ad
Deshabhimani

വ്യാകരണപ്പിശാചുകളെ ഭയന്ന് സംസാരിക്കാതിരിക്കാന്‍ നമ്മൾക്കാകില്ല - വി ശിവദാസൻ എംപി എഴുതുന്നു

Sivadasan MP.jpg
വെബ് ഡെസ്ക്

Published on Dec 29, 2025, 07:22 PM | 5 min read

ആംഗലേയ ഭാഷയിൽ റഹീമിനെക്കാൾ മാത്രമല്ല പാർല്ലമെന്റിലെ പലരെക്കാളും പുറകിലായി സ്ഥാനമുള്ളയൊരാളാണ് ഞാൻ. അതുകൊണ്ടുമാത്രമായി ഞാനാരെക്കാളെങ്കിലും ചെറുതാണെന്ന് ഞാൻ ധരിക്കുന്നില്ല. ഭാഷാകോവിദരിൽ പലരെക്കാളും മികച്ചനിലയിൽ കർഷകന്റെയും തൊഴിലാളിയുടേയും ജീവിത ഭാഷ റഹീമും ഞാനുമുൾപ്പെടുന്ന കമ്മ്യൂണിസ്റ്റ്പാർടി പ്രതിനിധികൾക്ക് മനസിലാക്കാനാകുമെന്ന അഭിമാന ബോധമാണ് ഞങ്ങളെ നയിക്കുന്നത്. - വി ശിവ​ദാസൻ എംപി എഴുതുന്നു


ഫേസ്ബുക്ക് കുറിപ്പ്


ആംഗലേയഭാഷയും രാഷ്ട്രീയപ്രവർത്തനവും


രാഷ്ട്രീയപ്രവർത്തനം നടത്താൻ അമേരിക്കൻ സ്റ്റാൻഡേർഡ് ഇംഗ്ളീഷ് പരിജ്ഞാനം ആവശ്യമാണെന്ന് ധരിച്ച് വച്ചിരിക്കുന്നവരോട് ആദ്യമേയൊരു കാര്യം പറയുന്നു. നിങ്ങളുടെ അധമബോധം നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ഉല്പന്നമാണ്. ഞങ്ങളുടെ പ്രതികരണവും അതിനുള്ള ഭാഷയും ഞങ്ങളുടെ രാഷ്ട്രീയത്തിന്റെ സൃഷ്ടിയുമാണ്. ധരിക്കുന്ന വസ്ത്രത്തിന് രാഷ്ട്രീയമുണ്ടെന്ന് നമ്മളെ പഠിപ്പിച്ചവരിലൊരാളാണ് മഹാനായ ഗാന്ധി. പ്രയോഗിക്കുന്ന ഭാഷയുടെ രാഷ്ട്രീയത്തെക്കുറിച്ച് നമ്മളോട് സംസാരിച്ച മഹാനാണ് ഗ്രാംഷി. രണ്ടുപേരും നീണ്ടകാലം ജയിലറക്കുള്ളിലടക്കപ്പെട്ടവരായിരുന്നു.


