ഓർമകളിൽ കെ ആർ നാരായണൻ

കൃഷ്ണപ്രിയ സി വി
Published on Nov 09, 2025, 02:43 PM | 2 min read
ഇന്ന് നവംബർ ഒമ്പത്, കെ ആർ നാരായണൻ ഓർമയായിട്ട് ഇന്നേക്ക് 20 വർഷം. ഇന്ത്യയുടെ ആദ്യ ദളിത് രാഷ്ട്രപതി, രാഷ്ട്രപതി പദവിയിലെത്തിയ ഏക മലയാളി എന്നിങ്ങനെ ചരിത്രം സുവർണ ലിപികളാൽ എഴുതപ്പെട്ട പേര്. അധികാരത്തിന്റെ പുറമ്പോക്കുകളില്‍ പോലും അവകാശമില്ലാതിരുന്ന അധഃസ്ഥിത വിഭാഗത്തെ പ്രതിനിധീകരിച്ച് രാജ്യത്തിന്റെ പരമോന്നത പദമലങ്കരിച്ച ആദ്യ വ്യക്തിയും കെ ആർ നാരായണന്‍ തന്നെ.
കോട്ടയം ഉഴവൂരിനടുത്ത് 1921 ഫെബ്രുവരി നാലിനാണ് കൊച്ചേരില്‍ രാമന്‍ നാരായണന്‍ ജനിച്ചത്. ഏഴു മക്കളില്‍ നാലാമനായിരുന്ന നാരായണന്‍ കടുത്ത ദരിദ്ര പശ്ചാത്തലത്തിലായിരുന്നു വളര്‍ന്നത്. കോട്ടയം സിഎംഎസ് കോളേജ്, തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. 1943 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് (അന്നത്തെ തിരുവിതാംകൂര്‍ സര്‍വകലാശാല) ഒന്നാം റാങ്കും സ്വര്‍ണമെഡലും നേടി ബിഎ ഓണേഴ്‌സ് പാസായി.

തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഒരു പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ ഏറ്റവും വലിയ അക്കാദമിക് വിജയമായിരുന്നു അത്. 1945 ൽ ഡൽഹിയിലെത്തിയ നാരായണൻ ഇന്ത്യൻ ഓവർസീസ് സർവീസിൽ ജോലികിട്ടിയെങ്കിലും പത്രപ്രവർത്തനത്തോടുള്ള അഭിനിവേശംമൂലം ഇക്കണോമിക്സ് വീക്കിലി ഫോർ കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിലെ ജോലി സ്വീകരിച്ചു. പിന്നീട് ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങൾക്കുവേണ്ടിയും ജോലിചെയ്തു.
1978 ൽ നാരായണൻ വിദേശകാര്യവകുപ്പിൽ നിന്നും വിരമിച്ചു. പിന്നീട് ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായി. 1997 ജൂലൈ 17 ന് കെആർ നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. നയതന്ത്രപ്രതിനിധി, എംപി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ പദവികളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ രാജ്യത്തിന് നല്‍കി.

രാഷ്ട്രപതിയുടെ വിവേചനാധികാരം ക്രിയാത്മകമായി ഉപയോഗിച്ചും രാഷ്ട്രത്തിൻ്റെ പൊതുതാല്‍പര്യം, ഭരണഘടന മനസാക്ഷി എന്നിവയ്ക്ക് നിരക്കുന്നതാവണം രാഷ്ട്രപതി എന്ന നിലയ്ക്കുള്ള തൻ്റെ തീരുമാനങ്ങളെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
1992 ല്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കാലഘട്ടത്തിലാണ് ബാബറി മസ്ജിദ് തകര്‍പ്പെടുന്നത്. അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് 'ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഗാന്ധിജിയുടെ വധത്തിന് ശേഷം ഇന്ത്യ അഭിമുഖീകരിച്ച ദുരന്തമാണ് ' എന്നായിരുന്നു. തന്‍റെ മതനിരപേക്ഷ നിലപാട് എന്നും ആര്‍ജവത്തോടെ പറയാൻ കെ ആര്‍ നാരായണന്‍ തയ്യാറായിരുന്നു.
ഗുജറാത്ത് കലാപത്തിലടക്കം സർക്കാരിൻ്റെ ഇടപെടലുകളെ ചോദ്യം ചെയ്യുകയും അവയോട് കലഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. കലാപത്തിന് പിന്നില്‍ വാജ്പേയി-മോദി സര്‍ക്കാരുകളുടെ ഗൂഡാലോചനയുണ്ടെന്നു കൂടി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഭരണഘടന മാറ്റിയെഴുതാന്‍ പുഃനപരിശോധനാ സമിതിയെ വെച്ച എന്‍ഡിഎ സര്‍ക്കാരിന്‍റെ തീരുമാനത്തെയും കെ ആര്‍ നാരായണന്‍ വിമര്‍ശിച്ചു.
കെ ആർ നാരായണന്റെ വിയോഗത്തിൽ അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. 'ഇന്ത്യയുടെ മതനിരപേക്ഷ യശസ്സ് കാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ഉന്നതനായ നേതാവാ'യിരുന്നു കെ ആർ നാരായണൻ. മതേതരത്വത്തിന്റെ കാവൽഭടൻ എന്നാണ് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
താമസിക്കാന്‍ ഒരു വീടുമാത്രം ആഗ്രഹിച്ചയാള്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ വീട്ടിലേക്ക് ആ രാഷ്ട്രത്തിന്റെ നായകനായി നടന്നുകയറുന്ന കാഴ്ച ഓരോ മലയാളിയേയും ആനന്ദത്തിന്‍റെയും അഭിമാനത്തിന്റെയും നെറുകയിൽ എത്തിച്ചു. ഇരുപത് വർഷങ്ങൾക്കിപ്പുറവും കെ ആർ നാരായണൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് പ്രസക്തിയേറുകയാണ്...











0 comments