നീറ്റ് ക്രമക്കേട്; സിജെപി സമരപ്പന്തലിലെത്തി പ്രകാശ് രാജ്

ബംഗളൂരു: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ബംഗളൂരു ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധത്തിൽ നടൻ പ്രകാശ് രാജ് പങ്കെടുത്തു. കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത സമരപ്പന്തലിലെത്തിയാണ് അദ്ദേഹം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തത്. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്, സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ എന്നിവരും പ്രകാശ് രാജിനൊപ്പം വേദിയിലുണ്ടായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ അവരുടെ ജോലി കൃത്യമായി ചെയ്യണമെന്ന് പ്രകാശ് രാജ് പറഞ്ഞു. "എന്തിനാണ് നിങ്ങൾ സമവാക്യങ്ങൾ മാറ്റിയത് എന്തിനാണ്? നിങ്ങൾ രാഷ്ട്രീയം കളിക്കുമ്പോൾ, ഞങ്ങൾ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. അത് പറ്റില്ല. ഈ രാജ്യത്തെ യുവാക്കൾ അവരുടെ പോരാട്ടം സ്വയം നയിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. വിരമിക്കൽ പ്രായം കഴിഞ്ഞ മുതിർന്ന നേതാക്കൾ രാജ്യം ഭരിക്കുമ്പോൾ യുവാക്കൾ സ്വന്തം സ്വപ്നങ്ങൾക്കും ഭാവിക്കും വേണ്ടിയാണ് ഇവിടെ പോരാടുന്നത്," ‘Cockroach is Back’ എന്ന എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ നടൻ പ്രകാശ് രാജ് പ്രകാശ് രാജ് സംസാരിക്കുന്നത് കാണാം. സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും ഒപ്പമുണ്ട്.
വിദ്യാഭ്യാസ വ്യവസ്ഥ തകർത്ത സർക്കാരിന്റെ പരാജയത്തിനെതിരെ ശബ്ദമുയർത്താനും സർക്കാരിനെക്കൊണ്ട് മറുപടി പറയിപ്പിക്കാനും എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം നേരത്തെ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു. മുൻപ് ഡൽഹിയിൽ നടന്ന സമരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും സോനം വാങ്ചുകിന്റെ സാന്നിധ്യത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേന്ദ്ര സർക്കാരിന്റെ പരാജയമാണെന്നും അതിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്നുമാണ് സിജെപി ആവശ്യപ്പെടുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി, സിബിഎസ്ഇ ഓൺ-സ്‌ക്രീൻ മാർക്കിങ് രീതിയിലെ ക്രമക്കേടുകൾ എന്നിവ ഉന്നയിച്ചാണ് പ്രതിഷേധം. ജൂൺ 6-ന് ഡൽഹി ജന്തർ മന്തറിലും, ജൂൺ 11-ന് പൂനെയിലും, ജൂൺ 12-ന് ലഖ്‌നൗവിലും, ജൂൺ 13-ന് അമൃത്‌സറിലും സമരം നടത്തിയിരുന്നു. ജൂൺ 20-ന് ഡൽഹി ജന്തർ മന്തറിൽ വീണ്ടും വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി ഭാരവാഹികൾ അറിയിച്ചു.









0 comments