നമ്മൾക്ക് നമ്മളുടെ ഭാഷ, നമ്മുടെ വർഗ്ഗത്തിന്റെ, തൊഴിലാളികളുടേയും കർഷകരുടെയും കുടിയിറക്കപ്പെട്ടവരുടേയും ആദിവാസിയുടേയും ദളിതന്റെയും അരികുവൽക്കരിക്കപ്പെട്ട എല്ലാ മനുഷ്യരുടേയും ജീവിതപ്രശ്നങ്ങൾ സാമൂഹ്യപ്രശ്നമായി ഉയർത്തിക്കൊണ്ടുവരാനുള്ളതാണ്. നമ്മളുടെ എതിരാളികൾക്കാകട്ടെ അവരുടെ ഭാഷ അതിനെയെല്ലാം മറച്ചുവെക്കാനുള്ളതാണ്. നമ്മളുടെ ഭാഷ രൂപപ്പെടുന്നത് നമ്മളുടെ എതിരാളികളുടെ ഭാഷ രൂപപ്പെട്ട സാഹചര്യത്തിൽ നിന്നും വിഭിന്നമായാണ്. അത് നമ്മളുടെ ജീവിതവഴിയുമായി ചേർന്നു രൂപപ്പെട്ടതും വികസിച്ചതുമാണ്. നമ്മൾ അതിസമ്പന്നരുടെ ജീവിതവഴിയിൽ ആംഗലേയ ഭാഷയിൽ റഹീമിനെക്കാൾ മാത്രമല്ല പാർല്ലമെന്റിലെ പലരെക്കാളും പുറകിലായി സ്ഥാനമുള്ളയൊരാളാണ് ഞാൻ. അതുകൊണ്ടുമാത്രമായി ഞാനാരെക്കാളെങ്കിലും ചെറുതാണെന്ന് ഞാൻ ധരിക്കുന്നില്ല. ഭാഷാകോവിദരിൽ പലരെക്കാളും മികച്ചനിലയിൽ കർഷകന്റെയും തൊഴിലാളിയുടേയും ജീവിത ഭാഷ റഹീമും ഞാനുമുൾപ്പെടുന്ന കമ്മ്യൂണിസ്റ്റ്പാർടി പ്രതിനിധികൾക്ക് മനസിലാക്കാനാകുമെന്ന അഭിമാന ബോധമാണ് ഞങ്ങളെ നയിക്കുന്നത്. അവരിൽ പലരും അനുഭവിച്ച സുഖസൗകര്യങ്ങളുടെ നൗകയിൽ യാത്രചെയ്തവരല്ല. വിദ്യാർത്ഥി ജീവിതത്തിന്റെ ആരംഭംമുതൽ സാമൂഹ്യപ്രശ്നങ്ങളുയർത്തി സമരം ചെയ്തവരാണ്, ജയിലിൽ കിടന്നവരാണ്.


പോലീസിന്റെയും രാഷ്ട്രീയ എതിരാളികളുടേയും മർദ്ദനങ്ങളെ എതിരിട്ടവരാണ്. അവിടെനിന്നും നമ്മൾ പഠിച്ച ഭാഷ, അറിയാവുന്ന ഭാഷയിൽ സത്യം വിളിച്ചുപറയാനും അത് ജനങ്ങളെ അറിയിക്കാനുമുള്ള ഭാഷയാണ്. പണ്ഡിതമൂഢരുണ്ടാക്കിയ വൃത്തങ്ങൾക്കകത്ത് ചുരുണ്ടുകിടന്നുറങ്ങാനും വ്യാകരണപ്പിശാചുകളെ ഭയന്ന് സംസാരിക്കാതിരിക്കാനും നമ്മൾക്കാകില്ല. വരേണ്യരും അവരുടെ നവമാധ്യമക്കൂലിയെഴുത്തുകാരും (നക്കൂകൾ) വിലയിരുത്തുന്ന ശരിതെറ്റുകൾ നമ്മളുടെ ശരിതെറ്റുകളുടെ വിപരീതമായിരിക്കും. ആംഗലേയ ഭാഷയിൽ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരുടെ പ്രതിനിധികൾ അവഹേളിക്കപ്പെടുകയും, കോൺഗ്രസ് നേതാവ് ശശിതരൂർ മോദി ആർഎസ്എസ് സ്തുതി നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാഷയെ പുകഴ്ത്താൻ മത്സരിക്കുകയും ചെയ്യുന്ന നവമാധ്യമക്കൂലിയെഴുത്തുകാരുടെ (നക്കൂകൾ) വലിയനിര ഈ നാട്ടിലുണ്ട്.

