അബദ്ധത്തിൽ 10,000 രൂപ അയച്ചു; തിരികെ നൽകിയ ഊബർ ഡ്രൈവർക്ക് പ്രശംസയുമായി യുവാവ്

പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: ഓൺലൈൻ പണമിടപാട് തട്ടിപ്പുകൾ വർദ്ധിക്കുന്ന കാലത്ത് സത്യസന്ധതയുടെ വേറിട്ടൊരു കഥയാണ് ഒഡീഷയിൽ നിന്ന് പുറത്തുവരുന്നത്. ഭുവനേശ്വറിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ദേബാശിഷ് ത്രിപാഠിക്ക് അബദ്ധത്തിൽ നഷ്ടപ്പെട്ട 10,000 രൂപ ഊബർ ഡ്രൈവർ നേരിട്ടെത്തി തിരികെ നൽകിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. ഡ്രൈവറുടെ പെരുമാറ്റത്തിൽ താൻ സന്തുഷ്ടയാണെന്ന് ദേബാശിഷ് എക്‌സിൽ കുറിച്ചു.
ഒരു യാത്രയ്ക്ക് ശേഷം തന്റെ ബിസിനസ്സ് കോൺടാക്റ്റിലേക്ക് അയക്കേണ്ട തുക ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ദേബാശിഷ് അബദ്ധത്തിൽ കൈമാറുകയായിരുന്നു. രണ്ടിടത്തും ഒരേ പേരായതാണ് തെറ്റാൻ കാരണമായത്. ആപ്പ് വഴി ഡ്രൈവറെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ പണം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം ഉറപ്പിച്ചു. എന്നാൽ അന്നുരാത്രി 9:30-ഓടെ തന്റെ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി വിളിച്ചപ്പോഴാണ് ഡ്രൈവർ തന്നെ തേടി തിരിച്ചെത്തിയ വിവരം ദേബാശിഷ് അറിയുന്നത്.
ശ്രീകാന്ത് എന്ന ഡ്രൈവർ തന്റെ വീട്ടിലെത്തി പണം മുഴുവൻ തിരികെ നൽകി. ഇതിന് പ്രത്യുപകാരമായി ദേബാശിഷ് നൽകിയ പാരിതോഷികം പോലും വാങ്ങാൻ അദ്ദേഹം ആദ്യം വിമുഖത കാണിച്ചു. തനിക്ക് അപരിചിതനായ ഒരാൾക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ട് സഹിച്ച ഡ്രൈവറുടെ സത്യസന്ധതയെ ദേബാശിഷ് അഭിനന്ദിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ കുറിപ്പ് കണ്ടത്.
'ഒരേ പേരായതിനാൽ ബിസിനസ്സ് കോൺടാക്റ്റിന് പകരം ഡ്രൈവർക്ക് അബദ്ധത്തിൽ 10,000 രൂപ അയച്ചുപോയി. പണം തിരികെ കിട്ടില്ലെന്നാണ് ഞാൻ കരുതിയത്'. ഊബർ ഡ്രൈവർ എന്നെ തേടി തിരികെ വരികയും മുഴുവൻ പൈസയും മടക്കി നൽകുകയും ചെയ്തു! അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് പാരിതോഷികം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ പോലും തയ്യാറായില്ല'.
'ഇക്കാലത്ത് ഇത്തരം സത്യസന്ധത കാണുന്നത് അപൂർവ്വമാണ്. എനിക്ക് അപരിചിതനായ ആ മനുഷ്യനോട് വലിയ നന്ദിയുണ്ട്' ദേബാശിഷ് കുറിച്ചു.











0 comments