തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുന്നത് ആർക്കുവേണ്ടി?

ഡോ. എ സമ്പത്ത്
Published on Jul 09, 2025, 04:46 PM | 6 min read
2019 ആഗസ്ത് എട്ടിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച മിനിമം വേതനത്തിനുള്ള ലേബർ കോഡ്, തൊഴിലെടുക്കുന്നവരുടെ ജോലിയുടെ അടിസ്ഥാനത്തിലല്ല. എന്നാൽ ഭൂമിശാസ്ത്രത്തിൻറേയും നൈപുണ്യത്തിൻറേയും അടിസ്ഥാനത്തിലാണെന്ന് വിഭാവന ചെയ്തു. കൂലി വിവിധ സംസ്ഥാനങ്ങൾ തൊഴിലാളികൾക്ക് ഡിജിറ്റൽ മോഡിൽ നല്കണമെന്നും വ്യാഖ്യാനിച്ചു. പത്തോ അതിലേറെയോ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളിലെ തൊഴിൽ സുരക്ഷിതത്വത്തെ കുറിച്ചും മറ്റും വാചാലമാകുന്ന ബിൽ പാർലമെൻററി സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ പോലും തൃണവൽഗണിച്ചു എന്നതാണ് സത്യം
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ട്രേഡ് യൂണിയനായ എഐടിയുസിയുടെ നൂറാമത് വാർഷികവും സിഐടിയു രൂപീകരണത്തിൻറെ അമ്പതാമത് വാർഷികവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ രാജ്യത്തെമ്പാടും സംഘടിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കൊല്ലമാണിത്. എഐടിയുസി (1920), ഐഎൻടിയുസി (1947), എച്ച്എംഎസ് (1948), യുടിയുസി (1949), ബിഎംഎസ് (1955), സിഐടിയു (1970) തുടങ്ങിയവയാണ് രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്ര ട്രേഡ് യൂണിയനുകൾ. ലോകത്ത് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കെതിരായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങളും അടിച്ചമർത്തലുകളും വല്ലാതെ വർദ്ധിച്ചിട്ടുള്ള കാലമാണിത്. സംഘടനാ സ്വാതന്ത്ര്യത്തിനും കൂട്ടായി വില പേശാനുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ നിയമനിർമാണം വഴിയും കോടതി ഉത്തരവുകൾ വഴിയും മാധ്യമ നുണപ്രചരണങ്ങൾ വഴിയും കവർന്നെടുത്തു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ സംഘടിത-അസംഘടിത മേഖലകളിലായി 50 കോടിയോളം പേർ പണിയെടുക്കുന്നുണ്ട്. തൊഴിലാളികളുടെ മിനിമം വേതനം, തൊഴിൽ സ്ഥിരത, അവധികൾ, തൊഴിൽ സുരക്ഷിതത്വം, ആരോഗ്യ പരിരക്ഷ, വിനോദത്തിനും വിശ്രമത്തിനുമുള്ള അവസരങ്ങൾ, പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷിതത്വ നടപടികൾ മുതലായ കാര്യങ്ങളിലെല്ലാം ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യയെന്ന രാഷ്ട്രം വളരെ മോശപ്പെട്ട ഒരു ഉദാഹരണമാണ്. നിയമവിരുദ്ധമായ ബാലവേല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദൈനംദിന കാഴ്ചയാണ്. പ്രസവാനുകൂല്യങ്ങൾക്ക് ഒരു സ്ത്രീയ്ക്കുള്ള ജൈവശാസ്ത്രപരമായ അവകാശം പോലും നിഷേധിക്കപ്പെടുന്നത് ഉയർന്ന സാങ്കേതിക പരിജ്ഞാനം നേടിയവർ പണിയെടുക്കുന്ന ഐടി മേഖലയിൽ വരെ നിത്യ കാഴ്‌ചയാണ്. സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ തൊഴിലാളികൾ നിക്ഷേപിക്കുന്ന കോടിക്കണക്കിന് രൂപ ഓഹരി വിപണിയിലിറക്കുന്ന രീതിയിലാണ് സാമൂഹ്യ സുരക്ഷാ കോഡ് നിർദ്ദേശം.
