കേരളത്തിലെ അതിദരിദ്രരും, ന്യൂയോര്‍ക്കിലെ പട്ടിണിയും,പിന്നെ ബിഹാറിലെ സീതാ ക്ഷേത്രവും

കേരളം അതിദരിദ്രരില്ലാത്ത നാടായി എന്നത് ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നത്. ലോകത്തിന് മുന്നിൽ തന്നെ അഭിമാനമായി മാറിയ ഒരു വലിയ പ്രഖ്യാപനത്തിന്റെ ആത്മവിശ്വസത്തിലും നിർവ്വഹണ ധീരതയിലും ഓരോ മലയാളിയും അഭിമാനിക്കുമ്പോൾ അതിനെതിരെ കണ്ണടയ്ക്കാൻ വെമ്പുന്നവർ എന്താണ് ഉന്നമാക്കുന്നത്.
നിസ്സാരമെന്ന് തോന്നിക്കാവുന്ന ചില താരതമ്യങ്ങൾ മാത്രം മതി. എന്താണ് കേരളം ലക്ഷ്യമിട്ടത്. ലോകത്തിന് മുന്നിൽ, എവിടെയാണ് കേരളം എത്തി നിൽക്കുന്നത്. എത്രമാത്രം കരുതലോടെയാണ് ഓരോ മനുഷ്യരെയും ചേർത്തു പിടിക്കുന്നത്. എത്രമാത്രം സൂക്ഷ്മതയോടെയാണ് മുൻഗണനകൾ നിശ്ചയിക്കുന്നത് എന്നറിയാൻ.
ന്യൂയോർക്കിൽ, അവിടത്തെ ദരിദ്രരായ മനുഷ്യരെയും അവരുടെ അവസ്ഥയെയും ജീവിതത്തെയും നേരിൽ കാണുമ്പോൾ, കേരളത്തിന്റെ ധീരമായ മുന്നേറ്റത്തെ താരതമ്യം ചെയ്യുകയാണ് പത്രപ്രവർത്തകനായ വിൽസൺ കുടിലിൽ. ഏറെയും മനുഷ്യർ പട്ടിണിയിൽ കഴിയുമ്പോൾ കോടികൾ പൊടിച്ചു തള്ളി തലതിരിഞ്ഞ രാഷ്ട്രീയ നിർമ്മിതികളും പൊള്ളത്തരങ്ങളും കെട്ടിപ്പണിയുന്നവരെ കാണാതെ പോകുന്നതിനെ വിമർശന വിധേയമാക്കുകയും ചെയ്യുന്നു തന്റെ എഫ് ബി പോസ്റ്റിൽ.
കേരളത്തിലെ അതിദരിദ്രരും
ന്യൂയോര്‍ക്കിലെ പട്ടിണിയും
പിന്നെ ബിഹാറിലെ സീതാ ക്ഷേത്രവും
കേരളം അതിദരിദ്രരില്ലാത്ത നാടായി എന്ന പ്രഖ്യാപനം കേട്ട ദിവസം തന്നെ മറ്റൊരു വാര്‍ത്ത കൂടി കണ്ടു. അത് ബിഹാറില്‍ നിന്നാണ്. ജനസംഖ്യയില്‍ പകുതിയോളം ദരിദ്രരുള്ള അവിടെ അടുത്ത രണ്ട് വര്‍ഷം കൊണ്ട് 850 കോടി മുടക്കി ഒരു വലിയ സീതാ ക്ഷേത്രം പണിയുത്രെ!! കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനമാണത്.
കേരളത്തിന്റെ ദാരിദ്ര്യം സംബന്ധിച്ച് വിദഗ്ധര്‍ സംശയിച്ച് നില്‍ക്കുമ്പോള്‍, വെറുതെ അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ദാരിദ്ര്യത്തെ കുറിച്ച് ഒന്ന് അന്വേഷിച്ചു. അക്കാദമിക് താത്പര്യം കൊണ്ട് മാത്രം.
