വടക്കുകിഴക്കൻ യുവതിയെ അധിക്ഷേപിച്ച് യുവാക്കള്‍; ദൃശ്യങ്ങൾ പകർത്തി യുവതി

വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള യുവതിയെ പിന്നാലെ നടന്ന് അധിക്ഷേപിച്ച് മൂന്ന് പേർ. യുവതിയെ മൂന്ന് പുരുഷൻമാർ പിന്തുടരുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. യുവതി തന്നെയാണ് സംഭവം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വടക്കുകിഴക്കൻ സ്വദേശിനിയായ ചിരോ എന്ന യുവതിയാണ് തനിക്കുണ്ടായ ഈ ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.
തനിക്ക് ഹിന്ദി അറിയില്ലെന്ന് കരുതിയാണ് ഈ പുരുഷന്മാർ മോശമായി പെരുമാറിയതെന്നും തന്റെ രൂപം അല്പം വ്യത്യസ്തമായതുകൊണ്ടാണ് ഇത്തരത്തിൽ അവഹേളിക്കപ്പെട്ടതെന്നും യുവതി പറഞ്ഞു. തനിച്ച് നടന്നുപോവുന്ന പെൺകുട്ടികളെ കാണുമ്പോൾ ഇത്തരത്തിലുള്ള പുരുഷന്മാർ മോശമായി പെരുമാറുന്നത് പതിവാണെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇവർ തന്നെ വിടാതെ പിന്തുടരുകയും പരിഹസിക്കുകയും ചെയ്തതായും അവർ കൂട്ടിച്ചേർത്തു.
യുവതി ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇവർ പിന്മാറാൻ തയ്യാറായില്ല. അവർ ക്യാമറയ്ക്ക് നേരെ നോക്കി ചിരിക്കുകയും ബോളിവുഡ് പാട്ടുകൾ പാടി യുവതിയെ പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് എത്തുന്നതുവരെ ഈ സംഘം പിന്തുടർന്നതായും അപ്പോഴാണ് തനിക്ക് സുരക്ഷിതത്വം തോന്നിയതെന്നും ചിരോ വെളിപ്പെടുത്തി. പ്രശസ്തിക്ക് വേണ്ടിയല്ല താൻ ഈ വീഡിയോ പങ്കുവെച്ചതെന്നും സ്ത്രീകൾ നേരിടുന്ന ഇത്തരം വെല്ലുവിളികൾ സമൂഹത്തെ അറിയിക്കാനാണ് ഇതെന്നും അവർ പറഞ്ഞു.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പരസ്യമായി ഒരു സ്ത്രീയെ അപമാനിച്ചിട്ടും യാതൊരു ഭയവുമില്ലാതെ ക്യാമറയ്ക്ക് മുന്നിൽ ചിരിക്കുന്ന ഇവരുടെ രീതി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.










0 comments