ad
Deshabhimani

ഗവർണറുടെ നയപ്രഖ്യാപനം രാഷ്ട്രീയ-ബൗദ്ധിക ദാരിദ്ര്യം പ്രകടമാക്കുന്നത്

Rajendra Arlekar Delivers Policy Address of VD Satheesan Government
വെബ് ഡെസ്ക്

Published on May 29, 2026, 06:13 PM | 3 min read

2026-ലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ അഞ്ച് വർഷത്തെ പ്രസംഗങ്ങളിലെ വികസന കാഴ്ചപ്പാടുകളിൽ നിന്നും രാഷ്ട്രീയ-ബൗദ്ധിക നിലവാരത്തിൽ നിന്നും വ്യക്തമായി പിന്നോട്ടുപോയ ഒന്നാണ്. മുൻവർഷങ്ങളിൽ കേരളത്തെ ഒരു മതനിരപേക്ഷ ബദലായി ശക്തമായി ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ, ഇത്തവണ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ വെറും ഔപചാരികത മാത്രമായി ഒതുങ്ങി. ജിഎസ്ടി നഷ്ടപരിഹാരവും കടമെടുപ്പ് നിയന്ത്രണവും ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ അസന്തുലിതാവസ്ഥയെയും കേരളം സുപ്രീം കോടതിയിൽ നടത്തിയ നിയമപോരാട്ടത്തെയും കുറിച്ചുള്ള ശക്തമായ രാഷ്ട്രീയ-സാമ്പത്തിക വിശകലനങ്ങൾ ഈ പ്രസംഗത്തിൽ ഇല്ലേയില്ല. നവകേരളം, വിജ്ഞാനസമ്പദ്‌വ്യവസ്ഥ തുടങ്ങിയ ഭാവിയെക്കുറിച്ചുള്ള വലിയ വികസന ഭാവനകൾക്ക് പകരം, നിലവിലുള്ള പദ്ധതികളുടെ തുടർച്ചകൾ മാത്രം വിവരിക്കുന്ന ഒരു ഭരണവകുപ്പിന്റെ വാർഷിക പുരോഗതി റിപ്പോർട്ടായി ഈ നയപ്രഖ്യാപനം ചുരുങ്ങിപ്പോയി :- സാമ്പത്തിക വിദഗ്ധൻ ആർ രാംകുമാർ എഴുതുന്നു


ഫേസ്ബുക്ക് കുറിപ്പ്


2026-ലെ കേരളത്തിലെ ഗവർണറുടെ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയപ്രഖ്യാപനങ്ങളുടെ രാഷ്ട്രീയ-ബൗദ്ധിക നിലവാരത്തിൽ നിന്നുമുള്ള വ്യക്തമായൊരു പിന്മാറ്റമാണെന്ന് പറയാതെ വയ്യ. വിവരങ്ങളുടെ എണ്ണത്തിലോ പദ്ധതികളുടെ പട്ടികയിലോ കുറവുള്ള പ്രസംഗമല്ല ഇത്. എന്നാൽ ഒരു നയപ്രഖ്യാപന പ്രസംഗത്തെ രാഷ്ട്രീയമായി പ്രസക്തമാക്കുന്നതും ബൗദ്ധികമായി സമ്പന്നമാക്കുന്നതുമായ ഘടകങ്ങളിൽ ഈ പ്രസംഗം ദുർബലമാണ്. 2021 മുതൽ 2025 വരെയുള്ള ഗവർണർമാരുടെ പ്രസംഗങ്ങൾ കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഒരു വിശാല രാഷ്ട്രീയ വ്യാഖ്യാനം മുന്നോട്ടുവെച്ചിരുന്നു. ഇന്ത്യൻ ഫെഡറലിസം, മതനിരപേക്ഷത, സാമൂഹിക നീതി, ക്ഷേമരാഷ്ട്രം, വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി വെല്ലുവിളികൾ, ആഗോള സാമ്പത്തിക മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര കാഴ്ചപ്പാട് അവയ്ക്കുണ്ടായിരുന്നു. 2026-ലെ പ്രസംഗം ആ തലത്തിൽ എത്തുന്നില്ല. അത് രാഷ്ട്രീയവിഷയങ്ങളെയും വ്യാഖ്യാനങ്ങളെയും മാറ്റിനിർത്തിയുള്ള ഭരണപരമായ ഒരു വാചകമടിയിലേക്ക് ചുരുങ്ങുന്നു.


