ഥാർ പറന്നുകയറിയോ? സൂചനാ ബോർഡിൽ ഇടിച്ചുനിൽക്കുന്ന ചിത്രത്തിന് പിന്നിലെന്ത്? Fact Check

പ്രചരിക്കുന്ന വീഡിയോയിൽനിന്ന്
മഹീന്ദ്രയുടെ ഥാർ ദേശീയപാതയിലെ സൂചനാബോർഡിൽ ഇടിച്ചുകയറിനിൽക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "ഡൽഹി, ഗുരുഗ്രാം, ജയ്പൂർ," "എക്സിറ്റ് 22," "NH-48" എന്നിങ്ങനെ എഴുതിയ ബോർഡിലാണ് വാഹനം കുടുങ്ങിക്കിടക്കുന്നതായി കാണുന്നത്. മറ്റൊരുവാഹനത്തിൽനിന്ന് ചിത്രീകരിച്ച വിധമാണ് വീഡിയോ. ഇത്രയും ഉയരത്തിലുള്ള ബോർഡിൽ വാഹനം എങ്ങനെ എത്തിയെന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അവകാശവാദങ്ങൾ
ജയ്പൂരിൽ വെച്ച് അതിവേഗത്തിൽ വന്ന ഥാർ ഉയർന്ന് സൂചനാബോർഡിൽ കുടുങ്ങിയതാണെന്നാണ് എക്സിലും ഇൻസ്റ്റാഗ്രാമിലും പ്രചരിക്കുന്ന പോസ്റ്റുകൾ അവകാശപ്പെടുന്നത്. മണിക്കൂറുകളോളം വാഹനം അവിടെ കുടുങ്ങിക്കിടന്നു എന്നും പലരും വാദിച്ചു. ബോർഡിലെ സ്ഥലപ്പേരുകളും ഹൈവേ നമ്പറുമെല്ലാം യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്നവയായിരുന്നു.
വസ്തുത (Fact-Check)
വീഡിയോയെക്കുറിച്ച് വിശദമായ പരിശോധന നടത്തുമ്പോൾ അവകാശവാദങ്ങൾ പൊള്ളയാണെന്ന് വ്യക്തമാകും. ബോർഡ് സൂം ചെയ്ത് നോക്കുമ്പോൾ "NH-48" എന്നതിന് സമീപമുള്ള ചില അക്ഷരങ്ങൾ അവ്യക്തവും വിചിത്രവുമാണെന്ന് കാണാം. "1anic, 1a, 1ngic…" എന്നിങ്ങനെയാണ് അതിൽ എഴുതിയിരിക്കുന്നത്. ഇന്ത്യയിലെ ദേശീയപാതകളിലെ ഔദ്യോഗിക ബോർഡുകളിൽ കൃത്യമായ ഫോണ്ടുകളും ഫോർമാറ്റുകളുമാണ് ഉപയോഗിക്കാറുള്ളത്. പ്രചരിക്കുന്ന വീഡിയോയിലേത് പോലെയുള്ള അക്ഷരങ്ങൾ ബോർഡുകളിൽ ഉണ്ടാകാറില്ല.
ഇത്രയും വിചിത്രവും ഭയാനകവുമായ ഒരു അപകടം നടന്നാൽ ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയാകേണ്ടതാണ്. പ്രമുഖ മാധ്യമങ്ങളൊന്നും ഇത്തരമൊരു അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല.
കൂടാതെ, ഒരു വാഹനം ഇത്രയും ഉയരത്തിലുള്ള ഒരു ബോർഡിൽ ചെന്ന് കുടുങ്ങുക എന്നത് അസാധ്യമാണ്. വാഹനം കുടുങ്ങിക്കിടക്കുന്ന രീതിയിലും ദൃശ്യങ്ങളുടെ കൃത്യതയിലും അസ്വാഭാവികതയുണ്ടെന്ന് സോഷ്യൽമീഡിയയിൽ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിഗമനം
ലഭ്യമായ തെളിവുകളും ദൃശ്യങ്ങളിലെ വൈരുദ്ധ്യങ്ങളും അടിസ്ഥാനമാക്കി, ഈ വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമാണ്. പ്രചരിക്കുന്ന വീഡിയോയും അവകാശവാദങ്ങളും തികച്ചും വ്യാജമാണ്.











0 comments