1926-ൽ നിലവിൽ വന്ന TU ആക്ട് വിഭാവന ചെയ്യുന്ന വ്യവസ്ഥകൾ അനുസരിച്ചാണ് രാജ്യത്തെ തൊഴിലാളി സംഘടനകളുടെ രൂപീകരണവും നടത്തിപ്പും പണിമുടക്കാനുള്ള അവകാശമുൾപ്പെടെയുള്ള വ്യവസ്ഥകളും. എന്നാൽ തൊഴിലാളി വർഗം തലമുറകളായി നടത്തിയ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളുടെ ഫലമാണ് പലപ്പോഴായി കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും അദ്ധ്വാനിച്ചു ജീവിക്കുന്നവരുടെ അവകാശങ്ങളിൽ ചിലതെങ്കിലും അംഗീകരിക്കൻ ഇടയായത്.
വ്യവസായിക ബന്ധങ്ങൾ സംബന്ധിച്ച കോഡ് പിരിച്ചു വിടാനുള്ള അവകാശം തൊഴിൽ ദാതാക്കൾക്കു നൽകുന്നു. ട്രേഡ് യൂണിയനുകൾ സ്വതന്ത്രമായി രൂപീകരിക്കാനോ അവകാശങ്ങൾക്കു വേണ്ടി പോരാടാനോ സാധിക്കില്ല. ഇപ്പോഴാകട്ടേ, എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന 1886 ലെ മഹത്തായ ചിക്കാഗോ സമരത്തിൻറെ മുദ്രാവാക്യത്തെ പോലും കാറ്റിൽ പറത്തുന്ന നടപടികളാണ് അന്തർദേശീയ തൊഴിൽ സംഘടനയുടെ (ILO) സ്ഥാപക അംഗങ്ങളിൽ ഒരാളായ ഇന്ത്യ സ്വീകരിക്കുന്ന നിലപാട്. ILO യിലെ സ്ഥിരാംഗമായ ഇന്ത്യ ഐക്യരാഷ്ട്ര സഭയിലെ മറ്റ് അംഗങ്ങൾക്ക് മാതൃക ആകേണ്ടതിനു പകരം പത്തൊമ്പതാം നൂറ്റാണ്ടിൻറെ പകുതികളിലേയ്ക്ക്, ഇരുട്ട് നിറഞ്ഞ പകലുകളിലേയ്ക്കും ഇരുൾ മൂടിയ ജീവിതങ്ങളിലേയ്ക്കും തിരിച്ചുപോകാനുള്ള ആസൂത്രിതമായി നീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയിലെ 193 രാഷ്ട്രങ്ങളിൽ 186 പേരും ILO അംഗങ്ങളാണ്.
