'രാജീവ് ചന്ദ്രശേഖറിനോട് ഒരു അഭ്യർഥനയുണ്ട്, വിഡ്ഢിത്തം പറഞ്ഞോളൂ, വീണിടത്ത് കിടന്നുരുളരുത്'

തിരുവനന്തപുരം: കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം കേരളത്തിലെ യുവാക്കൾ വൻതോതിൽ വിദേശത്തേയ്ക്ക് പോകുന്നതുകൊണ്ടാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സിപിഐ എം കേന്ദ്രകമ്മറ്റി അംഗം ഡോ. തോമസ് ഐസക്.
ഒരു വിഡ്ഢിത്തം പറഞ്ഞു. ക്ഷമിക്കാം. പക്ഷേ, വീണിടത്ത് കിടന്നുരുളരുത്. അതാണിപ്പോൾ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ ഭരണ മികവിന്റെ സാക്ഷ്യപത്രമാണ് ശിശുമരണ നിരക്ക് കുറഞ്ഞത്. മനസിലാക്കേണ്ട ഒന്നുണ്ട്. ശിശുമരണനിരക്ക് പത്തിൽ താഴെയാക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. കൃത്യമായ പ്ലാനിങ്ങിലൂടെ, ഹൃദ്യം പോലുള്ള പരിപാടികളിലൂടെ ഒക്കെയാണ് പത്തു വർഷം കൊണ്ട് സർക്കാർ ഇത് നേടിയെടുത്തത്.
ഫെയ്സ്ബുക്ക് കുറിപ്പ്
ഒരു വിഡ്ഢിത്തം പറഞ്ഞു. ക്ഷമിക്കാം. പക്ഷേ, വീണിടത്ത് കിടന്നുരുളരുത്. അതാണിപ്പോൾ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ചെയ്തുകൊണ്ടിരിക്കുന്നത്. ആപാദചൂഢം ചെളിയിൽ പൂണ്ടുകിടക്കുകയാണ്. കേരളത്തിലെ ശിശു മരണ നിരക്ക് കുറയാൻ കാരണം ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നതാണ് എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. അതിൽ കമ്മികൾ അങ്ങിനെ അഹങ്കരിക്കേണ്ട കാര്യമൊന്നുമില്ല. കുട്ടികളുടെ ജനന നിരക്ക് കുറയാൻ കാരണം കേരളത്തിലെ യുവാക്കൾ പുറത്തേയ്ക്ക് പോകുന്നതാണ് എന്നും അദ്ദേഹത്തിന് അഭിപ്രായം ഉണ്ട്.
സാമാന്യ വിദ്യാഭ്യാസം ഉള്ള ഒരു മനുഷ്യൻ ആണല്ലോ അദ്ദേഹം? ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നത് മരിക്കുന്ന കുട്ടികളുടെ തോതിനെ (Rate) ബാധിക്കില്ലായെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി മതിയല്ലോ? അപ്പോൾ പിന്നെ എന്താണ് ചെയ്യേണ്ടിയിരുന്നത്? തെറ്റ് സമ്മതിച്ചു ക്‌ളീൻ സ്ളേറ്റിൽ വേറെ എന്തെങ്കിലും പറയാൻ നോക്കുക.
എന്നാൽ രാജീവ് ചന്ദ്രശേഖർ ആൾ വേറെയാണ്. വീണ്ടും പത്രസമ്മേളനം വിളിച്ചുകൂട്ടി അദ്ദേഹം പറഞ്ഞ മണ്ടത്തരം ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. കൂട്ടിന് മുൻമന്ത്രി മുരളീധരനുമുണ്ട്. ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരുകളെ അപേക്ഷിച്ചു കേരളം നേടിയ മികവ് അവരെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ടെന്ന് പത്രസമ്മേളനത്തിൽ വ്യക്‌തമായി. രാജീവ് ചന്ദ്രശേഖർ ഇത് തുറന്നു പറഞ്ഞു. ശിശു മരണനിരക്ക് അഞ്ച് എന്ന് പറഞ്ഞു നിങ്ങൾ കമ്മികൾ ഒരു ‘നരേറ്റീവ്’ സൃഷ്ടിക്കുകയാണ്. അത്തരം ‘നരേറ്റീവു’കൾ ഞങ്ങൾ സമ്മതിച്ചുതരില്ല, അനുവദിക്കുകയുമില്ല.
