വയനാട് ദുരന്തം: ലീഗിൻ്റെ രണ്ടാം കല്ലിടലും പുതിയ പിരിവിൻ്റെ ചന്ദ്രോദയവും!

League stone laying
avatar
ഡോ. കെ ടി ജലീൽ

Published on Sep 03, 2025, 07:18 PM | 3 min read

105 വീടുകൾക്കും നിർമ്മാണാനുമതി കിട്ടി എന്നാണ് ലീഗ് നേതൃത്വത്തിൻ്റെ അവകാശവാദം. ആ പെർമിറ്റുകളുടെ കോപ്പികൾ വയനാട്ടിലെ പത്രക്കാരെയെങ്കിലും ഒന്നു കാണിച്ചാൽ നന്നാകും.


ഒന്നാം പാനിപട്ട് യുദ്ധം രണ്ടാം പാനിപ്പട്ട് യുദ്ധം എന്നൊക്കെ പറയും പോലെ, വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ ലീഗിൻ്റെ ഒന്നാം ശിലാസ്ഥാപനവും രണ്ടാം ശിലാസ്ഥാപനവും എന്നുകൂടി ചരിത്ര താളുകളിൽ ഭാവിയിൽ എഴുതിച്ചേർക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അഞ്ച് മാസങ്ങൾക്കു മുമ്പാണ് 105 വീടുകളുടെ ആദ്യ ശിലാസ്ഥാപനം സാദിഖലി തങ്ങൾ നടത്തിയത്. അദ്ദേഹത്തിൻ്റെ തന്നെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച ഫോട്ടോയുടെ സക്രീൻഷോട്ടാണ് ഇമേജിൽ ഒന്നാമത്തേത്. എന്നാൽ രണ്ടാമതും തറക്കല്ലിടൽ നടത്തിയതിൻ്റെ ചിത്രമാണ് രണ്ടാമത്തേത്. 105 വീടുകളുടെ നിർമ്മാണം തീരുമ്പോഴേക്ക് ഇനി എത്ര തറക്കല്ലിടൽ നാടകമാണാവോ കാണേണ്ടി വരിക?


105 വീടുകൾക്കും നിർമ്മാണാനുമതി കിട്ടി എന്നാണ് ലീഗ് നേതൃത്വത്തിൻ്റെ അവകാശവാദം. ആ പെർമിറ്റുകളുടെ കോപ്പികൾ വയനാട്ടിലെ പത്രക്കാരെയെങ്കിലും ഒന്നു കാണിച്ചാൽ നന്നാകും. 1,22,000 (ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം) രൂപയാണ് ആ പാവങ്ങൾക്ക് നൽകുന്ന ഒരു സെൻ്റ് ഭൂമിയുടെ വിലയെന്ന് കൂടി അവരോടു പറയാൻ ലീഗ് മറക്കരുത്. നാട്ടിലെ നടപ്പു വിലക്ക് ഭൂമി വാങ്ങിയിരുന്നെങ്കിൽ 11 ഏക്കർ സ്വന്തമാക്കാൻ ജനങ്ങളിൽ നിന്ന് പിരിഞ്ഞു കിട്ടിയ 41 കോടിയിൽ, ചുരുങ്ങിയത് 8 കോടിയെങ്കിലും ലാഭിക്കാമായിരുന്നു. 13 കോടിയിലധികമാണ് ഭൂമി വാങ്ങാൻ മാത്രം ലീഗ് പൊടിച്ചതെന്ന് ഓർക്കണം! ഈ പതിനൊന്ന് ഏക്കറിൽ ഒന്നര ഏക്കർ മാത്രമാണ് നിർമ്മാണ അനുമതിയുള്ള ഭൂമിയെന്നാണ് ജനസംസാരം. ബാക്കി ഒൻപതര ഏക്കർ തോട്ടഭൂമിയാണത്രെ.


400-ൽ പരം കുടുംബങ്ങൾക്ക് വീടും അനുബന്ധ സൗകര്യങ്ങളുമൊരുക്കാൻ 160 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. സർക്കാർ അതിനായി കോടതിയിൽ കെട്ടിവെച്ചതാകട്ടെ 43 കോടിയിൽ പരം രൂപയും. സെൻ്റിന് വെറും 23000 രൂപ. അതും കൽപ്പറ്റ അങ്ങാടിയിൽ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരത്ത്. ഇതൊന്നും പക്ഷെ ലീഗിന് ബാധകമല്ല. അവർക്ക് കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി എന്ന ഭാവമാണ്. ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ച പണം വിനിയോഗിക്കുന്ന കാര്യത്തിൽ യാതൊരു സൂക്ഷ്മതയും കുറച്ചു കാലമായി ലീഗ് കാണിക്കാറില്ല. ഏറ്റവും അവസാനം ലീഗ് നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിൽ ഇനിയും ധന സമാഹരണം വേണ്ടിവരുമെന്ന സൂചനയാണ് നൽകിയത്. പിരിച്ചും വകമാറ്റി ചെലവഴിച്ചും സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചും പൂതി തീരാത്ത പാർട്ടിയായി ലീഗ് മാറിയത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനു ശേഷമാണ്. "എല്ലാ പാപങ്ങളും പടച്ചവൻ പൊറുക്കും, ജനങ്ങളുടെ പണം അന്യായമായി ചെലവഴിക്കുകയും സ്വന്തം കാര്യങ്ങൾക്ക് അത് ഉപയോഗിക്കുകയും ചെയ്ത അപരാധമൊഴികെ'' എന്ന പ്രവാചക വചനം ലീഗ് നേതൃത്വം ഓർക്കുന്നത് നന്നാകും.