2019 ജൂലൈ 30 ന് ലോക്സഭയും ആഗസ്റ്റ് രണ്ടിന് രാജ്യസഭയും പാസ്സാക്കിയ ലേബർ കോഡ് ഓൺ വേജസ് ബിൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന പതിനേഴ് തൊഴിൽ നിയമങ്ങളെയാണ് കൈവച്ചത്. ജൂലൈ 26 ന് അവസാനിക്കേണ്ടിയിരുന്ന പാർലമെൻറ് സമ്മേളനം ആഗസ്റ്റ് 7 വരെ നീട്ടിയത് (അങ്ങനെ നീട്ടേണ്ട സാഹചര്യമുണ്ടായിരുന്നില്ല) തന്നെ തൊഴിലാളി ദ്രോഹ ബില്ലുകൾ പാസ്സാക്കാൻ വേണ്ടിയും കാശ്മീരിൻറെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 എടുത്തുകളയാനുമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക മാന്ദ്യം രൂക്ഷമായി കൊണ്ടിരിക്കുന്ന കാലത്ത് തൊഴിലാളി വർഗത്തിന് എതിരായി പാർലമെൻറിനെ ആയുധമാക്കി, കോർപ്പറേറ്റ്- ചൂഷക വർഗ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണഘടനയെ വെല്ലുവിളിക്കുകയും, പാർലമെൻറിനെ നോക്കുകുത്തിയാക്കുകയും, കീഴ്വഴക്കങ്ങളെ മറികടക്കുന്നതുമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. 1948 ലെ മിനിമം വേജസ് ആക്ട് 1936 ലെ പേയ്മെൻറ് ഓഫ് വേജസ് ആക്ട് 1965 ലെ പേയ്മൻറ് ഓഫ് ബോണസ് ആക്ട് 1976 ലെ ഈക്വൽ റെമൂണറേഷൻ ആക്ട് തുടങ്ങിയവയിൽ വേതനത്തെ കുറിച്ചുള്ള നിർവചനങ്ങളിൽ മാറ്റം വരുത്തി. തൊഴിൽ വകുപ്പ് മന്ത്രി കാര്യാലയം നാല്പത്തി നാല് തൊഴിൽ നിയമങ്ങളെ നാല് കോഡുകളായി ചുരുക്കാനാണ് ഉദ്ദേശിക്കുന്നത്- വേതനം, വ്യവസായ ബന്ധങ്ങൾ, സാമൂഹിക സുരക്ഷിതത്വം എന്നിവയ്ക്കു പുറമേ സുരക്ഷാ, ആരോഗ്യം, തൊഴിൽ സാഹചര്യം എന്നിവയിലായാണ്.
1.വേജ് കോഡ്
a. മിനിമം വേജ് ആക്ട് 1948
b. പെയ്മെൻറ് ഓഫ് വേജസ് ആക്ട് 1936
c. പെയ്മെൻറ് ഓഫ് ബോണസ് ആക്ട് 1965
d. ഈക്വൽ റിന്യൂമറേഷൻ ആക്ട് 1976
2. ദ ഓക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻറ് വർക്കിംഗ് കണ്ടീഷൻസ് കോഡ്
a. ഫാക്ടറീസ് ആക്ട് 1948
b. മൈൻസ് ആക്ട് 1952
c. ദ ഡോക് വർക്കേഴ്സ് (സേഫ്റ്റി, ഹെൽത്ത്, വെൽഫെയർ) ആക്ട് 1986
d. ദ ബിൽഡിംഗ് ആൻറ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് (റെഗുലേഷൻ ഓഫ് എംപ്ലോയ്മെൻറ് ആൻറ് കണ്ടീഷൻസ് ഓഫ് സർവീസ്) ആക്ട് 1996
e. പ്ലാൻറേഷൻ ലേബർ ആക്ട് 1951
f. സെൻട്രൽ ലേബർ (റെഗുലേഷൻ & അബോളിഷൻ) ആക്ട് 1970
