നീറ്റ് യുജി പുനഃപരീക്ഷ: അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: നീറ്റ് യുജി 2026 പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിങ് ഏജൻസി ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴിയോ, അല്ലെങ്കിൽ ഡിജിലോക്കർ (DigiLocker) വഴിയോ അഡ്മിറ്റ് കാർഡ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ഉദ്യോഗാർത്ഥിയുടെ പേര്, റോൾ നമ്പർ, പരീക്ഷാ കേന്ദ്രത്തിന്റെ വിശദാംശങ്ങൾ, പരീക്ഷാ സമയം തുടങ്ങിയ അവശ്യ വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാകും. അഡ്മിറ്റ് കാർഡിലെ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകളോ പൊരുത്തക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗാർഥികൾ രാവിലെ 10 നും വൈകുന്നേരം 5 നും ഇടയിൽ എൻടിഎ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടുകയോ, അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ ചെയ്യണം.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർത്തി ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിൽ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നീറ്റ് , സിബിഎസ്ഇ, സിയുഇടി , എസ്എസ്‍സി പരീക്ഷകളിലെ ക്രമക്കേടുകൾക്ക് ഇപ്പോഴും കേന്ദ്ര സർക്കാർ മറുപടി പറയാൻ തയാറായിട്ടില്ല.
നീറ്റ് ചോദ്യപേപ്പർ ചോർച്ച കഷ്ടപ്പെട്ട് പഠിച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ മാനസിക ആഘാതമുണ്ടാക്കിയെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ)യെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഉത്തരവാദികളെ കണ്ടെത്താനായില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും, യുപിഎസ്‌സി പോലെയുള്ള പ്രമുഖ ഏജൻസികളെ കണ്ട് പഠിച്ച് ഓർമ്മകളും അനുഭവങ്ങളും നിലനിർത്താൻ താൽക്കാലിക സ്വഭാവമുള്ള എൻടിഎ തയ്യാറാകണമെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.









0 comments