മതനിരപേക്ഷതയെ സംബന്ധിച്ചാണ് 2026ലെ പ്രസംഗം ഏറ്റവും ദുർബലമായത്. കേരളത്തിന്റെ ആധുനിക ചരിത്രം സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ജാതിവിരുദ്ധ പോരാട്ടങ്ങളുടെയും മതനിരപേക്ഷ ജനാധിപത്യത്തിന്റെയും ചരിത്രമാണ്. ഈ ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിന്റെ വികസന മാതൃക രൂപപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ നയപ്രഖ്യാപന പ്രസംഗങ്ങൾ ഈ യാഥാർഥ്യത്തെ വ്യക്തമായി അംഗീകരിച്ചിരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ രാഷ്ട്രീയത്തിന്റെയും ഭരണഘടനാ മൂല്യങ്ങൾ നേരിടുന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ കേരളം ഒരു മതനിരപേക്ഷ ബദലാണെന്ന രാഷ്ട്രീയ സന്ദേശംമുൻപത്തെ പ്രസംഗങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ 2026-ലെ പ്രസംഗത്തിൽ ഈ ആശയം ഏതാണ്ട് അപ്രത്യക്ഷമാണ്. മതനിരപേക്ഷതയെ ഒരു കേന്ദ്ര രാഷ്ട്രീയ മൂല്യമായി ഈ സർക്കാർ അവതരിപ്പിക്കുന്നില്ല. ഭരണഘടനാ മൂല്യങ്ങളെയും ബഹുസ്വരതയെയും കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെങ്കിൽ പോലും അവ പ്രസംഗത്തിന്റെ രാഷ്ട്രീയ ദിശ നിർണ്ണയിക്കുന്ന ഘടകങ്ങളല്ല. ഇത് വെറും ഒരു ഒഴിവാക്കലായി ചുരുക്കാൻ കഴിയില്ല. മറിച്ച്, കേരളത്തിന്റെ രാഷ്ട്രീയ സ്വത്വത്തെ നിർവചിച്ചിരുന്ന ഒരു പ്രധാന ഘടകത്തിന്റെ പിൻവലിക്കലാണ്.


കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സമീപനത്തിലും സമാനമായ ദൗർബല്യം പ്രകടമാണ്. കഴിഞ്ഞ വർഷങ്ങളിലെ നയപ്രഖ്യാപന പ്രസംഗങ്ങൾ ഇന്ത്യൻ ഫെഡറലിസം നേരിടുന്ന പ്രതിസന്ധിയെ വ്യക്തമായി എടുത്ത് കാട്ടിയിരുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ ചുരുങ്ങുന്നതും കേന്ദ്രം ധനകാര്യ അധികാരങ്ങൾ കേന്ദ്രീകരിക്കുന്നതും കേരളത്തിന്റെ വികസനശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അവ ശക്തമായി വാദിച്ചിരുന്നു. ജിഎസ്ടി നഷ്ടപരിഹാരം, കടമെടുപ്പ് നിയന്ത്രണങ്ങൾ, കേന്ദ്ര നികുതി വിഹിതം, ഓഫ്-ബജറ്റ് കടങ്ങൾ സംബന്ധിച്ച നിയന്ത്രണങ്ങൾ, ക്ഷേമപദ്ധതികൾക്കുള്ള സാമ്പത്തിക പരിമിതികൾ തുടങ്ങിയ വിഷയങ്ങൾ വെറും ഭരണപരമായ പരാതികളായല്ല അവതരിപ്പിച്ചിരുന്നത്. മറിച്ച്, ഇന്ത്യൻ ഫെഡറൽ ഘടനയിലെ അസന്തുലിതാവസ്ഥയുടെ പ്രകടനങ്ങളായാണ് വിശദീകരിച്ചിരുന്നത്. 2026ലെ പ്രസംഗം ഈ വിശകലനത്തിന്റെ സ്പിരിറ്റും മൂർച്ചയും നഷ്ടപ്പെടുത്തുന്നു. കേന്ദ്രത്തിന്റെ ധനകാര്യ നയങ്ങൾ കേരളത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള സമഗ്രമായ രാഷ്ട്രീയ-സാമ്പത്തിക വാദം പ്രസംഗത്തിൽ ഇല്ലേയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളം സുപ്രീം കോടതിവരെ പോയി നടത്തിയ ധനകാര്യ അവകാശ പോരാട്ടത്തിന്റെ ഗൗരവം പോലും പ്രസംഗത്തിൽ പ്രതിഫലിക്കുന്നില്ല.


