ad
Deshabhimani

13 കൊല്ലം മുൻപ് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയത് പി രാജീവ്; കല്ലിട്ടവർ പോലും മറന്നു; ഒടുവിൽ യാഥാർത്ഥ്യമാക്കിയത് എൽഡിഎഫ്

cochin cancer research centre p rajeev
വെബ് ഡെസ്ക്

Published on Feb 11, 2026, 02:08 PM | 4 min read

കൊച്ചി: അർബുദത്തിനോട്‌ പൊരുതുന്ന ആയിരക്കണക്കിനാളുകൾക്ക്‌ ആശ്വാസത്തണലാകുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (സിസിആർസി) കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു നേർസാക്ഷ്യമായിരുന്നു ഈ പദ്ധതിയും.


അർബുദ ചികിത്സയ്‌ക്ക് മധ്യകേരളത്തിൽ ഒരുകേന്ദ്രമുണ്ടാകണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവയ്‌ക്കുന്നത്‌ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ചെയർമാനും അന്നത്തെ എംപിയും ഇന്ന് മന്ത്രിയുമായ പി രാജീവ് ജനറൽ കൺവീനറുമായിരുന്ന കൊച്ചി നഗരവികസന സമിതിയാണ്. 2013ൽ, രാജ്യസഭാംഗമായിരുന്ന ഘട്ടത്തിൽ രാജ്യത്തിൻ്റെ അന്നത്തെ യുപിഎ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന് കൊച്ചിയിൽ നാഷണൽ കാൻസർ & റിസർച്ച് സെൻ്റർ ആരംഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമർപ്പിക്കുന്ന ചിത്രം പി രാജീവ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉൾപ്പെടെ നിരവധി പേർ അണിനിരന്നുവെങ്കിലും ആ ആവശ്യം യാഥാർത്ഥ്യമായില്ല. എങ്കിലും കൊച്ചിയിൽ ഒരു ക്യാൻസർ സെൻ്റർ എന്ന ആവശ്യത്തിൽ നിന്ന് ഇടതുപക്ഷം പിന്നാക്കം പോയ ഒരു നിമിഷം പോലും ഉണ്ടായില്ലെന്ന് പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം


2013ൽ, രാജ്യസഭാംഗമായിരുന്ന ഘട്ടത്തിൽ രാജ്യത്തിൻ്റെ അന്നത്തെ യുപിഎ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ശ്രീ. ഗുലാം നബി ആസാദിന് കൊച്ചിയിൽ നാഷണൽ കാൻസർ & റിസർച്ച് സെൻ്റർ ആരംഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമർപ്പിക്കുന്ന ചിത്രമാണിത്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉൾപ്പെടെ നിരവധി പേർ നമുക്കൊപ്പം അണിനിരന്നുവെങ്കിലും ആ ആവശ്യം യാഥാർത്ഥ്യമായില്ല.


എങ്കിലും കൊച്ചിയിൽ ഒരു ക്യാൻസർ സെൻ്റർ എന്ന ആവശ്യത്തിൽ നിന്ന് ഇടതുപക്ഷം പിന്നാക്കം പോയ ഒരു നിമിഷം പോലും ഉണ്ടായില്ല. കല്ലിട്ടവർ പോലും പദ്ധതി മറന്നുപോയെങ്കിലും 2016ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ കൊച്ചിൻ ക്യാൻസർ & റിസർച്ച് സെൻ്റർ യാഥാർത്ഥ്യമാക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.


ഏറ്റവും അത്യാധുനിക സൗകര്യങ്ങളുള്ള ക്യാൻസർ ആശുപത്രിയായിരിക്കും ഇടതുപക്ഷം ഇവിടെ കൊണ്ടുവരിക എന്ന് അന്നത്തെ ആരോഗ്യമന്ത്രി സ. കെ കെ ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. 2018ൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇടതുപക്ഷം വിഭാവനം ചെയ്ത കൊച്ചിൻ ക്യാൻസർ & റിസർച്ച് സെൻ്ററിന് തറക്കല്ലിട്ടു.