g. ഇൻറെർസ്റ്റേറ്റ് മൈഗ്രൻറ് വർക്ക്മാൻ ( റെഗുലേഷൻ ഓഫ് എംപ്ലോയ്മെൻറ് & കണ്ടീഷൻസ് ഓഫ് സർവീസ്) ആക്ട് 1979
h. വർക്കിംഗ് ജേർണലിസ്റ്റ് & അദർ ന്യൂസ് പേപ്പർ എംപ്ലോയീസ് (കണ്ടീഷൻസ് ഓഫ് സർവീസ് & മിസലേനിയസ് പ്രൊവിഷൻ) ആക്ട് 1955
i. വർക്കിംഗ് ജേർണലിസ്റ്റ് (ഫിക്സേഷൻ ഓഫ് റേറ്റ്സ് ഓഫ് വേജസ്) ആക്ട് 1958
j. മോട്ടോർ ട്രാൻസ്പോർട് ആക്ട് 1961
k. സെയിൽസ് പ്രൊമോഷൻ എംപ്ലോയീസ് (കണ്ടീഷൻസ് ഓഫ് സർവീസ്) ആക്ട് 1976
l. ബീഡി & സിഗാർ വർക്കേഴ്സ് (കണ്ടീഷൻസ് ഓഫ് എംപ്ലോയ്മെൻറ്) ആക്ട് 1966
m. സിനി വർക്കേഴ്സ് & സിനിമ തീയേറ്റർ വർക്കേഴ്സ് ആക്‌ട് 1981
3.ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്
a. ഇൻഡസട്രിയൽ ഡിസ്പ്യൂട്ട് ആക്ട് 1947
b. ട്രേഡ് യൂണിയൻ ആക്ട് 1926
c. ഇൻഡസ്ട്രിയൽ എംപ്ലോയ്മെൻറ് (സ്റ്റാൻഡിംഗ് ഓർഡേഴ്സ്) ആക്ട് 1946
4. സോഷ്യൽ സെക്യൂരിറ്റി കോഡ്
a. എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് 1923
b. എംപ്ലോയീസ് പ്രോവിഡൻറ്സ് ഫണ്ട്സ് ആൻറ് മിസലേനിയസ് പ്രൊവിഷൻ ആക്ട് 1952
c. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്ട് 1948
d. മെറ്റേർണിറ്റി ബെനിഫിറ്റ് ആക്ട് 1961
e. പെയ്മെൻറ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് 1972
f. അൺഓർഗനൈസ്ഡ് വർക്കേഴ്സ് സോഷ്യൽ സെക്യൂരിറ്റി ആക്ട് 2008
g. ബിൽഡിംഗ് ആൻറ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് സെസ്സ് ആക്ട് 1996
h. മൈക്കാ മൈൻസ് ലേബർ വെൽഫയർ ഫണ്ട് ആക്ട് 1946
i. സിനി വർക്കേഴ്സ് വെൽഫയർ (സെസ്സ്) ആക്ട് 1981
j. സിനി വർക്കേഴ്സ് വെൽഫയർ ആക്ട് 1981
k. ലൈൻസ്റ്റോൺ ആൻറ് ഡോളോമൈറ്റ് മൈൻസ് ലേബർ വെൽഫയർ ഫണ്ട് ആക്ട് 1972
l. അയൺ ഓർ മൈൻസ്, മാംഗനീസ് ഓർ മൈൻസ് ആൻറ് ക്രോം ഓർ മൈൻസ് ലേബർ വെൽഫയർ ഫണ്ട് ആക്ട് 1976
m. ബീഡി വർക്കേഴ്സ് വെൽഫയർ സെസ്സ് ആക്ട് 1976
n. ബീഡി വർക്കേഴ്സ് വെൽഫയർ ഫണ്ട് ആക്ട് 1976
നിലവിലുള്ള നിയമങ്ങൾ തന്നെ നടപ്പാക്കപ്പെടാത്ത ഈ രാജ്യത്ത് ഇനിയും അവയിൽ വെള്ളം ചേർക്കുന്നത് കഴിഞ്ഞ കാല കഥയായി മാറി. പൊളിച്ചെഴുത്തു തന്നെ നിർദാക്ഷണ്യം ആരംഭിച്ചിരിക്കുകയാണിപ്പോൾ.
