ad
Deshabhimani

"ആനയും അമ്പഴങ്ങയും തമ്മിലുണ്ട് വ്യത്യാസം"; രേവന്ത് റെഡ്ഡിയുടെ നുണ തുറന്നുകാട്ടി അനുഭവക്കുറിപ്പ്

Henna Mehthar FB Post About Telangana

ഹന്ന മെഹ്‍തർ (ഇടത്), ഫേസ്ബുക്ക് കുറിപ്പ് (വലത്)

വെബ് ഡെസ്ക്

Published on Apr 07, 2026, 09:54 PM | 3 min read

തെലങ്കാനയിലെ കോണ്‍ഗ്രസ് ഭരണത്തെക്കുറിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിൽ യുഡിഎഫ് പ്രചാരണത്തിനെത്തിയപ്പോള്‍ അവകാശപ്പെട്ടത് നുണയെന്ന് അനുഭവക്കുറിപ്പ്. തെലങ്കാനയിലെ ആരോ​ഗ്യ, വിദ്യാഭ്യാസരം​ഗം വളരെ ശോചനീയാവസ്ഥയിലാണെന്ന് അനുഭവിച്ചറിഞ്ഞതാണെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഹന്ന മെഹ്തർ സോഷ്യൽമീഡിയ പോസ്റ്റിലൂടെ വ്യക്താക്കി. കുമരം ഭീം ആസിഫാബാദ് എന്ന ജില്ലയിൽ ഗാന്ധി ഫെൽലോഷിപ്പിന്റെ ഭാഗമായി ജോലി ചെയ്തതിന്റെ അനുഭവം പങ്കുവെച്ചാണ് ഹന്നയുടെ കുറിപ്പ്.


സ്‌കൂളുകളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും അവസ്ഥ ദയനീയമാണെന്ന് ഹന്ന പറയുന്നു. നല്ല കെട്ടിടങ്ങളോ കുടിവെള്ളമോ പോലുമില്ല. അവിടുത്തെ ഗ്രാമങ്ങളിൽ ആളുകൾക്ക് ഇപ്പോഴും കക്കൂസില്ല. പല ഊരുകളിലും മതിയായ ഗതാഗത സൗകര്യമോ വൈദ്യുതിയോ ഇല്ല. അഴിമതി എല്ലായിടത്തും പ്രകടമാണ്. ഓരോ ഫീൽഡ് വിസിറ്റുകളും വികസനത്തിന്റെ കാര്യത്തിൽ കേരളം എത്രത്തോളം മുൻപിലാണ് എന്ന തിരിച്ചറിവ് നൽകുന്നതായിരുന്നുവെന്ന് ഹന്ന പറയുന്നു. തെലങ്കാനയിലെ വികസനം കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കുന്നു എന്ന രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയോടുള്ള പ്രതികരണമാണ് കുറിപ്പ്. മാനവിക വികസന സൂചികയിലെ ഓരോ തീമിലും വളരെ പിന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഈ പറയപ്പെടുന്ന വികസന സൂചികയിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു സംസ്ഥാനത്തെയാണ് പേരെടുത്ത് വിമർശിക്കുന്നതെന്നത് വലിയ വിരോധാഭാസമെന്നും ഹന്ന പറയുന്നു.


ഹന്ന മെഹ്തറിന്റെ ഫേസ്ബുക്ക് കുറിപ്പ് - പൂർണരൂപം


കഴിഞ്ഞ ഒന്നര വർഷം തെലങ്കാനയിലെ കുമരം ഭീം ആസിഫാബാദ് എന്ന ജില്ലയിൽ ഗാന്ധി ഫെല്ലോഷിപ്പിന്റെ ഭാഗമായി വർക്ക് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയുമായി ബന്ധപ്പെട്ട പ്രോജെക്ടിൽ ജില്ലാ കളക്ടറുടെ ഗൈഡൻസിലായിരുന്നു ജോലി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കേട്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിയുന്നില്ല. കേരളവും തെലങ്കാനയും തമ്മിൽ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ വികസനത്തിൽ ആനയും അമ്പഴങ്ങയും തമ്മിലുള്ള വ്യത്യസമുണ്ട്.


അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ലാത്ത അനേകം ഗ്രാമങ്ങൾ, അവിടുത്തെ ഗവണ്മെന്റ് സ്‌കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും അവസ്ഥ ദയനീയമാണ്. മര്യാദക്ക് കെട്ടിടങ്ങളില്ല, കക്കൂസുകകളില്ല, കുടിക്കാൻ വെള്ളമില്ല, എണ്ണം പറഞ്ഞു അധ്യാപകരില്ല, കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ ബെഞ്ചുകളില്ല, കളിക്കാൻ ഗ്രൗണ്ടില്ല … ഒരു ബ്ലോക്കിൽ തന്നെ ഈ ദയനീയ അവസ്ഥയിലുള്ള ഒരുപാട് സ്‌കൂളുകളുണ്ട്. ഓരോ ബ്ലോക്കിന്റെയും ജില്ലയുടെയും കണക്ക് എടുക്കുകയാണെങ്കിൽ എണ്ണം ഇനിയും കൂടും. ഗ്രാമങ്ങളിൽ ആളുകൾക്ക് ഇപ്പോഴും കക്കൂസില്ല, ആളുകൾ പാടങ്ങളിൽ വെളിക്കിരിക്കുന്നു. കക്കൂസില്ലാത്തത് കൊണ്ട് ചില സ്‌കൂളിൽ നിന്നും കുട്ടികൾ അടുത്തുള്ള പാടത്തേക്ക് തന്നെയാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോകുന്നത്. ഒരു ഗ്രാമത്തിൽ കക്കൂസുള്ള വീടുകൾ തുലോം കുറവാണ്.


ഇനി ആരോഗ്യ രംഗത്തേയ്ക്ക് വരികയാണെങ്കിൽ പ്രാഥമിക ആശുപത്രികൾക്ക് മര്യാദയ്ക്ക് കെട്ടിടമില്ല, ഉള്ള സ്ഥലങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ല, വെള്ളവും അത്യാവശ്യ മരുന്നുകളും, ആളുകളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവർത്തകരുമില്ല.


പകുതിയിലധികം ആദിവാസികൾ ജീവിക്കുന്ന ഇടത്ത് പല ഊരുകളിലും മതിയായ ഗതാഗത സൗകര്യമോ വൈദ്യുതിയോ ഇല്ല. ഗ്രാമങ്ങളുടെ വികസനത്തിന് ചുക്കാൻ പിടിക്കേണ്ട പഞ്ചായത്തുകൾക്ക് മര്യാദക്ക് കെട്ടിടം പോലുമില്ല. അഴിമതി എല്ലായിടത്തും പ്രകടമാണ്. ഓരോ ഫീൽഡ് വിസിറ്റുകളും വികസനത്തിന്റെ കാര്യത്തിൽ നമ്മുടെ നാട് എത്രത്തോളം മുൻപിലാണ് എന്ന തിരിച്ചറിവ് നൽകുന്നതാണ്. പലപ്പോഴും അൻപതുകളിലെ കേരളം എന്നാണ് തെലങ്കാനയിലെ ഗ്രാമങ്ങളെ വിശേഷിപ്പിക്കാറുള്ളത്. കാളവണ്ടികളോടുന്ന അവിടുത്തെ വഴികളിൽ ബസുകൾ വളരെ ചുരുക്കമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ… സ്‌കൂളിലും കോളേജുമൊക്കെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ഒട്ടേറെ മുന്നോട്ട് വരാനുണ്ട്.


കലക്ടററ്റിൽ വെച്ച് നടക്കുന്ന പല മീറ്റിംഗുകൾക്കും പങ്കെടുത്തതിനാൽ മറ്റുള്ള ഡിപ്പാർട്മെന്റുകളും ഇതിൽ നിന്നും വലിയ വ്യത്യസ്തമല്ല എന്ന് അറിയാം. വെറുതെ പറയുന്നതല്ല, കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്, ഓരോ വകുപ്പ് മേധാവികൾക്കും അതിന് താഴേക്ക് വരുന്ന ഉദ്യോഗസ്ഥർക്കും എന്താണ് ഫീൽഡിലെ അവസ്ഥ എന്ന് നല്ല ബോധ്യമുണ്ട്, പക്ഷെ ആരും മര്യാദക്ക് ഒന്നും ചെയ്യുന്നില്ല. തെലങ്കാനയിലെ മറ്റു ജില്ലകളിൽ ഫെൽലോഷിപ്പ് ചെയ്ത സുഹൃത്തുക്കളും അവിടുത്തെ ദയനീയ അവസ്ഥകളെ കുറിച്ച് പലപ്പോഴും പറയാറുണ്ട്. മാനവിക വികസന സൂചികയിലെ ഓരോ തീമിലും വളരെ പിന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഈ പറയപ്പെടുന്ന വികസന സൂചികയിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു സംസ്ഥാനത്തെയാണ് പേരെടുത്ത് വിമർശിക്കുന്നതെന്നത് വലിയ വിരോധാഭാസം. കള്ളങ്ങളുടെ അമ്പുകൾ യാഥാർഥ്യങ്ങളുടെ കണക്കുകൾക്ക് മുന്നിൽ തകർന്നു വീഴുക തന്നെ ചെയ്യും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home