മോദിസർക്കാർ നയങ്ങളുടെ പരാജയവും ദൗർബല്യവും തുറന്നു കാണിക്കുന്ന വ്യോമയാന പ്രതിസന്ധി: കോർപ്പറേറ്റ് പ്രീണനത്തെ വിമർശിച്ച് സോഷ്യൽമീഡിയ

ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് കൗണ്ടറിന് സമീപം കുടുങ്ങിയ യാത്രക്കാർ ലഗേജുകൾക്കായി തിരയുന്നു. photo credit: PTI
ന്യൂഡൽഹി : രാജ്യത്തിനകത്തും പുറത്തുമായി നിരവധി ജനങ്ങളെ യാത്രാദുരിതത്തിലാക്കിയ ഇൻഡിഗോ പ്രതിസന്ധിക്ക് പരിഹാരം കാണാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ പ്രവാഹം. മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോർപ്പറേറ്റ് പ്രീണനവും കുത്തകവൽക്കരണവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗവും പ്രതികരിക്കുന്നത്. കുത്തകവൽക്കരണം സമയത്ത് നിയന്ത്രിക്കാതെ, ഇത്തരം സന്ദർഭങ്ങളിൽ ഇടപെടേണ്ടിയിരുന്ന പൊതുമേഖല സ്ഥാപനത്തെ വിറ്റ് ഒഴിവാക്കിയതിന്റെ ഫലമാണ് വ്യോമയാന മേഖലയിലെ പ്രതിസന്ധിയെന്നാണ് വിമർശനം. അശാസ്ത്രീയമായ ഫ്ലൈറ്റ് ഡ്യൂട്ടി സമയപരിധി നിയന്ത്രണവും അത് നടപ്പിലാക്കുന്നതിലെ അപാകതയും വിമർശിക്കപ്പെടുന്നു. മധ്യ-ഉപരിമധ്യ വിഭാഗത്തെ ബാധിക്കുന്ന വിഷയമായതിനാൽ തുപ്പൽ തേച്ച് ഒട്ടിക്കുന്നതിന് സമാനമായ എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്നും നെറ്റിസൺസ് പറയുന്നു. ചുരുക്കം ചിലരിലേക്ക് വ്യവസായങ്ങൾ കേന്ദ്രീകരിക്കുകയും പൊതുമേഖല ഇല്ലാതാവുകയും ചെയ്ത എല്ലാ വ്യവസായത്തിലും ഇത് തന്നെയാണ് അവസ്ഥയെന്നും സ്ലോ പോയിസൺ ആയതിനാൽ ഇതുപോലെ മറനീക്കി പുറത്തുവരാത്തതാണെന്നും നെറ്റിസൺസ് വ്യക്തമാക്കുന്നു.
നാഴികയ്ക്ക് നാൽപ്പതുവട്ടം മോദിയും കേന്ദ്ര സർക്കാരും പറയുന്ന വികസിത് ഭാരതിനെതിരെയും ട്രോൾ മഴയാണ്. എല്ലാത്തിനും മുന്നിൽ ‘വികസിത്’ എന്ന് ചേർത്താൽ വികസനം ആകില്ല. ‘വിശ്വ ഗുരു’, ‘അമൃത് കാൽ’ എന്നൊക്കെ വാക്കുകളിൽ മാത്രം തിളക്കം ഉണ്ടാക്കിയാൽ കാര്യക്ഷമതയോ നിലവാരമോ ഉയരില്ല എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റ്. പതിനായിരക്കണക്കിന് യാത്രക്കാരെ വഴിയാധാരമാക്കി എന്ന് മാത്രമല്ല, ഒരു പരിഹാരവും പരിഹാരം ഉണ്ടാക്കാൻ ഉള്ള ശേഷിയും ഇല്ലാത്തതായി കേന്ദ്ര സർക്കാർ മാറിയെന്നും രൂക്ഷ വിമർശനം ഉയരുന്നു.
സ്വകാര്യ കുത്തക മുതലാളിമാരെ നിർമിക്കുന്നതാണ് ബിജെപിയുടെ സാമ്പത്തിക മോഡൽ. ആവശ്യത്തിന് നിയന്ത്രണങ്ങളോ കാര്യക്ഷമതയും ജനതാത്പര്യം സംരക്ഷിക്കാനുള്ള നിയമങ്ങളോ നിർമിക്കുന്നില്ല. സർക്കാരിന്റെ കെടുകാര്യസ്ഥതയും സ്വകാര്യ ക്രോണി അധിഷ്ഠിത സാമ്പത്തിക മോഡലും കൂടി ഉണ്ടാക്കി വച്ച പ്രതിസന്ധിയാണിതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. എല്ലാം സ്വകാര്യതവത്കരിക്കുക, സ്വകാര്യ വത്കരണം ആണ് പരിഹാരം, മുതലാളിത്തം ആണ് കാര്യക്ഷമം എന്നൊക്കെ ഇന്നും ‘വിജ്ഞാനം’ വിളമ്പുന്നവർക്ക് ഉള്ള പാഠം കൂടിയാണ് ഇങ്ങനെ രാജ്യത്തെ ഒരു പ്രധാന മേഖല പ്രതിസന്ധിയിൽ ആകുന്നതിന് കാരണമെന്നും നെറ്റിസൺസ് രൂക്ഷമായി വിമർശിക്കുന്നു.
അപര്യാപ്തമായ ആസൂത്രണം, ആക്രമണാത്മക ഷെഡ്യൂളിംഗ്, വ്യോമയാന പ്രൊഫഷണലുകൾ ഉന്നയിച്ച ദീർഘകാല ആശങ്കകൾ പരിഹരിക്കാനുള്ള മനസ്സില്ലായ്മ എന്നിവയുടെ ഫലമാണ് നിലവിലുണ്ടായ പ്രതിസന്ധിയെന്നും അനുഭവിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും സോഷ്യൽഡ മീഡിയയിൽ കമന്റുകൾ നിറയുന്നു.










0 comments