പല തടസങ്ങളുമുണ്ടായെങ്കിലും രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് കിഫ്ബി വഴി 450 കോടി രൂപ ചിലവഴിച്ച് പൂർത്തീകരിക്കാൻ സാധിച്ച ഈ പദ്ധതി ഞങ്ങളുടെ ഒരൂ ദശാബ്ദത്തിലധികം കാലത്തെ പ്രയത്നത്തിൻ്റെ പ്രതിഫലമാണ്. യൂണിയൻ ഗവണ്മെൻ്റ് പിന്തുണക്കാതിരുന്നിട്ടും അഭിമാനത്തോടെ ജനങ്ങൾക്ക് മുന്നിൽ പങ്കുവെക്കുന്ന കേരളത്തിൻ്റെ അഭിമാനസ്തംഭം..





ലോകോത്തര സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍


അർബുദ ചികിത്സാരംഗത്ത് ലോകോത്തര സൗകര്യങ്ങളുമായാണ് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ (സിസിആർസി) പൂർത്തിയായത്. ഉപകരണങ്ങള്‍ ഉള്‍പ്പെടെ 449 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ്‌ ഒന്പതുനില കെട്ടിടം. എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ 12.63 ഏക്കറിൽ 6.35 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള ഒന്പതുനില കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. 16 ലിഫ്റ്റ്‌, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കായി 12 ഓപ്പറേഷന്‍ തിയറ്ററുകളാണ്‌ സജ്ജീകരിച്ചിട്ടുള്ളത്‌. ഇതില്‍ ഒന്ന് ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്കുമാത്രമായി 10,000 ചതുരശ്ര അടി സ്ഥലമുണ്ട്. 360 കിടക്കകളുള്ള ക്യാൻസർ സെന്ററിൽ ആദ്യഘട്ടത്തിൽ 100 കിടക്കകളാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌. 159 പുതിയ തസ്‌തികകൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്‌.


Cochin Cancer research Center


സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ തുടങ്ങിയവയ്ക്ക് ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളുമുണ്ട്‌. എഐ സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തുന്നു. മികച്ച രൂപകൽപ്പനയ്‌ക്കുള്ള എഡ്ജ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന കേരളത്തിലെ ആദ്യ ആശുപത്രിക്കെട്ടിടമാണ്. വൈദ്യുതി പൂര്‍ണമായും സോളാര്‍ സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.


പി രാജീവിന്റെ കൈയൊപ്പ്‌ പതിഞ്ഞ പദ്ധതി


അഭിപ്രായ രൂപീകരണംമുതൽ ഓരോ പടിയിലും എംപിയായും മന്ത്രിയായുമൊക്കെ പി രാജീവിന്റെ കൈയൊപ്പ്‌ പതിഞ്ഞ പദ്ധതിയായിരുന്നു കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ (സിസിആർസി). അർബുദ ചികിത്സയ്‌ക്ക് മധ്യകേരളത്തിൽ ഒരു കേന്ദ്രം വേണമെന്ന ആവശ്യം കൊച്ചി നഗരവികസന സമിതിയാണ് ആദ്യം ഉന്നയിച്ചത്‌. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരായിരുന്നു സമിതി ചെയർമാൻ. അന്ന് എംപിയായിരുന്ന പി രാജീവായിരുന്നു ജനറൽ കൺവീനർ. തുടർന്ന് പ്രൊഫ. എം കെ സാനു, ഡോ. കെ ആർ വിശ്വംഭരൻ, ഡോ. സനൽകുമാർ തുടങ്ങിയവരെ അണിനിരത്തി സിസിആർസിയെ ജനകീയ ആവശ്യമാക്കി ഉയർത്തിക്കൊണ്ടുവന്നു. പി രാജീവ്‌ ഇ‍ൗ ആവശ്യം രാജ്യസഭയിലും ഉന്നയിച്ചു. അന്നത്തെ കേന്ദ്ര സർക്കാരിൽ എട്ട് മന്ത്രിമാർ കേരളത്തിൽനിന്നുള്ളവരായിരുന്നു. മന്ത്രിസഭയിൽ രണ്ടാമനായി എ കെ ആന്റണിയും. എന്നാൽ, ക്യാൻസർ സെന്ററിനോട്‌ കേന്ദ്ര ബജറ്റ്‌ മുഖംതിരിച്ചു. തുടർന്ന്‌ പി രാജീവിന്റെ നേതൃത്വത്തിൽ അന്നത്തെ ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനെ കണ്ട് ആവശ്യം ധരിപ്പിച്ചു. അദ്ദേഹം 45 കോടി വാഗ്ദാനം നൽകി. എന്നാൽ, സംസ്ഥാനം ഭരിച്ച യുഡിഎഫ്‌ സർക്കാർ കൃത്യസമയത്ത് പദ്ധതിരേഖ നൽകാത്തതിനാൽ അതും നഷ്ടമായി. ഇതിനെതിരെ കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ തെരുവിലിറങ്ങി.