കേരളത്തിലെ സമുന്നതയായ രാഷ്ട്രീയനേതാക്കളിലൊരാളാണ് പികെ ശ്രീമതി ടീച്ചർ. എഴുപത്തിയഞ്ച് വയസ് പിന്നിട്ടയാളാണ്. ജനകീയ പ്രശ്നങ്ങൾ വിവിധ ഭാഷകളിൽ തനിക്ക് സാധ്യമാകുന്ന നിലയിൽ അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. രാജ്യത്തെ അംഗനവാടി വർക്കർമാരുടെ വേതനം നൽകാത്തതിനാൽ പാവപ്പെട്ട മനുഷ്യർ അനുഭവിക്കുന്ന ദുരിതമുൾപ്പെടെയുള്ള വിഷയങ്ങളാണ് ടീച്ചർ സംസാരിച്ചത്. എന്നാൽ ടീച്ചർ സംസാരിച്ച വിഷയം അവർക്ക് അശേഷം ഇഷ്ടപ്പെട്ടതായിരുന്നില്ല. അപ്പോൾ ടീച്ചറെ അവഹേളിക്കാനും ടീച്ചർ സംസാരിച്ച വിഷയത്തെ മറച്ചു പിടിക്കാനും അവർ കണ്ട ഉപാധിയാണ് ടീച്ചറുടെ ആംഗലേയ ഭാഷാവ്യാകരണത്തെ ചർച്ചചെയ്യിക്കുകയെന്നത്. ശ്രീമതി ടീച്ചർ പാർലമെന്റിനകത്തും പുറത്തും നടത്തിയ പ്രസംഗങ്ങൾ ഏതെങ്കിലും ഇംഗ്ലീഷ് പ്രസംഗമത്സരത്തിന്റെ ഭാഗമായുള്ളതായിരുന്നില്ല. അത് ജനജീവിത പ്രശ്നങ്ങൾ ജനങ്ങൾക്കുമുന്നിലേക്ക് അവതരിപ്പിക്കാനുള്ള ശ്രമംമാത്രമായിരുന്നു. എന്നാൽ യാതൊരു വിധത്തിലുള്ള മനോവേദനയുമില്ലാതെയാണ് നക്കൂകൾ പികെ ശ്രീമതി ടീച്ചറെ ആക്ഷേപിച്ചത്.



അതിന്റെ തുടർച്ചയാണ് സമീപദിവസങ്ങളിലായി എ എ റഹീം എംപിയെ അവഹേളിച്ചുകൊണ്ടുള്ള ഭാഷാ വ്യാകരണ വ്യുൽപ്പത്തി ഭിഷഗ്വര പാഷാണഭാഷണങ്ങൾ. ആംഗലേയഭാഷ'യരിയാത്തവരെ' ട്രോളിനടക്കുന്നവരുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ കാണുമ്പോൾ അത്തരക്കാരെക്കുറിച്ച്, അത്തരക്കാരുടെ മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ടത് ഇന്നത്തെക്കാലത്ത് ഏറെ പ്രസക്തമാണെന്ന് തോന്നുന്നു.


ആംഗലേയ ഭാഷയിൽ റഹീമിനെക്കാൾ മാത്രമല്ല പാർല്ലമെന്റിലെ പലരെക്കാളും പുറകിലായി സ്ഥാനമുള്ളയൊരാളാണ് ഞാൻ. അതുകൊണ്ടുമാത്രമായി ഞാനാരെക്കാളെങ്കിലും ചെറുതാണെന്ന് ഞാൻ ധരിക്കുന്നില്ല. ഭാഷാകോവിദരിൽ പലരെക്കാളും മികച്ചനിലയിൽ കർഷകന്റെയും തൊഴിലാളിയുടേയും ജീവിത ഭാഷ റഹീമും ഞാനുമുൾപ്പെടുന്ന കമ്മ്യൂണിസ്റ്റ്പാർടി പ്രതിനിധികൾക്ക് മനസിലാക്കാനാകുമെന്ന അഭിമാന ബോധമാണ് ഞങ്ങളെ നയിക്കുന്നത്. എനിക്കറിയാം, ഭാഷാപരിജ്ഞാനികളെന്ന ഭാവേന ട്രോളിനടക്കുന്ന നക്കൂകളോട് സംവാദം സാധ്യമാകില്ല. കാരണം അവർ വിലയ്ക്കെടുക്കപ്പെട്ടവരാണ്. അവരെ നയിക്കുന്നത് നീതി ബോധമല്ല, പണത്തോടുള്ള ആർത്തിമാത്രമാണ്. എന്നാൽ മനുഷ്യത്വം സൂക്ഷിക്കുന്ന നല്ലമനുഷ്യർ അബദ്ധത്തിൽ കുടിയിറക്കപ്പെട്ട മനുഷ്യന്റെ ജീവിതവ്യഥയെക്കാൾ മുകളിലായി ഭാഷാവ്യാകരണത്തെ പ്രതിഷ്ഠിച്ചുപോയിട്ടുണ്ടെങ്കിൽ അവരുമായി ജനാധിപത്യപരമായ സംവാദം സാധ്യവുമാണ്.