പിന്നെ… ഇയാളുടെ സമ്മതം ഉണ്ടെങ്കിൽ അല്ലേ ഞങ്ങൾക്ക് ‘നരേറ്റീവ്’ ഉണ്ടാക്കാൻ ആവൂ. കേരളത്തിന്റെ ഈ ‘നരേറ്റിവ്’ തുടങ്ങിയിട്ട് നാളുകുറച്ചായി. 1975ൽ “ദാരിദ്ര്യം തൊഴിലില്ലായ്മ വികസനനയം” എന്ന പേരിൽ ഐക്യരാഷ്ട്ര സഭയ്ക്ക് വേണ്ടി ഡോ. കെ എൻ രാജിന്റെ നേതൃത്വത്തിൽ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ വിശ്രുത പഠനം പുറത്തുവന്നതുമുതലാണ് ഈ ‘നരേറ്റീവ്’ ആരംഭിച്ചത്. അത് ഇവിടുത്തെ കുറച്ചു ബിജെപിക്കാർ വിചാരിച്ചാൽ ഒന്നും ഇല്ലാതാക്കാൻ പറ്റില്ല. കേരളത്തെക്കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞാൽ ബിജെപിക്കാർ എന്തിനാ ഇത്ര അസ്വസ്ഥരാവുന്നത്? നിങ്ങൾക്ക് ഈ കേരള സൃഷ്ടിയിൽ ഒരു പങ്കുമില്ല. മാത്രമല്ല നിങ്ങൾ പൊക്കി പിടിക്കുന്ന ചാതുർവർണ്യ - സനാതന ധർമ്മങ്ങളെയെല്ലാം തകർത്തെറിഞ്ഞാണ് കേരളം മുന്നോട്ട് വന്നത്. പിന്നെ നിങ്ങളുടെ ഒരു ഡബിൾ എൻജിൻ സർക്കാരും സാമൂഹ്യ നേട്ടങ്ങളുടെ കാര്യത്തിൽ കേരളത്തിന്റെ അടുത്ത് പോലും വരില്ല.
ഇതൊക്കെ ശരി. പക്ഷേ, നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ലല്ലോ ഇതൊക്കെ നേടിയെടുത്തത്? ഇടതുപക്ഷത്തിനിത്ര ആവേശം കൊള്ളാൻ എന്തിരിക്കുന്നു? എന്നാണ് പ്രതിപക്ഷനേതാവ് ചോദിക്കുന്നത്. ഒരു തർക്കവും ഇല്ല ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും കാലം മുതൽ തുടങ്ങിയതാണ് ഈ മുന്നേറ്റം. പക്ഷേ, അതിനെ ശക്തിപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകുവാനും ഞങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തർക്ക വിഷയമായ ശിശുമരണ നിരക്ക് എടുക്കാം. കേരളം രൂപീകരിക്കുമ്പോൾ ശിശു മരണ നിരക്ക് ഏതാണ്ട് 120 ആയിരുന്നു. ഇന്ത്യയുടേത് 140- 160 ഉം. വലിയ വ്യത്യാസമില്ല, എന്നാൽ പിന്നീട് കേരളത്തിലേത് ഇന്ത്യയെ അപേക്ഷിച്ച് അതിവേഗത്തിൽ കുറയാൻ തുടങ്ങി. വിഎസ് സർക്കാരിന്റെ കാലത്ത് അത് 12 ആയി. ശേഷം വന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അതെ അവസ്ഥമാറ്റം ഇല്ലാതെ തുടർന്നു. എന്നാൽ കേരളത്തിൽ ഇപ്പോഴത് അഞ്ച് ആണ്. അമേരിക്കയിലെ ശിശുമരണ നിരക്കിലും താഴെ. ഇന്ത്യയിലാവട്ടെ 25 ഉം. അത് വെറുതെ ഉണ്ടായതല്ല. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ ഭരണ മികവിന്റെ സാക്ഷ്യപത്രമാണ് അത്. മനസിലാക്കേണ്ട ഒന്നുണ്ട്. ശിശുമരണനിരക്ക് പത്തിൽ താഴെയാക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. കൃത്യമായ പ്ലാനിങ്ങിലൂടെ, ഹൃദ്യം പോലുള്ള പരിപാടികളിലൂടെ ഒക്കെയാണ് പത്തു വർഷം കൊണ്ട് സർക്കാർ ഇത് നേടിയെടുത്തത്. ഈ നേട്ടത്തെ ഹസിക്കേണ്ടത് യുഡിഎഫിന്റെ രാഷ്ട്രീയ ആവശ്യം. പക്ഷേ, കേരളത്തെ ഹസിക്കാൻ ബിജെപിയോടൊപ്പം ചേരരുത്.
രാജീവ് ചന്ദ്രശേഖറിനോട് അവസാനമായി ഒരു അഭ്യർഥന. ദയവു ചെയ്ത് കേരളത്തെ നിങ്ങളുടെ ഡബിൾ എൻജിൻ ഉള്ള സംസ്ഥാനങ്ങളെ പോലെ “വികസിത”മാക്കരുത്. അവരുടെ ശിശു മരണ നിരക്ക് കേട്ടോളു. ഉത്തർ പ്രദേശ്- 37, ഒഡീഷ- 30, ആസാം- 30, രാജസ്ഥാൻ- 29, ബീഹാർ- 23, പിന്നെ സമ്പൂർണ്ണ “വികസിത” ഗുജറാത്ത് -20.










0 comments