2019 ആഗസ്ത് എട്ടിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച മിനിമം വേതനത്തിനുള്ള ലേബർ കോഡ്, തൊഴിലെടുക്കുന്നവരുടെ ജോലിയുടെ അടിസ്ഥാനത്തിലല്ലാ. എന്നാൽ ഭൂമിശാസ്ത്രത്തിൻറേയും നൈപുണ്യത്തിൻറേയും അടിസ്ഥാനത്തിലാണെന്ന് വിഭാവന ചെയ്തു. കൂലി വിവിധ സംസ്ഥാനങ്ങൾ തൊഴിലാളികൾക്ക് ഡിജിറ്റൽ മോഡിൽ നല്കണമെന്നും വ്യാഖ്യാനിച്ചു. പത്തോ അതിലേറെയോ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളിലെ തൊഴിൽ സുരക്ഷിതത്വത്തെ കുറിച്ചും മറ്റും വാചാലമാകുന്ന ബിൽ പാർലമെൻററി സ്റ്റാൻറിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ പോലും തൃണവൽഗണിച്ചു എന്നതാണ് സത്യം. മിനിമം വേതനം പ്രതിദിനം 178 രൂപ എന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം ഇന്ത്യൻ ലേബർ കോൺഫറൻസിലെ ത്രികക്ഷി (കേന്ദ്ര ഗവ., സംസ്ഥാന ഗവൺമെൻറുകൾ, ട്രേഡ് യൂണിയനുകൾ) ചർച്ചകൾക്കു ശേഷം എത്തിച്ചേർന്ന കലോറി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. തൊഴിൽ മന്ത്രി കാര്യാലയത്തിൻറെ ഉന്നത അധികാര സമിതി നേരത്തേ ശുപാർശ ചെയ്തിരുന്നത് പ്രതിദിനം 375 രൂപയാണ്. എന്നു മാത്രമല്ല ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ എത്തിച്ചേർന്ന പ്രതിദിനം 700 രൂപ എവിടെ? ഇപ്പോഴത്തെ മിനിമം വേതനം എവിടെ?. പുരുഷന്മാരെക്കാൾ നാല്പത്തിയഞ്ചു ശതമാനം കുറവാണ് അതേ പണികൾ ചെയ്യുന്ന സ്ത്രീകളായ തൊഴിലാളികൾക്ക് കൂലിയായി ലഭിക്കുന്നത്.
ഔപചാരിക മേഖലയിലെ മുക്കാൽ പങ്ക് സ്ഥിരം തൊഴിലാളികൾക്കും പ്രതിമാസം ഇരുപതിനായിരം രൂപയിൽ താഴെയാണ് വരുമാനം. നാല്പത്തിയഞ്ചിലേറേ കേന്ദ്ര നിയമങ്ങളേയും നൂറിലേറെ സംസ്ഥാന നിയമങ്ങളേയും പൊളിച്ചെഴുതുന്നത് വൻകിട കമ്പനികളുടെ താല്പര്യങ്ങളെ ഇന്ത്യാ ഗവൺമെൻറ് രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടു പെടുന്ന, ഏതു നിമിഷവും നഷ്ടപ്പെടാവുന്നതും പരിമിതമായതുമായ തൊഴിൽ തേടി അലയുന്ന കോടിക്കണക്കിന് ആളുകളുടെ വയറ്റിൽ ചവിട്ടുന്നതിന് സമാനവുമാണ്.
ആധുനിക സാങ്കേതിക വിദ്യയുടെ വ്യാപനവും തൊഴിലുകളുടെ വികേന്ദ്രീകരണവും ഒരു കൂരയ്ക്കു കീഴിൽ പണിയെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്.
ഒരു കിലോഗ്രാം സവാളയ്ക്ക് പാർലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്നതിൻറെ അഞ്ചിരട്ടി വിലയായി തൊണ്ണൂറ് രൂപ, ഒരു കിലോ തക്കാളിക്ക് 55 രൂപ, ഒരു ലിറ്റർ പാലിന് 60 രൂപ എന്ന നിലയിലേയ്ക്ക് വിലക്കയറ്റം രൂക്ഷമായ രാജ്യതലസ്ഥാനത്തിരുന്നാണ് ഞാനിതെഴുതുന്നത്. ഉണക്ക ഗോതമ്പ് റൊട്ടിയും പരിപ്പുകറിയും സവാളയും മാത്രം കഴിച്ച് വിശപ്പടക്കലും പ്രോട്ടീൻ സംഭരണവും ശരീരകലകൾക്കു വേണ്ട വിറ്റാമിനുകളും ഉൾപ്പെടെ ഒരു തൊഴിലാളി കുടുംബം (നാലു പേരേ ഉള്ളൂവെന്ന് സങ്കല്പിച്ചാൽ പോലും) കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ മിനിമം വേതനം കൊണ്ട് എങ്ങിനെയാണ് മനുഷ്യജീവൻ നിലനിർത്തുക. അനൗപചാരിക മേഖലയിലും അസംഘടിത മേഖലയിലും പ്രതിമാസം പരമാവധി തൊഴിൽ ഇരുപത്-ഇരുപത്തഞ്ച് ദിവസം ലഭിച്ചാൽ ഭാഗ്യമായി കരുതാം. ചുരുക്കത്തിൽ 'ഏട്ടിലെ പശു പുല്ലു തിന്നുന്നില്ല'.