ലോകത്തെ ഫിനാന്‍ഷ്യല്‍ ക്യാപ്പിറ്റലായ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ആകെ ജനസംഖ്യ 2025 ല്‍ 2.21 കോടി ആണ്. ഇതില്‍ 2024 ലെ കണക്കനുസരിച്ച് 158,019 പേര്‍ക്ക് താമസിക്കാന്‍ വീടില്ല. (പോയിന്റ് ഇന്‍ ടൈം സ്‌റ്റൈല്‍ കൗണ്ട്് -ആളുകള്‍ ജോലിയും മറ്റും തേടി സംസ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കും. അതിനാലാണ് അങ്ങനെയൊരു കണക്ക്) അതായത് സംസ്ഥാത്തെ ആകെ ജനസംഖ്യയില്‍ 0.8 ശതമാനത്തിന് വീടില്ല.
ദാരിദ്ര്യത്തിന്റെ കണക്കെടുത്താല്‍ 2021 ല്‍ 13.9 ശതമാനം പേര്‍ ( 2 കോടിയില്‍ ജനങ്ങളില്‍ 27 ലക്ഷം പേര്‍) ദരിദ്രരാണ് (ഒഫിഷ്യല്‍ പോവര്‍ട്ടി മെഷര്‍-opm അനുസരിച്ച്). 2022 ലെ കണക്കനുസരിച്ച് കുട്ടികളുടെ ദാരിദ്ര്യ നിരക്ക് ഇവിടെ 18.8 ശതമാനമാണ്.
ഇനി ന്യൂയോര്‍ക്ക് സിറ്റിയെ എടുക്കാം. ആകെ ജനസംഖ്യ 84 ലക്ഷം ആണ്.
വീടില്ലാത്തവരുടെ കണക്ക് ആദ്യം പറയാം. വീടില്ലാത്തവരില്‍ തന്നെ ഷെല്‍റ്റേര്‍ഡും അണ്‍ഷെല്‍റ്റേഡുമുണ്ട്. വീടില്ലാത്തവരില്‍ 3.6 ശതമാനം പേര്‍ക്കും സര്‍ക്കാര്‍ ഷെല്‍ട്ടറുകളും പോലും ലഭ്യമല്ല. 2023 നവംമ്പറിലെ കണക്കനുസരിച്ച് വീടില്ലാത്തവരായി 92,824 പേര്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മുന്‍സിപ്പല്‍ ഷെല്‍ട്ടര്‍ സിസ്റ്റത്തില്‍ അഭയം തേടിയിട്ടുണ്ട്. നഗരത്തിലെ മറ്റ് ഷെല്‍ട്ടറുകള്‍ കൂടി പരിഗണിച്ചാല്‍ 123,000 ആണ്. ഇതില്‍ 33,365 കുട്ടികളുമുണ്ട്.
ഡൈവോഴ്‌സ് പോലുള്ള അപ്രതീക്ഷിത പ്രതിസന്ധികള്‍, മറ്റ് സാമ്പത്തിക ബാധ്യത, പിരിച്ച് വിടല്‍, വാടക താങ്ങാനാവാത്തത് ഇവ മൂലം പെട്ടന്ന് വീടില്ലാതാകുന്നവര്‍ നഗരത്തിലേക്ക് ഇറങ്ങുന്നതിന് പകരം സുഹൃത്തുക്കളോടൊപ്പം താമസം ഷെയര്‍ ചെയ്യുന്ന സംവിധാനമുണ്ടിവിടെ. ഇതിന് ഡബിള്‍- അപ് ഹൗസ് എന്ന് പറയും.
ഈ കണക്കനുസരിച്ചാണെങ്കില്‍ ന്യൂയോര്‍ക്കില്‍ 2025 ല്‍ 350,000 പേര്‍ക്ക് സ്ഥിരതയുളള താമസസൗകര്യമില്ല. അപമാനം ഭയന്ന് രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ ഇത്തരക്കാരുടെ ഡാറ്റ കിട്ടുക എളുപ്പവുമല്ല. അത് ഇനിയും കൂടിയേക്കാം. ഹോം ലസ് ആളുകള്‍ ധാരാളമുള്ളതിനാല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ 'റൈറ്റ് ടു ഷെല്‍ട്ടര്‍ ലോ' നിലവിലുണ്ട്. എക്‌സ്ട്രീം കാലാവസ്ഥാ കണ്ടീഷനില്‍ അല്ലെങ്കില്‍ ആളുകള്‍ മരിച്ച് പോകും. എന്നിട്ടും രാത്രികാലങ്ങളില്‍ നഗരത്തില്‍ അലയുന്നവര്‍ ധാരാളം.