ഒരു വ്യക്തിയെ നാം വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ അടിസ്ഥാനമാക്കിയാണ്. രാഷ്ട്രീയ നിലപാടിലും അത് നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ഇടപെടലിലും പിശകുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. അത്തരം പിശകുകളെ ചർച്ചക്കുവിധേയമാക്കുന്നുണ്ടെങ്കിൽ അത് തെറ്റായകാര്യമല്ല. എന്നാൽ ഒരു മനുഷ്യന്റെ ഭാഷാപരിജ്ഞാനത്തെ അദ്ദേഹത്തെ വിലയിരുത്താനുളള ഉപാധിയാക്കിമാറ്റുന്നത് അങ്ങേയറ്റം വിവരക്കേടും ജനാധിപത്യവിരുദ്ധതയും മനുഷ്യവിരുദ്ധതയുമാണ്. അത്തരക്കാരിലെ അവിവേകികളോട് സഹതാപം മാത്രം. എന്നാൽ ബോധപൂർവ്വ രാഷ്ട്രീയനേട്ടത്തിനായി ട്രോൾ മെനയുന്നവരോട് കടുത്ത ഏറ്റുമുട്ടൽ അനിവാര്യവുമാണ്.



ഭാഷക്കൊരു രാഷ്ട്രീയമുണ്ട്. സംസ്കൃതമായിരുന്നു ഇന്നലെകളിൽ വരേണ്യരുടെ ഭാഷ. സംസ്കൃതം അറിയാത്തവരെ അധികാരസ്ഥാനങ്ങളിൽ മാത്രമല്ല പൊതുവിടങ്ങളിൽ എവിടെയും അടുപ്പിക്കുമായിരുന്നില്ല. ജനങ്ങളുടെ, സാധാരണക്കാരുടെ ഭാഷയായ പാലിയെ, വരേണ്യ ഭാഷയായ സംസ്കൃതത്തിനുമുകളിൽ പ്രതിഷ്ഠിച്ചാണ് ശ്രീബുദ്ധൻ തന്റെ ആശയപ്രചരണം നടത്തിയത്. ബഹുജനങ്ങളുടെ ഭാഷയെ തന്റെ തത്വശാസ്ത്ര പ്രചരണത്തിനുള്ള ഉപാധിയാക്കി അദ്ദേഹം മാറ്റിതീർക്കുകയായിരുന്നു. സംസ്കൃതത്തിൽ ശ്ലോകം ചൊല്ലി വാഗ്വാദത്തിലേർപ്പെടാൻ നോക്കിയ വ്യക്തിയോട് നമുക്ക് ജനങ്ങൾക്ക് മനസിലാകുന്ന മലയാളത്തിൽ തർക്കിക്കാമെന്ന് പറഞ്ഞ ശ്രീനാരായണ ഗുരു നമ്മളോട് പറഞ്ഞുവെച്ചതും ഭാഷയുടെ രാഷ്ട്രീയമാണ്.


ഇന്ത്യൻ ജനതയുടെ ഐതിഹാസിക സമര നായകനായ എകെജി അടിയന്തിരാവസ്ഥയുടെ കാലത്തെ ഭരണകൂട ഭീകരതയുടെ, കൊടിയ പോലീസ് വേട്ടയുടെ, അമ്പരപ്പിക്കുന്ന നാളുകളെ കുറിച്ച് വിവരിക്കുന്ന ഘട്ടത്തിൽ പാർലമെന്റിൽ പറഞ്ഞ ഒരു കാര്യമുണ്ട്, അത് ഇന്നും പ്രസക്തമാണ്, “ here I am speaking in broken English but I am speaking unbroken truth….”. ഞാൻ സംസാരിക്കുന്നത് ഉടഞ്ഞ ഇംഗ്ലീഷിലാണ്, എന്നാലത് ഉടയാത്ത സത്യമാണ്.”


