തൃണമൂൽ എൻസിപിഐയിൽ ലയിക്കുന്നു? ലോക്സഭയിൽ പ്രത്യേക ബ്ലോക്കിന് അനുമതി തേടി വിമതർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ (ടിഎംസി) ആഭ്യന്തര കലഹങ്ങളെത്തുടർന്ന് വിമത എംപിമാർ മറ്റൊരു പാർടിയിൽ ചേരാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മൂന്നിൽ രണ്ട് ടിഎംസി എംപിമാരും സഭയിൽ പ്രത്യേക ഇരിപ്പിട ക്രമീകരണം ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ത്രിപുര ആസ്ഥാനമായുള്ള 'നാഷണലിസ്റ്റ് സിറ്റിസൺ പാർടി ഓഫ് ഇന്ത്യയിൽ' (എൻസിപിഐ) ടിഎംസി വിമത വിഭാഗം ലയിക്കുമെന്നാണ് വിവരം. തുടർന്ന് എൻഡിഎ മുന്നണിയെ പിന്തുണയ്ക്കാനാണ് നീക്കമെന്ന് വിമത നേതാവ് കകോളി ഘോഷ് ദസ്തിദാർ പറയുന്നു.
തങ്ങളാണ് 'യഥാർഥ ടിഎംസി' എന്ന് അവകാശപ്പെടാനും പാർടിയുടെ ഔദ്യോഗിക ചിഹ്നം സ്വന്തമാക്കാനും വിമത എംപിമാർ ശ്രമിക്കുന്നതിനിടെയാണ് യൂസഫ് പത്താൻ, കകോളി ഘോഷ്, സുദീപ് ബന്ദോപാധ്യായ എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച ഡൽഹിയിൽ സ്പീക്കറെ കണ്ടത്. മറ്റൊരു പാർടിയിൽ ലയിക്കുന്നുവെന്നും സഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്പീക്കർക്ക് എംഎൽഎമാർ കത്ത് നൽകിയത്. ഇതോടെ യഥാർഥ തൃണമൂൽ എന്ന വാദം വിമതർ ഉപേക്ഷിച്ചെന്ന് വേണം വിലയിരുത്താൻ.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തോടെ ടിഎംസിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചിരുന്നു. ഇതിന് പിന്നാലെ പാർടിയുടെ ദേശീയ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിജിത് ബാനർജിയുടെ നേതൃത്വത്തിനെതിരെ ഒരു വിഭാഗം എംപിമാരും എംഎൽഎമാരും രംഗത്തുവന്നതാണ് നിലവിലെ ആഭ്യന്തര കലഹത്തിന് കാരണം. അതേസമയം, ടിഎംസി ഒരു അവിഭാജ്യ പാർടിയാണെന്നും വിമതർക്ക് പ്രത്യേക വിഭാഗമായി യാതൊരുവിധ അംഗീകാരവും നൽകരുതെന്നും ആവശ്യപ്പെട്ട് അഭിജിത് ബാനർജി സ്പീക്കർക്ക് കത്തെഴുതി. എംപിമാരായ കീർത്തി ആസാദും സാഗരിക ഘോഷും ചേർന്നാണ് ഈ കത്ത് സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറിയത്.









0 comments