ad
Deshabhimani

ചിരിയുടെ ഇന്നച്ഛൻ കാലം..

innocent
avatar
കൃഷ്ണപ്രിയ സി വി

Published on Mar 26, 2026, 03:51 PM | 2 min read

ജീവിതത്തിലെ പല ഘട്ടങ്ങളും അൽപം നർമം കലർത്തി സംസാരിക്കാൻ ഇന്നസെന്റിനെ തേടി പോകുന്നവരാണ് നമ്മൾ മലയാളികൾ..വിയറ്റ്നാം കോളനിയിലെ കെ കെ ജോസഫും കല്യാണരാമനിലെ മിസ്റ്റർ പോഞ്ഞിക്കരയും കിലുക്കത്തിലെ കിട്ടുണ്ണിയുമൊക്കെ നമ്മുടെ നിത്യ ജീവിതത്തിലെ സ്ഥിരം സന്ദർശകരാണ്. കഥാപാത്രങ്ങളെക്കാൾ ചില ഡയലോ​ഗുകളാണ് നമ്മിൽ കൂടുതൽ പേർക്കും പരിചിതം. തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും, വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കാട്ടിതരാൻ ഇന്നസെന്റിനായി.


പേരിലുള്ള നിഷ്‍കളങ്കത സിനിമയ്‍ക്ക് പുറത്തേയ്ക്കും കൊണ്ടു വന്നു അദേഹം നമ്മെ രസിപ്പിച്ചു, ചിന്തിപ്പിച്ചു.. ഇന്ന്, യൂട്യൂബിലും മറ്റും കാണുന്ന അത്തരം നർമ്മ സംഭാഷണങ്ങളിലൂടെ ഇന്നസെന്റ് പുതിയ കാലത്തും നിറഞ്ഞു നില്‍ക്കുകയാണ്. അദ്ദേഹത്തോടൊപ്പം മലയാളികൾ ചിരിച്ചത് എത്രയെത്ര വർഷങ്ങളാണ്.. ഓരോ കഥാപാത്രവും മനസില്‍ മായാതെ നില്‍ക്കുന്നു. മലയാളസിനിമയില്‍ ഒരു ചിരിക്കാലം ബാക്കിയാക്കിയാണ് ഇന്നസെന്‍റ് മടങ്ങിയത്. അഞ്ഞൂറിലേറെ സിനിമകള്‍, അത്രയും തന്നെ കഥാപാത്രങ്ങള്‍. മാന്നാർ മത്തായിയും കെ ടി മാത്യുവും ഇനാശുവും അയ്യപ്പന്‍ നായരും പൊതുവാളും തോറ്റ എംഎല്‍എയും ഫാ തരക്കണ്ടവും ഡോ പശുപതിയും സ്വാമിനാഥനുമെല്ലാം അവയില്‍ ചിലത് മാത്രമാണ്.


ചിരിയ്ക്കപ്പുറം പ്രേക്ഷകരെ കണ്ണീരണിയിക്കാനും ഇന്നസെന്റിലെ ന‌ടന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ദേവാസുരത്തിലെ വാര്യരും കാബൂളിവാലയിലെ കന്നാസുമൊക്കെ പിറവിയെടുക്കുന്നത്. പൊൻമുട്ടയിടുന്ന താറാവിലെ പണിക്കരും മഴവിൽക്കാവടിയിലെ ശങ്കരൻകുട്ടി മേനോനുമൊക്കെ മലയാളിക്ക് ഇന്നും ഗൃഹാതുരമായ നല്ല ഓർമ്മകളാണ്.


ഇന്നസെന്റ് എന്നു പറയുമ്പോൾ തമാശയ്ക്കപ്പുറം ചില പാട്ടുകൾ കൂടി നമ്മുടെ നാവിൻതുമ്പിൽ എത്താറില്ലേ.. അഴ​ഗാന നീലിവരും.., ആനച്ചന്തം ​ഗണപതി മേളച്ചന്തം, കുണുക്ക് പെൺമണിയെ..., അമ്പിളി അമ്മാവാ താമരക്കുമ്പിളിൽ എന്തെങ്കിലുമുണ്ടോ? തുടങ്ങിയ പാട്ടുകള്‍ ഇന്നിപ്പൊൾ റീലുകൾ ഭരിക്കുന്ന കാഴ്ചയും നാം കാണുകയാണ്..


ചിരിക്കൊണ്ട് നിറഞ്ഞ ജീവിതത്തില്‍ അപ്രതീക്ഷിതമായാണ് കാന്‍സര്‍ രോഗം കടന്നു വരുന്നത്. ഏവരും പതറിപ്പോകുന്ന ഒരു രോ​ഗത്തെ ചിരിച്ചുകൊണ്ടാണ് അദേഹം നേരിട്ടത്. ചിരിയിലൂടെ പ്രത്യാശ ജനിക്കുമെന്ന് ഇന്നസെന്റ്, അയാളുടെ ജീവിതം കൊണ്ട് നമുക്ക് കാട്ടി തന്നു. കാന്‍സര്‍ സ്ഥിരീകരിച്ച കാലം തൊട്ട് ഇങ്ങോട്ട് ചിരിച്ച മുഖവുമായി അല്ലാതെ അദേഹത്തെ നമ്മളാരും കണ്ടിട്ടില്ല. ഏത് പ്രതിസന്ധിയിലും ഹ്യൂമറാണ് മറുമരുന്നെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.


രോ​ഗം ഒരു തരത്തിൽ ഭേദപ്പെട്ട ഘട്ടത്തിലാണ് 'ക്യാൻസർ വാർ​ഡിലെ ചിരി' എന്ന പുസ്തകവുമായി അദേഹം നമുക്ക് മുന്നിലെത്തിയത്. തന്‍റെ പച്ചയായ ജീവിതത്തില്‍ നര്‍മ്മം ചാലിച്ചെഴുതിയത് ഒട്ടേറെ വായനക്കാരെ ഇന്നും സ്വാധീനിക്കുന്നു. ഇന്നസെന്റില്ലാത്ത മലയാള സിനിമ പൂർത്തിയാവുകയില്ല എന്നതാണ് സത്യം. ജീവിതത്തിലെ പല പ്രതിസന്ധി നേരത്തും മനസിലേയ്ക്ക് ഓടി വന്ന് അതിലൊരു നർമം കലർത്താൻ മലയാളിയെ പഠിപ്പിച്ച പ്രിയപ്പെട്ട മനുഷ്യാ.. ചിരിയിൽ പൊതിഞ്ഞ കണ്ണുനീർ കൊണ്ടല്ലാതെ നിങ്ങളെ ഓർക്കാനാവുന്നില്ല...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home