വാക്കേ.. വാക്കാണല്ലോ പ്രധാനം; പന്തയം തോറ്റു, ലോഗോ മാറ്റി നോർവീജിയൻ എയർലൈൻസ്

ന്യൂയോർക്ക്: ഫുട്ബോൾ ലോകകപ്പ് ആരാധകർ തമ്മിലുള്ള പന്തയങ്ങൾ കൊണ്ട് എല്ലായിപ്പോഴും സമ്പന്നമാണ്. ഇത്തരത്തിൽ രണ്ട് രാജ്യങ്ങളുടെ എയർലൈൻസ് തമ്മിലുള്ള പന്തയമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച. ഇംഗ്ലണ്ട് - നോര്‍വേ ക്വാര്‍ട്ടറില്‍ നോര്‍വെ പരാജയപ്പെട്ടാല്‍ തങ്ങളുടെ പ്രൊഫൈല്‍ ലോഗോ മാറ്റി ബ്രിട്ടീഷ് എയര്‍വേസ് ലോഗോ ആക്കുമെന്ന് നോര്‍വീജിയന്‍ എയര്‍ലൈനാണ് പന്തയം വച്ചത്. ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെ വാക്ക് പാലിച്ച നോർവീജിയൻ എയർലൈൻസ് പ്രൊഫൈൽ ചിത്രം ബ്രിട്ടിഷ് എയർവേയ്സ് ലോഗോ ആക്കുകയായിരുന്നു.
ക്വാർട്ടർ മത്സരങ്ങള്‍ക്ക് മുമ്പാണ് നോർവീജിയൻ എയർലൈൻസും ബ്രിട്ടിഷ് എയർവേയ്സും സമൂഹമാധ്യമത്തിൽ കൊമ്പുകോർത്തത്. മത്സരത്തിൽ നോർവെ വിജയിച്ചാൽ ബ്രിട്ടിഷ് എയർവേയ്സിന്റെ സമൂഹമാധ്യമ അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ചറായി തങ്ങളുടെ ബ്രാൻഡ് ലോഗോ വയ്ക്കണമെന്നതായിരുന്നു വെല്ലുവിളി. എന്നാൽ നോർവെ ഇംഗ്ലണ്ടിനോട് പൊരുതി തോറ്റതോടെ നോർവീജിയൻ എയർലൈൻസ് വാക്ക് പാലിച്ചു.

നോർവെയുടെ ടൂർണമെന്റ് അവസാനിച്ചെങ്കിലും ഈ സൗഹൃദ പന്തയം എല്ലാവരുടെയും ഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്നും ഇംഗ്ലണ്ടിന് കിരീടം നേടാൻ കഴിയട്ടെയെന്നും നോർവീജിയൻ എയർലൈൻസ് കുറിച്ചു. സൗഹൃദ പന്തയത്തിൽ നന്ദിയും അറിയിച്ച ബ്രിട്ടിഷ് എയർവേയ്സ്, നോർവേ നന്നായി കളിച്ചെന്നും കുറിച്ചു.
ഉദ്വേഗഭരിതമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നോർവെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇംഗ്ലണ്ട് 2026 സെമി ഫൈനലിൽ പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ, സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് നാടകീയ വിജയം സമ്മാനിച്ചത്. സെമിയിൽ അർജന്റീനയാണ് ഇംഗ്ലണ്ടിന്റെ എതിരാളി.











0 comments