മാമാങ്കമല്ലല്ലോ, സംവാദമല്ലേ?; പകരം ആളെ വിടാമെന്ന് പറഞ്ഞ ചെന്നിത്തലയോട് മന്ത്രി എം ബി രാജേഷ്

mb rajesh  ramesh chennithala
വെബ് ഡെസ്ക്

Published on Feb 19, 2025, 07:21 PM | 2 min read

തിരുവനന്തപുരം: പാലക്കാട്‌ കഞ്ചിക്കോട്‌ എഥനോൾ നിർമാണ പ്ലാന്റുമായി ബന്ധപ്പെട്ട സംവാദത്തിൽ നിന്നൊഴിഞ്ഞ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തന്ത്രം തുറന്നുകാട്ടി മന്ത്രി എം ബി രാജേഷ്. തനിക്ക് പകരം പാലക്കാട് എം പി പങ്കെടുക്കുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. പകരം മറ്റൊരാളെ നിയോഗിക്കാൻ ഇത് മാമാങ്കമല്ലല്ലോ, സംവാദമല്ലേയെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.


'സ്പിരിറ്റ് നിർമാണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദ്യം ആരോപണം ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണ്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശനും ആരോപണവുമായി രംഗത്തുവന്നു. സംവാദത്തിന് ഇവരിൽ ആരെങ്കിലും വരുന്നതല്ലേ മര്യാദ? ഞങ്ങൾക്ക് പകരം വേറെ ഒരാളെ അയയ്ക്കാം എന്ന് പറയുന്നത് എന്ത് മര്യാദയാണ്? ഇവർ രണ്ടുപേരും, ഇവർ നിയോഗിക്കാം എന്ന് പറയുന്നയാളും ഒരുമിച്ച് വരട്ടെ. അതിനും വിരോധമില്ല.


തിങ്കളാഴ്ച അവിടം സന്ദർശിക്കാൻ പ്രതിപക്ഷത്ത് നിന്ന് ഒരാള് പോലും വന്നില്ല. എനിക്കൊപ്പം അവിടെ വന്ന മാധ്യമപ്രവർത്തകർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങൾക്കും ശേഷമാണ്, തനിക്ക് പകരം മറ്റൊരാൾ ഗോദയിൽ ഇറങ്ങുമെന്ന ഈ പുതിയ നമ്പർ.'- എം ബി രാജേഷ് പറഞ്ഞു.


ഫെയ്സ്ബുക്ക് കുറിപ്പ്


എന്നോടുള്ള സംവാദത്തിന് തനിക്ക് പകരം പാലക്കാട് എം പി പങ്കെടുക്കുമെന്ന് ശ്രീ. രമേശ് ചെന്നിത്തല പറഞ്ഞതായി അറിഞ്ഞു. സ്പിരിറ്റ് നിർമ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദ്യം ആരോപണം ഉന്നയിച്ചത് ശ്രീ. രമേശ് ചെന്നിത്തലയാണ്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് ശ്രീ. വി ഡി സതീശനും ആരോപണവുമായി രംഗത്തുവന്നു. ഇരുവരും മത്സരിച്ച് ആരോപണം ഉന്നയിക്കുകയും പിന്നീട് ഒരുമിച്ച് വാർത്താസമ്മേളനം നടത്തുകയും ചെയ്തു. സംവാദത്തിന് ഇവരിൽ ആരെങ്കിലും വരുന്നതല്ലേ മര്യാദ? ഞങ്ങൾക്ക് പകരം വേറെ ഒരാളെ അയയ്ക്കാം എന്ന് പറയുന്നത് എന്ത് മര്യാദയാണ്? ഇവർ രണ്ടുപേരും, ഇവർ നിയോഗിക്കാം എന്ന് പറയുന്നയാളും ഒരുമിച്ച് വരട്ടെ. അതിനും വിരോധമില്ല.


വിഷയം നിയമസഭയിൽ ഉന്നയിക്കാൻ, അടിയന്തിര പ്രമേയം കൊണ്ടുവരാൻ ആദ്യം തന്നെ ഞാൻ വെല്ലുവിളിച്ചതാണ്. ചില ന്യായങ്ങൾ പറഞ്ഞ് അതിൽ നിന്ന് അവർ ഒഴിഞ്ഞുമാറി. പിന്നീടുയർത്തിയ എല്ലാ വാദങ്ങളും പൊളിഞ്ഞു. ഒടുവിൽ മഴവെള്ള സംഭരണി സാധ്യമാകില്ലെന്ന വാദം ഉയർത്തിയപ്പോൾ, അഹല്യയിലെ മഴവെള്ള സംഭരണി സന്ദർശിക്കാനായി ഫെബ്രുവരി 17 ന് പോകാൻ പ്രതിപക്ഷ നേതാവിനെയും മുൻപ്രതിപക്ഷ നേതാവിനെയും വീണ്ടും ക്ഷണിച്ചു. തിങ്കളാഴ്ച അവിടം സന്ദർശിക്കാൻ പ്രതിപക്ഷത്ത് നിന്ന് ഒരാള് പോലും വന്നില്ല. എനിക്കൊപ്പം അവിടെ വന്ന മാധ്യമപ്രവർത്തകർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങൾക്കും ശേഷമാണ്, തനിക്ക് പകരം മറ്റൊരാൾ ഗോദയിൽ ഇറങ്ങുമെന്ന ഈ പുതിയ നമ്പർ. പകരം മറ്റൊരാളെ നിയോഗിക്കാൻ ഇത് മാമാങ്കമല്ലല്ലോ, സംവാദമല്ലേ?





deshabhimani section

Related News

View More
0 comments
Sort by

Home