ad
Deshabhimani

4 വർഷം, ഒറ്റ ദിവസം പോലും 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വന്നിട്ടില്ല; പോളണ്ടിലെ ജോലിയെ കുറിച്ച് ഇന്ത്യൻ യുവാവ്

poland it job
വെബ് ഡെസ്ക്

Published on Jun 14, 2026, 08:41 PM | 2 min read

വാർസോ: ഇന്ത്യയിലെയും പോളണ്ടിലെയും ഐടി ജോലി സംസ്‌കാരം താരതമ്യം ചെയ്ത് ഇന്ത്യൻ യുവാവ് രംഗത്ത്. യൂറോപ്പ് മികച്ച 'വർക്ക് ലൈഫ് ബാലൻസ്' നൽകുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രദീപ് പങ്കജ് സിംഗ് തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. ഇന്ത്യയിൽ 10 വർഷം ജോലി ചെയ്ത ശേഷമാണ് പ്രദീപ് പോളണ്ടിലേക്ക് മാറിയത്.


ഇന്ത്യയിൽ ജോലി ചെയ്യുന്ന സമയത്ത് ദീർഘനേരം ജോലി ചെയ്യുന്നത് വളരെ സാധാരണമായിരുന്നു. പ്രത്യേകിച്ച് ഐടി മേഖലയിൽ ഇത് കൂടുതലായിരുന്നു. ഏതാണ്ട് 10 മണിക്കൂർ ജോലി ചെയ്തതിന് ശേഷവും വൈകുന്നേരം 6 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങുന്നത് പലരും മോശമായാണ് കണ്ടിരുന്നതെന്ന് പ്രദീപ് തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു.


"ഞാൻ ഇന്ത്യയിൽ 10 വർഷം ജോലി ചെയ്ത ശേഷമാണ് ഇവിടെ വന്നത്. 10 വർഷത്തിനിടയിലെ ഒരു അനുഭവം ഞാൻ ഓർക്കുന്നു. രാവിലെ 8 മണിക്കായാലും 9 മണിക്കായാലും ഓഫീസിൽ എത്തിയാൽ വൈകുന്നേരം 6, 7, 8 മണിക്ക് മുൻപായി ഇറങ്ങാൻ പറ്റുന്ന സാഹചര്യം ഞാൻ കണ്ടിട്ടില്ല. പ്രത്യേകിച്ച് ഐടി മേഖലയിൽ," പ്രദീപ് പറഞ്ഞു.


"ഏതാണ്ട് 10 മണിക്കൂർ ജോലി ചെയ്ത ശേഷം വൈകുന്നേരം 6 മണിക്ക് എപ്പോഴെങ്കിലും നമ്മൾ ഓഫീസിൽ നിന്ന് ഇറങ്ങുകയാണെങ്കിൽ എല്ലാവരും നമ്മളെ ഒരു പ്രത്യേക രീതിയിലാണ് നോക്കുക. ഇപ്പോൾ ഇന്ത്യയിൽ ജോലി ചെയ്യുന്ന ആർക്കും ഇത് പെട്ടെന്ന് മനസ്സിലാകും. 'നീ ഇത്രവേ​ഗം ഇറങ്ങുകയാണോ?' എന്ന മട്ടിലായിരിക്കും ആ നോട്ടം," അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യയിലെ ഈ അവസ്ഥയെ പോളണ്ടിലെ തന്റെ അനുഭവങ്ങളുമായി പ്രദീപ് താരതമ്യം ചെയ്യുന്നു. സ്വന്തം താല്പര്യപ്രകാരം അല്ലാതെ ഒരു ദിവസം പോലും തനിക്ക് എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വന്നിട്ടില്ല. ഓഫീസ് സമയത്തിന് ശേഷം ജീവനക്കാർ കൂടുതൽ സമയം ഇരിക്കണമെന്ന് യൂറോപ്പിലെ മാനേജർമാർ സാധാരണയായി പ്രതീക്ഷിക്കാറില്ല.


