിരിക്കുന്നത്. വിത്തുകൾ നട്ടാൽ കാലവും കഥയും തുടരുമല്ലോ..എന്റെ കഥയുടെ വേദനാജനകമായ പര്യവസാനം ഇതോടെ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു .നന്ദി ദേവമിത്ര.❤️🌹 ദേവ മിത്രയ്ക്ക് സമ്മാനമായി പ്രാണവായു എന്ന പുസ്തകം അയച്ചു കൊടുക്കുകയാണ്. ...അഭിനന്ദനങ്ങൾ മോളേ...👍👍❤️









0 comments