സർവ മതവിഷജീവികളും മാളംവിട്ട് പുറത്തുവന്നു; ശ്രദ്ധിച്ചാൽ കേരളത്തിന് കൊള്ളാം: ബെന്യാമിൻ

ബെന്യാമിൻ
തിരുവനന്തപുരം: ഒരു ഉപതെരഞ്ഞെടുപ്പിൽ വലതുപക്ഷം വിജയിച്ചപ്പോഴേക്കും മതവിഷജീവികൾ മാളംവിട്ട് പുറത്തുവന്നിരിക്കുകയാണെന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന സൂംബ ഡാൻസിനെതിരെ ചില കോണുകളിൽനിന്ന് ഉയരുന്ന എതിർപ്പുകളോട് പ്രതികരിക്കുകയായിരുന്നു ബെന്യാമിൻ. ശ്രദ്ധിച്ചാൽ കേരളത്തിന് കൊള്ളാമെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സ്‌കൂളുകളിൽ നടപ്പാക്കിയ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയവയ്‌ക്കെതിരെ ഉയരുന്ന എതിർപ്പുകൾ ലഹരിയേക്കാൾ മാരകവിഷമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു. വിദ്യാർഥികൾ സ്‌കൂൾ യൂണിഫോമിൽ ലഘുവ്യായാമമായാണ് സൂംബ അവതരിപ്പിക്കുന്നത്. കുട്ടികളോട് ആരും അൽപ്പവസ്‌ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സർക്കാർ നിർദേശിക്കുന്ന പഠനപ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. അതിൽ രക്ഷിതാവിന് തെരഞ്ഞെടുപ്പ് അവകാശമില്ല. വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അധ്യാപകന് ബാധ്യതയുണ്ട്. കായികവിനോദങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും നല്ല ബോധവും വളർത്താൻ സഹായിക്കും. ഇതു പഠനത്തെയും വ്യക്തിത്വ വികാസത്തെയും ഗുണപരമായി സ്വാധീനിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
0 comments