'യൂറോപ്പിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. പ്രത്യേകിച്ചും ഞാന്‍ പോളണ്ടിനെക്കുറിച്ചാണ് പറയുന്നത്. 4 വർഷമായി ഞാൻ ഇവിടെയാണ് ജീവിക്കുന്നത്. ഇന്നുവരെ ഞാൻ 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. സ്വന്തം താല്പര്യപ്രകാരം കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്യാം. പക്ഷേ നിങ്ങളുടെ മാനേജർ ഒരിക്കലും നിങ്ങളോട് കൂടുതൽ സമയം ഇരിക്കാൻ ആവശ്യപ്പെടില്ല," അദ്ദേഹം പറഞ്ഞു.


കൂടുതൽ സമയം ജോലി ചെയ്യുന്ന സാഹചര്യങ്ങളിൽ കൃത്യമായ ഓവർടൈം പേയ്‌മെന്റ് ലഭിക്കാറുണ്ട്. "ഇവിടെ ഓവർടൈം തുക വളരെ കൂടുതലാണ്. സാധാരണ ശമ്പളത്തേക്കാൾ 2 മടങ്ങ് കൂടുതൽ തുക ലഭിക്കും. അതായത് 200 ശതമാനം തുക നിങ്ങൾക്ക് ലഭിക്കും," അദ്ദേഹം വ്യക്തമാക്കി.


ഓഫീസ് സമയത്തിന് ശേഷം വരുന്ന ഫോൺ കോളുകളെക്കുറിച്ചും പ്രദീപ് സംസാരിച്ചു. ഇന്ത്യയിൽ ജോലി സമയം കഴിഞ്ഞും മാനേജർമാർ ജീവനക്കാരെ ഫോണിൽ വിളിക്കുന്നത് സാധാരണ കാര്യമാണ്. എന്നാൽ പോളണ്ടിൽ സ്ഥിതി അതല്ല.


"ഇവിടെ ഒരു മാനേജർ നിങ്ങളെ ഓഫീസ് സമയത്തിന് ശേഷം ഒരിക്കലും വിളിക്കില്ല. ഇനി അവർ വിളിച്ചാൽ തന്നെയും നിങ്ങൾ ഫോൺ എടുത്തില്ലെങ്കിൽ നിങ്ങളോട് ആർക്കും ഒന്നും ചോദിക്കാൻ കഴിയില്ല. ഇനി നിങ്ങൾ ഫോൺ എടുക്കുകയാണെങ്കിൽ അതിനെ അവർ വലിയ രീതിയിൽ അഭിനന്ദിക്കുകയും ചെയ്യും," പ്രദീപ് പറഞ്ഞു.


'ഇന്ത്യയിലെ 10 വർഷം വിഎസ് പോളണ്ടിലെ 4 വർഷം - ഐടിയിലെ വർക്ക് ലൈഫ് താരതമ്യം' എന്ന അടിക്കുറിപ്പോടെയാണ് പ്രദീപ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


വീഡിയോ പുറത്തുവന്നതോടെ നിരവധി ഉപയോക്താക്കൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. "ആരോഗ്യകരമായ ഒരു ജോലി സംസ്‌കാരം അനുഭവിച്ചറിഞ്ഞു കഴിഞ്ഞാൽ ആളുകൾ എന്തുകൊണ്ടാണ് തിരികെ വരാൻ ആഗ്രഹിക്കാത്തത് എന്നതിന്റെ കൃത്യമായ കാരണമാണിത്," എന്ന് ഒരാൾ കുറിച്ചു. "ഇന്ത്യയിൽ കൃത്യസമയത്ത് ഇറങ്ങുന്നത് ഇപ്പോഴും ഒരു കുറ്റകൃത്യം പോലെയാണ് കണക്കാക്കപ്പെടുന്നത്," എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. "വർക്ക് ലൈഫ് ബാലൻസ് എന്നത് ഒരു ആഡംബരമായിരിക്കരുത്. അത് എല്ലായിടത്തും സാധാരണ ഒന്നായിരിക്കണം," എന്നും ആളുകൾ കമന്റുകളിൽ കുറിച്ചു. "വർക്ക് ലൈഫ് ബാലൻസ് എന്നത് അടിസ്ഥാന അവകാശമാണ്, ആഡംബരമല്ല," എന്ന് മറ്റൊരു ഉപയോക്താവും വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home