ad
Deshabhimani

'വൈകിയ ഊണി'ന് 'അത്താഴപ്പട്ടിണിക്കാരു'ടെ ചെക്ക്: രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

rajeev chandrasekhar
വെബ് ഡെസ്ക്

Published on Jul 31, 2026, 10:33 AM | 2 min read

തിരുവനന്തപുരം: ഒരു പന്തിയിൽ രണ്ട് ഊണ് എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ സോഷ്യൽ മീഡിയയിൽ അത്തരമൊരു ചിത്രം ഇപ്പോൾ കറങ്ങിനടക്കുന്നുണ്ട്. മറ്റാരുടേയുമല്ല, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചാവിഷയം. 'വൈകിയ ഊണ്' എന്ന അടിക്കുറിപ്പോടെ സംസ്ഥാന ഭാരവാഹികൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഫോട്ടോ പങ്കുവെച്ചുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്.


ഒരു നേതാവും അദ്ദേഹത്തിന്റെ സംഘവും ഊണ് കഴിക്കുന്നത് ട്രോൾ ചെയ്യേണ്ട കാര്യമുണ്ടോ എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ആ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. പാർടി സംസ്ഥാന അധ്യക്ഷന് വിഭവസമൃദ്ധമായ ഊണും, മറ്റ് സംസ്ഥാന ഭാരവാഹികൾക്ക് രണ്ടുമൂന്ന് തൊടുകറികൾ മാത്രമുള്ള ഊണും! ഇതിനുപിന്നാലെയാണ് ഊണുമേശയിലെ അസമത്വം ചൂണ്ടിക്കാട്ടി ട്രോളുകൾ വന്നുതുടങ്ങിയത്.


k surendran whatsapp statusഎന്നാൽ, ബിജെപി അധ്യക്ഷനെ ട്രോളി തുടങ്ങിയത് എതിർപക്ഷമൊന്നുമല്ല കേട്ടോ; അതിന് തുടക്കമിട്ടത് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെയാണെന്ന് പറയാം. 'അത്താഴപ്പട്ടിണിക്കാർ' എന്ന വാട്‌സാപ്പ് സ്റ്റാറ്റസുമായി, പ്രവർത്തകർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ഫോട്ടോ കെ സുരേന്ദ്രനും വാട്ട്സാപ്പ് സ്റ്റാറ്റസാക്കി. ഭാരവാഹി യോഗത്തിൽ സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുൻപ്രസിഡന്റുമാരെ ക്ഷണിച്ചിരുന്നില്ല.


സാമൂഹിക മാധ്യമങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. "ഒരു പന്തിയിൽ രണ്ട് തരം സദ്യ കേട്ടിട്ടേയുള്ളൂ... ഇപ്പോൾ കണ്ടു, ബിജെപിയിലെ മുതലാളിയും തൊഴിലാളികളും, ബിജെപിയുടെ യഥാർഥ മുഖം വ്യക്തമായി" എന്നെല്ലാമാണ് കമന്റുകൾ. "ഒരു പാർടി ഓഫീസ് ആകുമ്പോൾ എല്ലാവർക്കും ഒരേപോലെ വിളമ്പണം. ഇതിപ്പോൾ പ്രസിഡന്റിന് മാത്രം കുറെ കറികളും പപ്പടവും, ബാക്കിയുള്ളവർക്ക് എല്ലാം ഒരു പ്ലേറ്റിൽ ഇച്ചിരി തൊട്ടുകൂട്ടാനും. ഇതൊക്കെ വളരെ മോശം മനോഭാവമാണ്. വിളമ്പിയവരും കൊള്ളാം, വിളമ്പിയതിന് മുന്നിൽ ഇരുന്നവരും കൊള്ളാം" എന്ന് മറ്റൊരാളും മറുപടി കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.


പാർടിയിൽ രാജീവ് ചന്ദ്രശേഖർ മുതലാളിത്ത മനോഭാവം കാണിക്കുന്നു എന്ന് ബിജെപിക്കാരിൽ തന്നെ പലരും പറയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു ഫോട്ടോ പുറത്തുവരുന്നത്. ഈ ആരോപണങ്ങൾ കൂടുതൽ തെളിയിക്കുന്നതാണ് ഫോട്ടോ എന്നാണ് സോഷ്യൽ മീഡിയലെ വിമർശനം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home