കൊല്ലം ഇഎസ്ഐ മെഡിക്കൽ കോളേജ്: എൻ കെ പ്രേമചന്ദ്രൻ്റെ ആരോപണം രാഷ്ട്രീയ നാടകം; വസ്തുതകൾ നിരത്തി കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എൻ കെ പ്രേമചന്ദ്രൻ, കെ ജെ ജേക്കബ്
തിരുവനന്തപുരം: കൊല്ലത്ത് ഇഎസ്ഐ മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു എന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ആരോപണം വെറും രാഷ്ട്രീയ നാടകമാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്. 600 കോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ അലമ്പാക്കിയെന്ന എംപിയുടെ വാദത്തിലെ പൊള്ളത്തരം നാൾവഴികൾ നിരത്തിയാണ് കെ ജെ ജേക്കബ് ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നത്.
2025 ജൂണിൽ തീരുമാനമെടുത്ത പദ്ധതിക്ക് അപേക്ഷ നൽകാൻ കേന്ദ്രത്തിന് കീഴിലുള്ള ഇഎസ്ഐ കോർപ്പറേഷൻ ആറുമാസമാണ് വൈകിപ്പിച്ചത്. നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ച അവസാന തീയതിയും കഴിഞ്ഞ് ജനുവരിയിലാണ് ഇഎസ്ഐ അപേക്ഷ സമർപ്പിച്ചത്. അപേക്ഷ കിട്ടിയ ഉടൻ തന്നെ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ അയച്ച് പരിശോധന നടത്തിയെങ്കിലും മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അവിടെ ഇല്ലെന്നാണ് കണ്ടെത്തിയത്.
നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന 300 കിടക്കകൾ, ക്ലിനിക്കൽ സൗകര്യങ്ങൾ, അംഗീകൃത ബിൽഡിംഗ് പ്ലാൻ എന്നിവ ആശുപത്രിയിൽ ഉണ്ടെന്ന് സംസ്ഥാന സർക്കാർ സാക്ഷ്യപ്പെടുത്തുന്ന രേഖയാണിത്. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇഎസ്ഐ പരാജയപ്പെട്ടാൽ ഭാവിയിൽ അവിടെ പഠിക്കുന്ന കുട്ടികളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ തലയിലാകും. പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ മുൻപ് ഇത്തരത്തിൽ സംസ്ഥാന സർക്കാരിനെ കുടുക്കിയ ചരിത്രം ഇഎസ്ഐയ്ക്കുണ്ടെന്നും പോസ്റ്റ് ഓർമ്മിപ്പിക്കുന്നു.
വൈകിപ്പിച്ചത് ഇഎസ്ഐ കോർപ്പറേഷൻ: പദ്ധതിയുടെ നാൾവഴികൾ പരിശോധിച്ചാൽ വീഴ്ച കേന്ദ്രത്തിന് കീഴിലുള്ള ഇഎസ്ഐ കോർപ്പറേഷനാണെന്ന് വ്യക്തമാകും:
ജൂൺ 2025: സിംലയിൽ ചേർന്ന ഇഎസ്ഐ ബോർഡ് യോഗം മെഡിക്കൽ കോളേജിന് തത്വത്തിൽ അംഗീകാരം നൽകി.
ജനുവരി 2026: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി (സെപ്റ്റംബർ 30) കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് ഇഎസ്ഐ സർക്കാരിന് അപേക്ഷ നൽകിയത്.
സർക്കാർ നടപടി: അപേക്ഷ കിട്ടി രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ വിദഗ്ധ സംഘത്തെ അയച്ചു. എന്നാൽ മെഡിക്കൽ കമ്മീഷൻ അനുശാസിക്കുന്ന സൗകര്യങ്ങൾ അവിടെ ഇല്ലെന്ന് സംഘം റിപ്പോർട്ട് നൽകി.
നിലവിലെ തടസ്സം: കുറവുകൾ പരിഹരിക്കാനുള്ള കൃത്യമായ പ്ലാൻ സർക്കാർ ആവശ്യപ്പെട്ടിട്ടും ഇഎസ്ഐ അധികൃതർ ഇതുവരെ അത് നൽകിയിട്ടില്ല. ഈ പ്ലാൻ കിട്ടിയാൽ ഉടൻ സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തയ്യാറാണെന്നും പോസ്റ്റിൽ പറയുന്നു.
ആവശ്യമായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താതെ 'എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്' നൽകിയാൽ ഭാവിയിൽ കുട്ടികളുടെ പഠനമടക്കമുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ തലയിലാകും.
സൗകര്യമില്ലാത്ത ആശുപത്രിക്ക് സർക്കാർ സർട്ടിഫിക്കറ്റ് നൽകിയാൽ, "അഴിമതി നടത്തി" എന്ന് പറഞ്ഞു പിറ്റേന്ന് തന്നെ ഇതേ എംപി രംഗത്തുവരുമെന്നും കെ ജെ ജേക്കബ് കുറിക്കുന്നു. മുൻപ് കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറയ്ക്കുമോ എന്ന് പാർലമെന്റിൽ ചോദിച്ച പാർട്ടിയുടെ എംപിയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും "ഡബിൾ എൻജിൻ എംപി" ഉള്ള കൊല്ലംകാർ അടിപൊളിയാണെന്നും പോസ്റ്റ് പരിഹസിക്കുന്നു.
കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ ബിജെപി പ്രതിരോധത്തിലായ സമയത്ത് അവരെ സഹായിക്കാനാണ് എംപി ഇത്തരം വ്യാജപ്രചാരണം നടത്തുന്നതെന്ന് കെ ജെ ജേക്കബ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ തനിക്കുണ്ടായ വീഴ്ച സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് എൻ കെ പ്രേമചന്ദ്രൻ ശ്രമിക്കുന്നത്. മുമ്പ് അതിദാരിദ്ര്യമുക്ത കേരളം പദ്ധതി നടപ്പിലാക്കിയപ്പോൾ കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറയ്ക്കണമോ എന്ന് പാർലമെന്റിൽ ചോദിച്ച അതേ രാഷ്ട്രീയമാണ് എംപി ഇപ്പോഴും പയറ്റുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റ് പരിഹസിക്കുന്നു.










0 comments