ad
Deshabhimani

"ജീവിതത്തോട് പൊരുതിനിന്ന സാമൂഹ്യപ്രവർത്തകൻ"; അബു അരീക്കോടിനെ അനുസ്മരിച്ച് കെ ടി ജലീൽ

K T Jaleel remembers abu areekode
വെബ് ഡെസ്ക്

Published on Nov 09, 2025, 12:13 PM | 2 min read

വമാധ്യമങ്ങളിലെ സിപിഐ എം പ്രചാരകനും നിയമവിദ്യാർഥിയുമായിരുന്ന അബു അരീക്കോടിന്റെ വേർപാടിൽ അനുശോചിച്ച് ഡോ.കെ ടി ജലീൽ എംഎല്‍എ. ജീവിതത്തോട് പൊരുതിനിന്നിരുന്ന സാമൂഹ്യപ്രവർത്തകനായിരുന്നു അബുവെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നിലപാടുകളും അഭിപ്രായങ്ങളുംപേറി ദുരിതപർവ്വങ്ങൾ താണ്ടേണ്ടി വന്നപ്പോഴും ആരുടെമുൻപിലും അബു ആദർശം അടിയറവെച്ചില്ല. യുട്യൂബർ എന്ന നിലയിൽ രാഷ്ട്രീയ വിമർശനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തിവിദ്വേഷം കൊണ്ടല്ല. താൻ ശരിയെന്ന് ഉറച്ചുകരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതുവേദികളിൽ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തിൽ അരങ്ങൊഴിഞ്ഞതെന്നും കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ അനുസ്മരിച്ചു.


കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്


അബു അരീക്കോട് ഇനി യു ട്യൂബിൽ വരില്ല!

ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവർത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്നനാൾ വരെയും പ്രയാസകരമായ കുടുംബപശ്ചാതലത്തിലൂടെ കടന്ന് പോയ അബു അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരൻ അബു രാഷ്ട്രീയത്തിൽ ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്.


നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപർവ്വങ്ങൾ താണ്ടേണ്ടി വന്നപ്പോഴും ആരുടെ മുമ്പിലും ആദർശം അബു അടിയറ വെച്ചില്ല. യു ട്യൂബർ എന്ന നിലയിൽ കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താൻ ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളിൽ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തിൽ അരങ്ങൊഴിഞ്ഞത്.


മലയാള സാഹിത്യത്തിലെ എക്കാലത്തും അനശ്വരനായ ഇടപ്പള്ളി രാഘവൻ പിള്ള, ജീവിതത്തിൻ്റെ തിരശ്ശീല സ്വയം പിടിച്ചു വലിച്ചു താഴ്ത്തി കാലവയനികക്കുള്ളിൽ മറയുന്നതിന് മുമ്പ് എഴുതിയ വരികൾ മലയാളികൾക്ക് മറക്കാനാവില്ല:

"ഇല്ലൊരു സമാധാനമിങ്ങെങ്ങും വെറുംവെറും, പൊള്ളലാടങ്ങാത്ത ദാഹമാണയ്യോ ചുറ്റും"


ചുറ്റും അനീതിയും അന്യായവും കൊടികുത്തി വാഴുമ്പോൾ അതിനോട് സന്ധി ചെയ്യാതെ മുന്നോട്ടു പോകാൻ അസാമാന്യമായ നെഞ്ചുറപ്പു വേണം. താങ്ങും സഹായവും കിട്ടാൻ വീട്ടുവീഴ്ചകൾ വേണമെന്ന നാട്ടുനടപ്പുകളോട് കലഹിച്ച അബു, ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നന്നേ പാടുപെട്ടിരുന്നതായാണ് സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞത്.


അനാവശ്യമായ മരണം എന്നേ അബു അരീക്കോടിൻ്റെ വേർപാടിനെ കുറിച്ച് പറയാനാകൂ. അഭിമാനബോധം അത്രമേൽ ഉള്ള സാധാരണ മനുഷ്യർ, അബുവിൻ്റെ വഴി തെരഞ്ഞെടുക്കുന്നത് തോൽക്കാനുള്ള മടികൊണ്ടാണ്. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാവരും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ഏതുമലയേയും നേരിടാനാകും എന്ന ഉൾക്കരുത്തോടെ ചടുലമായി കുതിക്കണം. എല്ലാ ദുഃഖങ്ങളും മനസ്സിൻ്റെ ചെപ്പിൽ അടച്ചുവെച്ച് ജീവിതത്തിൻ്റെ അവസാന ലാപ്പുവരെ ഓടിത്തീർക്കണം. അതിനിടയിൽ ട്രാക്കിൽ തട്ടിത്തടഞ്ഞുവീണ സോദരാ, ആദരാഞ്ജലികൾ.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home