രാജ്യസ്നേഹവും ദേശഭക്തിയും 'അതിർത്തിക്കപ്പുറത്തു നിന്നുള്ള ശത്രു' വിനെ കുറിച്ചുള്ള ഉമ്മാക്കി കാട്ടിയുള്ള പ്രസംഗങ്ങൾക്ക് അരച്ചാൺ വയറിൻറെ അഗ്നി അടക്കാൻ ആവില്ലായെന്നുമാണ് പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പുകളും കർണാടകയിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുകളും നമ്മെ പഠിപ്പിക്കുന്നത്. വികസനം എന്നത് രാജ്യത്തെ അടിസ്ഥാന മേഖലകളിൽ പൊതുമുതൽ മുടക്കോടെ ആരംഭിക്കേണ്ടതാണ്. കൂടുതൽ ജനങ്ങൾക്ക് കൂടതൽ അടിസ്ഥാന സൗകര്യങ്ങൾ, ജീവിത നിലവാരത്തിലെ ഉയർച്ചയിൽ കൂടി അനുഭവവേദ്യമാകേണ്ടതാണ്. കണക്കുകൾ കള്ളം പറയില്ലായെങ്കിലും കണക്കുകൾ കൊണ്ട് കള്ളത്തരം പറയാം. ഇരുട്ട് നിറഞ്ഞ മുറിയിലെ ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പാൻ അന്ധനോട് ആവശ്യപ്പെടുന്നത് പോലെയാണ് തൊഴിലും വരുമാനവും ഇല്ലാത്തവരോട് അഞ്ചു ട്രില്യൻ ഡോളറിലേക്കുള്ള സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടേയും, കുറയുന്ന(?) വിലക്കയറ്റത്തിൻറേയും പൊള്ളയായ കണക്കുകൾ അവതരിപ്പിക്കുന്നത്. സർക്കാർ കണക്കുകൾ കൊണ്ട് സാധാരണക്കാരൻറെ കഞ്ഞി വേവിക്കാനാകില്ലല്ലോ?
ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും, ജീവിക്കാനായി പണിയെടുക്കുന്നവരുടെ സംഘടനയും മാത്രമല്ല അദ്ധ്വാനത്തിൻറെ മഹത്വത്തിൽ വിശ്വസിക്കുന്നവരുമെല്ലാം ഒന്നിച്ച് അണിചേർന്ന് തൊഴിലാളി വിരുദ്ധ നടപടികളെ ചെറുത്തില്ലായെങ്കിൽ വരുംകാല തലമുറ അവരുടെ മുൻഗാമികളായ നമ്മുടെ തലമുറയെ എന്തായിരിക്കും വിശേഷിപ്പിക്കുക. പണാധിപത്യ ശക്തികളും പണിയെടുക്കുന്നവരും തമ്മിലുള്ള പോരാട്ടത്തിൽ നിങ്ങൾ ആർക്കൊപ്പം?.
(2020 ൽ കിലെ ന്യൂസ് മാഗസിന് വേണ്ടി എഴുതിയത്..)










0 comments