ഇംഗ്ലീഷ് ഭാഷയിൽ വലിയ പാണ്ഡിത്യമില്ലാതിരുന്ന എകെജി തനിക്കറിയാവുന്ന അക്ഷരങ്ങളും വാക്കുകളും പതിതരായ മനുഷ്യന്റെ പടച്ചട്ടയാക്കി മാറ്റുകയായിരിന്നു. പാവപ്പെട്ട മനുഷ്യരെ ജനിച്ചു വീണ മണ്ണിൽ നിന്നും കുടിയിറക്കുമ്പോൾ എകെജി അരുതെന്ന് ആവർത്തിച്ച് ജനങ്ങൾക്ക് മുന്നിൽ നിന്നു. പാവപ്പെട്ടവന്റെ വീടുകൾ അടിച്ചുടയ്ക്കുമ്പോൾ എകെജി അരുതെന്നാവർത്തിച്ച് അവിടെങ്ങളില്ലെല്ലാമെത്തി. എന്നാൽ ഇന്ത്യയുടെ മതനിരപേക്ഷതയുടെ മഹാഗോപുരമായിരുന്ന ബാബരി മസ്ജിദ് തകർക്കുമ്പോൾ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന് പത്തിലധികം ഭാഷകളറിയാമായിരുന്നു. എന്നാൽ ഒരുഭാഷയിലും അരുതെന്ന് ആർഎസ്എസ് അക്രമിക്കൂട്ടത്തോട് പറയാൻ അദ്ദേഹത്തിന് ധൈര്യമുണ്ടായില്ല. അതാണ് എകെജിയുടെ പിൻമുറയുടെ ഭാഷയും നരസിംഹ റാവുവിന്റെ പിൻമുറയുടെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം. സാമൂഹ്യ ജീവിതത്തിലെ ഭാഷാ പ്രയോഗങ്ങൾ രാഷ്ട്രീയ സമീപനങ്ങളുടെ ഭാഗമാണെന്നതാണിത് കാണിക്കുന്നത്.


ഇന്ത്യയിലെ കോടിക്കണക്കായ മനുഷ്യരുടെ കുട്ടികൾക്ക് ഇപ്പോഴും വിദ്യാഭ്യാസം കേവലം സ്വപ്നം മാത്രമായാണ് നിൽക്കുന്നത്. ഇന്ത്യയിൽ, കേരളത്തിൽ ജനിച്ചുവെന്നതിനാൽ മാത്രം സ്കൂളുകളിൽ പോകാൻ അവസരം ലഭിച്ച തലമുറയിൽ പെട്ടവരാണ് നമ്മളിൽ പലരും. കേരളം രൂപീകരിക്കുന്നതിന് മുമ്പ് ജനിച്ചവരുടെ ഭാഷ അഥവാ കുടിയിറക്കൽ നിരോധന ഉത്തരവിന് മുമ്പുള്ള ഭാഷ, മിച്ചഭൂമി സമരാനന്തരം ജനിച്ചവരുടെ ഭാഷ, ഉദാര വൽക്കരണ നയത്തിനുശേഷം ജനിച്ചവരുടെ ഭാഷ എന്നിങ്ങനെ ഭാഷ വ്യത്യസ്തമായിരിക്കും. അത് ബ്രാന്മണ്യത്തിന്റെ ഭാഷ അഥവാ വരേണ്യന്റെ ഭാഷയും സാധാരണക്കരന്റെ ഭാഷയുമെല്ലാമായി വീണ്ടും കൈവഴികളായി പിരിയുന്നുണ്ട്. ഇംഗ്ലീഷായാലും മലയാളമായാലും ഭാഷ രൂപപ്പെടുന്നതും വികസിക്കുന്നതും എകശിലാത്മകമാണെന്ന് കരുതരുത്.