പണ്ട് അഖിലേന്ത്യാ ലീഗ് ഉണ്ടായിരുന്നപ്പോൾ മുസ്ലിംലീഗിന് കുറച്ച് പേടി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലീഗ് നേതാക്കൾ സമുദായ വിഷയങ്ങളിലും ഫണ്ട് പിരിവിലുമെല്ലാം ഒരളവോളം സൂക്ഷ്മത പാലിച്ചു. അഖിലേന്ത്യാ ലീഗും യൂണിയൻ ലീഗും യോജിച്ച് ഒറ്റപ്പാർട്ടിയായതോടെ ലീഗിലെ ജീർണ്ണതകൾ ഫലവത്തായി ചൂണ്ടിക്കാണിക്കപ്പെടാത്ത സ്ഥിതിയാണ് ഉണ്ടായത്. എല്ലാം തോന്നിയ പോലെയായി. വാളെടുത്തവരെല്ലാം ലീഗിൽ വെളിച്ചപ്പാടുകളായി. ആർക്കും ആരുടെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പറ്റാത്ത അവസ്ഥയായി. പുതിയ സാഹചര്യം ലീഗിനെ അപചയത്തിലേക്ക് നയിച്ചു. ഫണ്ട് പിരിവും മുക്കലും ലീഗ്-യൂത്ത് ലീഗ്-എംഎസ്എഫ് നേതാക്കൾക്ക് അത്യാകർഷകമായ വിനോദമായി. പല നേതാക്കളും നാട്ടുകാരുടെ പണം കൊണ്ട് കൊട്ടാരങ്ങൾ പണിതു. ബിസിനസ്സുകളിൽ പങ്കാളികളായി. വിലപിടിപ്പുള്ള വാഹനങ്ങളുടെ ഉടമസ്ഥന്മാരായി. ലക്ഷങ്ങളുടെ ഷെയറുകൾ എടുപ്പിച്ച് പ്രവാസികളെ കണ്ണീരുകുടിപ്പിച്ചു. യാതൊരു തത്വദീക്ഷയുമില്ലാതെ ആർഭാഢ ജീവിതം നയിച്ചു.


ലീഗിൻ്റെ ഡൽഹിയിലെ ആസ്ഥാനമന്ദിരത്തിന് വേണ്ടി നടത്തിയ പിരിവിൽ ഒരളവോളമെങ്കിലും ചെലവഴിക്കപ്പെട്ടത് യഥാസമയം ഞാനടക്കമുള്ളവർ ഉയർത്തിയ വിമർശനങ്ങളെ തുടർന്നാണ്. അല്ലെങ്കിൽ ആ പണി തീരാത്ത കെട്ടിടം പെയിൻ്റടിച്ച് ഉദ്ഘാടനം ചെയ്ത് കോടികൾ മിച്ചം വരുത്തി പതിവു പോലെ "വകമാറ്റൽ" നടത്തുമായിരുന്നു. ആപ്പ് ഉപയോഗിച്ചു പിരിച്ച പണത്തിൻ്റെ കണക്ക്, ആപ്പ് വഴി തന്നെ ലോകരെ അറിയിക്കാൻ ലീഗ് നേതൃത്വത്തിന് ബാദ്ധ്യതയുണ്ട്. നഷ്ടപ്പെടുന്ന വിശ്വാസ്യത വീണ്ടെടുക്കാൻ തീർച്ചയായും അത് പാർട്ടിയെ സഹായിക്കും. പള്ളി-മദ്രസ്സ കമ്മിറ്റികളുടെ ഭാരവാഹികളാകാൻ ലീഗിൻ്റെ പ്രാദേശിക നേതാക്കൾ മത്സരിക്കുന്നത് മതത്തോടുള്ള ആഭിമുഖ്യം കൊണ്ടല്ല. പണത്തോടുള്ള ആർത്തി കൊണ്ടാണ്. പല സ്ഥലങ്ങളിലും പള്ളികളുടെയും മദ്രസ്സകളുടെയും ലക്ഷക്കണക്കിന് വരുന്ന വരുമാനം 'പലിശ' നിഷിദ്ധമാണെന്ന് പറഞ്ഞ് ബാങ്കിൽ നിക്ഷേപിക്കില്ല. പ്രസിഡണ്ടും സെക്രട്ടറിയും ട്രഷറും സംഖ്യ വീതിച്ച് കൈവശം വെക്കും. ആ പണം കൊണ്ട് അവർ പറമ്പ് കച്ചവടം നടത്തി ലാഭമുണ്ടാക്കും. പലപ്പോഴും മതസ്ഥാപനങ്ങളുടെ ആവശ്യത്തിന് പണം കിട്ടാതെ വരും. എല്ലാവരും ഇത്തരക്കാരല്ല. പക്ഷെ, പലരും അങ്ങിനെയാണ്. മത സ്ഥാപനങ്ങളുടെ മേൽ ലീഗുകാർ പിടി മുറുക്കുന്നതും ഈ സൗകര്യം കണ്ടാണ്.



deshabhimani section

Related News

View More
0 comments
Sort by

Home