സാമ്പത്തിക വിശകലനത്തിന്റെ കാര്യത്തിലും 2026ലെ പ്രസംഗം മുൻകാല പ്രസംഗങ്ങളെ അപേക്ഷിച്ച് വ്യക്തമായി പിന്നിലാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നിരവധി ഘടനാപരമായ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. ജനസംഖ്യയുടെ വാർദ്ധക്യം, പ്രവാസി വരുമാനത്തിന്റെ ഭാവി, തൊഴിൽവിപണിയിലെ പരിവർത്തനങ്ങൾ, സേവനമേഖലയുടെ വളർച്ച, കാർഷിക മേഖലയിലെ പ്രതിസന്ധികൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ, വ്യവസായവൽക്കരണത്തിന്റെ പുതിയ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ കേരളത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നവയാണ്. മുൻകാല പ്രസംഗങ്ങൾ ഈ വിഷയങ്ങളെ ഒരു പരിധി വരെയെങ്കിലും അഭിമുഖീകരിച്ചിരുന്നു. 2026-ലെ പ്രസംഗം അതിന് ശ്രമിക്കുന്നില്ല. പദ്ധതികൾ പ്രഖ്യാപിക്കുന്നതും പദ്ധതികളുടെ പുരോഗതി വിവരിക്കുന്നതുമാണ് പ്രസംഗത്തിന്റെ പ്രധാന രീതി. എന്നാൽ സമൂഹത്തിൽ നടക്കുന്ന ആഴത്തിലുള്ള മാറ്റങ്ങളെ വിശദീകരിക്കാനോ അവയ്ക്ക് രാഷ്ട്രീയമായ അർത്ഥം നൽകാനോ പ്രസംഗം ശ്രമിക്കുന്നില്ല.


ഭാവിയെക്കുറിച്ചുള്ള ദർശനത്തിന്റെ കാര്യത്തിലും 2026ലെ പ്രസംഗം ദുർബലമാണ്. ഒരു നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രധാന ചുമതലകളിലൊന്ന് സർക്കാർ സമൂഹത്തെ ഏത് ദിശയിലേക്കാണ് നയിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുക എന്നതാണ്. 2021 മുതൽ 2025 വരെയുള്ള പ്രസംഗങ്ങളിൽ നവകേരളം, വിജ്ഞാനസമ്പദ്‌വ്യവസ്ഥ, ഡിജിറ്റൽ പരിവർത്തനം, ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ, ശാസ്ത്ര-സാങ്കേതിക വികസനം, സുസ്ഥിര വികസനം തുടങ്ങിയ ആശയങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു ദീർഘകാല വികസന ദർശനം ഉണ്ടായിരുന്നു. 2026-ലെ പ്രസംഗം ഈ തലത്തിൽ വളരെ പരിമിതമാണ്. നിലവിലുള്ള പദ്ധതികളുടെ തുടർച്ചയ്ക്കപ്പുറം കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു വലിയ സങ്കൽപ്പവും പ്രസംഗം അവതരിപ്പിക്കുന്നില്ല. വികസനത്തെക്കുറിച്ചുള്ള രാഷ്ട്രീയ ഭാവനയുടെ അഭാവം പ്രസംഗത്തിലുടനീളം പ്രകടമാണ്.


ഇതെല്ലാം ചേർത്ത് നോക്കുമ്പോൾ ഒരു അടിസ്ഥാന വ്യത്യാസം വ്യക്തമാണ്. മുൻകാല നയപ്രഖ്യാപന പ്രസംഗങ്ങൾ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ ഭാഷയിലാണ് എഴുതപ്പെട്ടിരുന്നത്. സാമൂഹിക മാറ്റങ്ങളെയും സാമ്പത്തിക നയങ്ങളെയും ഭരണഘടനാ ചോദ്യങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര വ്യാഖ്യാനം അവ നൽകിയിരുന്നു. 2026-ലെ പ്രസംഗം ഭരണനിർവഹണത്തിന്റെ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. എന്തെല്ലാം ചെയ്തു എന്നത് പറയുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് ചെയ്യുന്നത്, ആരുടെ താൽപര്യങ്ങൾക്കുവേണ്ടിയാണ് ചെയ്യുന്നത്, കേരളം നേരിടുന്ന പ്രധാന ചരിത്രപരമായ വെല്ലുവിളികൾ എന്തൊക്കെയാണ്, അവയെ എങ്ങനെ മറികടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നീ അടിസ്ഥാന ചോദ്യങ്ങൾക്ക് പ്രസംഗം മറുപടി നൽകുന്നില്ല.


അതിനാൽ 2026-ലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രധാന പരാജയം വിവരങ്ങളുടെ അഭാവമല്ല. മറിച്ച്, രാഷ്ട്രീയ ഉള്ളടക്കത്തിന്റെ അഭാവമാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും ഫെഡറൽ അവകാശങ്ങളെയും സാമൂഹിക-സാമ്പത്തിക പരിവർത്തനങ്ങളെയും ഭാവി വികസന ദർശനത്തെയും സമഗ്രമായി അവതരിപ്പിക്കുന്നതിൽ പ്രസംഗം പരാജയപ്പെടുന്നു. അതിന്റെ ഫലമായി ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനമാകേണ്ട രേഖ ഒരു ഭരണവകുപ്പിന്റെ വാർഷിക പുരോഗതി റിപ്പോർട്ടായി ചുരുങ്ങുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ നയപ്രഖ്യാപനങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ബൗദ്ധികവും രാഷ്ട്രീയവുമായ അധഃപതനമാണ്.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home