പതിതരായ മനുഷ്യർ, അവരുടെ മക്കൾ, അവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്നവർ ചരിത്രത്തിൽ വളരെയേറെ അപഹസിക്കപ്പെട്ടവരാണ്. പതിതരായ മനുഷ്യരുടെ മക്കൾക്ക് അക്കാഡമിക്ക് പഠനമെന്നത് പലവിധ വെല്ലുവിളികൾക്കിടയിൽ മാത്രം സാധ്യമാകുന്നതാണ്. അവർ അവരുടെ ഭാഷയെ രാകിമിനുക്കി എടുക്കുന്നത് ജീവിതാനുഭവങ്ങളിലൂടെയാണ്. നമ്മൾ വളരുന്ന ജീവിത സാഹചര്യം നമ്മുടെ ഭാഷയെ പ്രതി ഫലിപ്പിക്കും. അതുകൊണ്ടാണ് കർഷകതൊഴിലാലിയുടെ, മൽസ്യതൊഴിലാളിയുടെ കുടുംബത്തിൽ വളർന്ന കുട്ടിയുടെ ഭാഷ മനുവാദിയായ പൂജാരിയുടെ കുടുംബത്തിൽ വളർന്ന കുട്ടിയുടെ ഭാഷാരീതിയിൽ നിന്നും വിഭിന്നമായിരിക്കും. വരേണ്യരുടെ ഭാഷയാണ് ഏറ്റവും മികച്ചതെന്ന് ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അത്തരം വരേണ്യ ഭാഷ്യത്തോട് ഏറ്റുമുട്ടിമുട്ടിക്കൊണ്ടാണ് നമ്മൾ വളർന്നത്. കയ്യറുപിരിക്കുന്ന തൊഴിലാളിയുടെ, ചേറിൽ അദ്ധ്വാനിക്കുന്ന കർഷക തൊഴിലാളിയുടെ, മേലാകെ മീൻതൂളി നിറഞ്ഞ മത്സ്യ തൊഴിലാളിയുടെ, പത്രവിൽപ്പനക്കാരന്റെ, പാൽ വിൽപ്പനക്കാരന്റെ, മോട്ടോർ തൊഴിലാളിയുടെ മുടി മുറിക്കൽ തൊഴിലാളിയുടെ മക്കളുടെ ഭാഷ പ്രതിഫലിപ്പിക്കുന്ന ഭൂതകാലമുണ്ട്. നമ്മളുടെ ഭാഷ വരേണ്യർക്ക് പെട്ടെന്ന് മനസിലാകണമെന്നില്ല. അവർക്ക് മനസിലാകാത്തത് നമ്മുടെ തെറ്റായി അവതരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. നമ്മളുടെ ഭാഷ അവരുടെ കർണപുടങ്ങളിൽ പ്രതിധ്വനിക്കാൻ കോക്ലിയർ ഇംപ്ലാന്റ് ചെയ്തിട്ടൊന്നും കാര്യമില്ല. അതുമനസിലാക്കിയതുകൊണ്ടാണ് മർദ്ദിതരും പാവപ്പെട്ടവരുമായ മനുഷ്യരോട് “അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യൻ” എന്ന് കവി പാടിയത്.


പൊതുബോധത്തെ വരേണ്യവർഗ്ഗ രാഷ്ട്രീയം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നതിന് കുട്ടി കാലത്തെ അനുഭവംകൂടി ഇവിടെ പങ്കിടട്ടെ. വിളക്കോട് ഗവൺമെന്റ് യുപി സ്കൂളിൽ മൂന്നിലോ നാലിലോ പഠിക്കുമ്പോഴുണ്ടായ സംഭവമാണ്. ഞങ്ങളുടെ വീട്ടിന് സമീപത്തെ അക്കാലത്തെ സൂപ്പർമാർക്കറ്റുകളിലൊന്നെന്നത് അയമ്മദാജിക്കായുടേയും ആമൂക്കാന്റെയും പീടികകളാണ്. സ്കൂൾ വിദ്യാർത്ഥിയായ ഞാനും എന്റെ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയായ രാജനും ആമുക്കായുടെ പീടികകഴിഞ്ഞ് അയമദാജിക്കയുടെ ഹാജിക്കായുടെ പീടികയ്കക്കടുത്തെത്തുമ്പോൾ അവിടെയിരുന്നവരിലൊരാൾ ചോദിക്കുകയാണ്, ‘ഏതാണാ കുട്ടികൾ?’ ചായകുടിച്ച് രാഷ്ട്രീയചർച്ചക്ക് നേതൃത്വം നൽകുന്ന കുഞ്ഞിരാമേട്ടൻ ഉത്തരം പറഞ്ഞു, "ഒന്ന് നമ്മടെ ശംഭു മാഷിന്റെ മോനാണ്, മറ്റേത് മാധവീന്റെ ചെക്കനാണ്". അന്നുതന്നെ അതിലൊരു പന്തികേടെനിക്ക് തോന്നിയിരുന്നു. മോനും ചെക്കനുമായി കുട്ടികൾ വിലയിരുത്തപ്പെടുന്ന ഭാഷയും അതിന്റെ രാഷ്ട്രീയവും ഇന്നത്തെ ഇന്ത്യയിൽ എത്രമാത്രം ശക്തമാണെന്നതിന്റെ ഉദാഹരണമാണ് ട്രോളൻമാരായ നക്കൂകളുടെ ആംഗലേയ വ്യാകരണവിചാരണ.


പണ്ഡിത മൂണ്ടൻമാരെ നിങ്ങൾക്ക് നിങ്ങളുടെ വഴി.

നമ്മൾ നമ്മുടെ വഴിയിൽ സഞ്ചരിക്കും.

വി. ശിവദാസൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home