ആശമാരുടെ ഓണറേറിയം; എൽഡിഎഫ് സർക്കാർ വർധിപ്പിച്ചത് 8,000 രൂപ, നടക്കുന്നത് യാഥാർഥ്യം മറച്ചുള്ള പ്രചാരണം

തിരുവനന്തപുരം : ആശമാരുടെ ഓണറേറിയം 3000 രൂപ വർധിപ്പിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ യാഥാർഥ്യം മറച്ചുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. 8,000 രൂപയുടെ ആകെ വർധനവാണ് എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്തുണ്ടായത്. വി എസ് അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശ ഓണറേറിയം ദീർഘനാൾ നീണ്ട സമരത്തിനൊടുവിലാണ് 1000 ആയി വർധിപ്പിച്ചത്. പിന്നീട് എൽഡിഎഫ് ഭരണകാലത്ത് അത് വർധിപ്പിച്ച് 9,000 രൂപയാക്കി. ഇതാണ് യാഥാർഥ്യമെന്നിരിക്കെ ഇതിനെ മറച്ചുവയ്ക്കുകാണ് യുഡിഎഫും മാധ്യമങ്ങളും.
കഴിഞ്ഞ വർഷം നവംബർ മുതൽ ആശ വർക്കർ മാരുടെ ഹോണറേറിയത്തിൽ 1000 രൂപ വീതം വർധനവ് വരുത്തിയിരുന്നു. അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർധിപ്പിച്ചു. സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയവും 1000 രൂപ വർധിപ്പിച്ചു. പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയും വർധിപ്പിച്ചിരുന്നു. മാസം 1100 രൂപയുടെ അധിക വരുമാനമെങ്കിലും ഉറപ്പാക്കുന്ന രീതിയിലായിരുന്ന വർധന. പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനവും 1000 രൂപ വീതം വർധിപ്പിച്ചിരുന്നു. എന്നാൽ ഇവയൊന്നും വ്യക്തമാക്കാതെ എൽഡിഎഫ് നടത്തിയ വികസനപ്രവർത്തനങ്ങൾ പാടേ തഴഞ്ഞ് യുഡിഎഫിന് സ്തുതി പാടുകയാണ് ഒരു വിഭാഗം മാധ്യമങ്ങൾ.
കെ എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആശാപ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ മാസങ്ങളോളം സമരം നടന്നത്. തങ്ങൾ അധികാരത്തിൽ എത്തിയാൽ ആശമാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ അധികാരത്തിൽ എത്തിയതോടെ അദ്ദേഹം കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയി. 3000 രൂപയുടെ വർധനവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ ഇടതു സർക്കാർ തന്നെ വരുത്തിയിരുന്നു. രണ്ടാം പിണറായി സർക്കാർ മാത്രം 3000 രൂപയുടെ ആകെ വർധനവ് ആശാപ്രവർത്തകർക്ക് നൽകിയിട്ടുമുണ്ട്. അംഗൻവാടി, പ്രീ പ്രൈമറി, സ്കൂൾ പാചക തൊഴിലാളി, കരാർ ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഇതിനൊപ്പം ഇതേ നിരക്കിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു നൽകി.
ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ 1000 രൂപയായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർധിപ്പിച്ചു. 8,000 രൂപയുടെ ആകെ വർധനവാണ് ഈ കാലയളവിൽ ആശാപ്രവർത്തകർക്ക് നൽകിയത്.
വി എസ് അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശ ഓണറേറിയം വർധിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ല. അഞ്ചു വർഷ ഭരണത്തിനൊടുവിൽ 500 രൂപയുടെ വർധനവ് മാത്രമാണ് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത്. ഇതാണ് യാഥാർഥ്യം.










0 comments