ദാരിദ്ര്യത്തിന്റെ കാര്യമെടുത്താല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 2023 ലെ എ. സി. എസ് ഡാറ്റ അനുസരിച്ച് ദാരിദ്രര്‍ 18.2 ശതമാനമനാണ്. എന്നാല്‍ കൊളമ്പിയ യൂണിവേഴ്‌സിറ്റിയുടെ കണക്കില്‍ ഇത് 25 ശതമാനമാണ്. കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ 26 ശതമാനം അതായത് 4.2 ലക്ഷം കുട്ടികള്‍ ദാരിദ്യത്തിലാണ്.
കേരളത്തിലെ ആകെ ജനസംഖ്യ 3.35 കോടിയാണ്. ഒരു ദിവസം 180 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരെയാണ് ലോകബാങ്ക് അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ അങ്ങനെയല്ല കേരളം ഇത് കണക്കാക്കിയിരിക്കുന്നത്. പോഷകാഹാരം, വീട്, ശുദ്ധി, വിദ്യാഭ്യാസമടക്കമുള്ള അടിസ്ഥാനകാര്യങ്ങളുടെ പ്രാപ്തി കണക്കാക്കുന്ന മള്‍ട്ട് ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് അനുസരിച്ചാണിത്. രാജ്യത്തും ഇതേ മാനദണ്ഡമാണ്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 0.55 ശതമാനമാണ് ദരിദ്രരുള്ളത്.
നീതി ആയോഗ് കണക്കനുസരിച്ച് രാജ്യത്ത് ഇത് 14.96 ആണ്. ബിഹാറില്‍ 33.76- ഉം ഉത്തര്‍പ്രദേശില്‍ ഇത് 22.93 -ഉം ആണ്. തമിഴ് നാട് 15.10 -ഉം, ഗോവ 0.57 ഉം.
33.76 ശതമാനം മനുഷ്യര്‍ പട്ടിണി കിടക്കുന്ന ഒരു നാട്ടിലാണ് 850 കോടി മുടക്കി അമ്പലം പണിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനമായി പറയുന്നത്. ഈ പണം കൊണ്ട് ആ മനുഷ്യര്‍ക്ക് രണ്ട് നേരം അന്നം കൊടുക്കാനോ ഒരു കക്കൂസ് ഉണ്ടാക്കി നല്‍കാനോ മതിയാകുമായിരുന്നു. പുലര്‍ച്ചേ മൂന്ന് മണക്ക് എഴുനേറ്റ് കാടിന്റെ മറപറ്റി ഓടുന്ന ഭാരത നാരികളെയെങ്കിലും ഇവര്‍ ഓര്‍ത്തിരുന്നെങ്കില്‍.
അപ്പോഴാണ് 0.55 ശതമാനം ദരിദ്രരുള്ള മറ്റൊരു സംസ്ഥാനം ദാരിദ്ര്യം തുടച്ച് നീക്കുന്ന ഒരു പ്രഖ്യാപനം നടത്തുന്നത്. പത്ത് വര്‍ഷം കൊണ്ട് 460,000 വീടുകള്‍ പണിത് നല്‍കി പാവപ്പെട്ടവന് അന്തിയുറങ്ങാന്‍ സംവിധാനമുണ്ടാക്കുന്നത്. ലോക സാമ്പത്തിക തലസ്ഥാനത്തെ വരെ കവച്ച് വയക്കുന്നത്.
ഇനി ഈ ക്ഷേത്രം പണിക്കാരെ കേരളത്തില്‍ കൊണ്ടുവരാനാണ് നാട്ടിലെ കുറെ മാധ്യമങ്ങളും ചില പ്രത്യേക വിദഗ്ധരും വായിട്ടലയ്ക്കുന്നത്. ദാരിദ്ര്യം അനിവാര്യതയല്ല. പക്ഷെ അത് തുടച്ച് നീക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടമുണ്ടാകണം.
വിൽസൺ കുടിലിൽ എഫ് ബി പോസ്റ്റ്











0 comments