ഈ വസ്ത്രം സംസ്കാരത്തിന് ചേരാത്തത്; ഫാഷൻ ഷോ റിഹേഴ്സൽ തടഞ്ഞ് ഹിന്ദുത്വ സംഘടന

ഉത്തരാഖണ്ഡ്: ഇറക്കം കുറഞ്ഞ വസ്ത്രം സംസ്കാരത്തിന് ചേരാത്തതെന്ന് ആരോപിച്ച് ഫാഷൻ ഷോ റിഹേഴ്സൽ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന. ഋഷികേശിൽ ദീപാവലിയ്ക്ക് മുന്നോടിയായി ലയൺസ് ക്ലബ് ഋഷികേശ് റോയൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് റിഹേഴ്സൽ ചെയ്യവെയാണ് സംഭവം. രാഷ്ട്രീയ ഹിന്ദു ശക്തി സംഗതൻ എന്ന ഹിന്ദുത്വ സംഘടനയുടെ പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാൻഗറും മറ്റു പ്രവർത്തകരുമാണ് റിഹേഴ്സൽ തടഞ്ഞത്.
ഇത്തരം വസ്ത്രങ്ങൾ ധരിച്ചുള്ള റാംപ്‌വാക് ഋഷികേശിന്റെ സ്വത്വത്തിനും സനാതന മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് രാഘവേന്ദ്ര ഭട്ടാൻകർ പറഞ്ഞു. ഇങ്ങനെയുള്ള വസ്ത്രധാരണവും റാംപ്‌വാക്കുമോക്കെ സാമൂഹികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ഉത്തരാഖണ്ഡിലെ സ്ത്രീകൾ വീടുവിട്ട് പോകുന്നതിന് കാരണം മോഡലുകളാണ്. ഇവർ കാരണം പരിസ്ഥിതി നശിച്ചുവെന്നും ഹിന്ദുത്വവാദികൾ ആരോപിച്ചു.
കൂടുതൽ അവസരങ്ങൾ തേടാൻ യുവതികളെ പ്രോത്സാഹിപ്പിക്കാനാണ് റാംപ്‌വാക് നടത്തുന്നതെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് പങ്കജ് ചന്ദാനി പറഞ്ഞു. 'മിസ് ഋഷികേശിനെ' തെരഞ്ഞെടുക്കാനാണ് പരിപാടിയെന്നും അത് ആരുടേയും മതവികാരത്തെ വ്രണപ്പെടുത്താൻ ചെയ്തതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments