ഉന്നത വിദ്യാഭ്യാസത്തെ മനുഷ്യാവകാശമായി മനസിലാക്കുന്ന സർക്കാർ സമീപനം

തിരുവനന്തപുരം: സ്കൂള്‍ വിദ്യാഭ്യാസം പോലെ തന്നെ അടിസ്ഥാനപരമായ മനുഷ്യാവകാശമായി ഉന്നത വിദ്യാഭ്യാസത്തെ മനസിലാക്കുന്ന സമീപനം ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോ. ടി ടി ശ്രീകുമാർ. കേരളത്തെ സംബന്ധിച്ചേടത്തോളം ഏറ്റവും വിപ്ലവകരമായ ഒരു തീരുമാനമാണ് ബജറ്റിലെ ബിരുദതലംവരെ വിദ്യാഭ്യാസം സൗജന്യമാക്കാനുള്ള പ്രഖ്യാപനമെന്നും എഴുത്തുകാരൻ ടി ടി ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന്‍റെ ഇതുവരെയുള്ള സാമ്പത്തിക ചരിത്രത്തോട് നീതി പുലര്‍ത്തുന്ന പ്രഖ്യാപനമാണ് ഇന്ന് നടന്നതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളത്തെ സംബന്ധിച്ചേടത്തോളം ഏറ്റവും വിപ്ലവകരമായ ഒരു തീരുമാനമാണ് ബജറ്റിലെ ബിരുദതലംവരെ വിദ്യാഭ്യാസം സൌജന്യമാക്കാനുള്ള പ്രഖ്യാപനം. ഇത് കേവലം ഒരു ക്ഷേമനിര്‍ദ്ദേശം മാത്രമല്ല. കേരളത്തിന്‍റെ ഇതുവരെയുള്ള സാമ്പത്തിക ചരിത്രത്തോട് നീതി പുലര്‍ത്തുന്ന പ്രഖ്യാപനമാണ്. Drop out നിരക്ക് കുറക്കും എന്നത് മാത്രമല്ല ഇതിന്റെ പ്രയോജനം. വിദ്യാര്‍ത്ഥി ജീവിതത്തിലെ വലിയൊരു അനിശ്ചിതത്വം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഇല്ലാതാക്കുന്ന ഇടപെടല്‍ കൂടിയാണിത്. ഇതിനു പണമുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ല. അന്താരാഷ്ട്ര തൊഴില്‍ വിപണിയില്‍ അഭ്യസ്തവിദ്യരായ തൊഴില്‍സേനയെ വിന്യസിക്കുന്ന പ്രദേശമായി കേരളം മാറിയപ്പോള്‍ മുതല്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള നേട്ടങ്ങള്‍ നിരവധിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏതു മുതല്‍മുടക്കും സംസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായിരിക്കും. ബജറ്റ് മുഴുവനായും കേട്ടില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്വാഭാവികമായും കൂടുതല്‍ പോപ്പുലിസ്റ്റ് ആയ ബജറ്റായിരിക്കും അവതരിപ്പിക്കപ്പെടുക എന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അതിന്‍റെ ഉള്ളടക്കമാണ് പ്രധാനം. ഇത് വളരെക്കാലത്തെക്കുള്ള ഒരു നീക്കിയിരുപ്പാണ്. ഇതിന് ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാവും. മാത്രമല്ല, സ്കൂള്‍ വിദ്യാഭ്യാസംപോലെ തന്നെ അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശമായി ഉന്നത വിദ്യാഭ്യാസത്തെ പരോക്ഷമായി മനസ്സിലാക്കുന്ന ഒരു സമീപനം ഈ നിര്‍ദ്ദേശത്തിലുണ്ട്.











0 comments