ജനരോഷത്തെ തുടർന്ന്‌ 2014 ആഗസ്‌ത്‌ 19ന് യുഡിഎഫ്‌ സർക്കാർ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ കല്ലിട്ടു. ആളുകളിൽനിന്ന് പണം കടമായി സ്വരൂപിച്ച് ആശുപത്രി പണിയുമെന്നും ലാഭകരമാകുമ്പോൾ പലിശസഹിതം തിരിച്ചുനൽകുമെന്ന വ്യവസ്ഥയിൽ രണ്ടു വർഷംകൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു യുഡിഎഫ്‌ പ്രഖ്യാപനം. ഇത് പ്രായോഗികമല്ലെന്നും ആശുപത്രി ലാഭകരമാക്കണമെങ്കിൽ പാവങ്ങൾക്ക്‌ ഉയർന്ന ഫീസ് നൽകേണ്ടിവരുമെന്നും കൃഷ്‌ണയ്യർ പറഞ്ഞു.


കബളിപ്പിക്കാൻ ഇട്ട കല്ല്


എല്ലാവരേയും സാക്ഷിയാക്കി ആഘോഷമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കല്ലിട്ടെങ്കിലും ഒരു രൂപപോലും സെന്ററിന്‌ വകയിരുത്തിയില്ല. യുഡിഎഫ് കാലത്ത് സ്ഥാപിച്ച് ‘ചാണ്ടി സാറിന്റെ കല്ല്‌' എന്ന പരിഹാസപ്പേര് അതിന്‌ വീണു. കല്ല്‌ അവിടെക്കിടന്ന് കാടുമൂടി. ജനങ്ങളെ കബളിപ്പിച്ചതിൽ പ്രതിഷേധിച്ച് 2015 ആഗസ്‌തിൽ അന്നത്തെ പ്രതിപക്ഷം പി രാജീവിന്റെ നേതൃത്വത്തിൽ കാടുമൂടിയ ക്യാൻസർ സെന്റർ തറക്കല്ലിന് റീത്ത് സമർപ്പിച്ചു.


വളർന്നത് മുഖ്യമന്ത്രി സ്ഥാപിച്ച കല്ല്


2016ൽ എൽഡിഎഫ്‌ സർക്കാർ ചുമതലയേൽക്കുകയും ക്യാൻസർ സെന്റർ ഐപി വിഭാഗം ഉദ്ഘാടനം ചെയ്തു. 2018ൽ കിഫ്ബി വഴി 345 കോടി രൂപ വകയിരുത്തി പദ്ധതി പുനരുജ്ജീവിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു.


cochin cancer research centre


എന്നാൽ, നിർമാണത്തിനിടെ പോർട്ടിക്കോ ഇടിഞ്ഞുവീണ്‌ നിയമക്കുരുക്കിൽപ്പെട്ടു. 2021ൽ പി രാജീവ് എംഎൽഎയും മന്ത്രിയായതോടെ പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണം ത്വരിതഗതിയിൽ മുന്നേറി. ആധുനിക നിലവാരത്തോടെ കെട്ടിടവും നൂതന ഉപകരണ, യന്ത്ര സംവിധാനങ്ങളും ഒരുങ്ങി. കൂട്ടിരിപ്പുകാർക്കായി ബിപിസിഎൽ 12 കോടി ചെലവിൽ അമ്നിറ്റി സെന്ററും പൂർത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home