ad
Deshabhimani

'മോദിയുടെ നാരീ വന്ദന പ്രേമമെല്ലാം രാഷ്ട്രീയ അട്ടിമറിക്കുള്ള മറ മാത്രം'

thomas-isaac .jpg
വെബ് ഡെസ്ക്

Published on Apr 15, 2026, 02:07 PM | 3 min read

'വനിതാ സംവരണത്തെയും ലോകസഭാ മണ്ഡല പുനർനിർണ്ണയത്തെയും കൂട്ടികുഴക്കുന്നതിനെ എതിർക്കുന്നവർ മുഴുവൻ വനിതാ സംവരണത്തെ എതിർക്കുന്നവർ എന്ന് വരുത്തി തീർക്കുകയാണ് ബിജെപിയുടെ ഉന്നം. ബിജെപിയെ സംബന്ധിച്ചിടത്തോളം വനിതാ സംവരണമല്ല ലക്ഷ്യം. മറിച്ച് 2029 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ കിഴക്കൻ സംസ്ഥാനങ്ങളിലോ തങ്ങൾക്കെതിരായ കാറ്റ് വീശിയാലും ഭൂരിപക്ഷം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മോദിയുടെ നാരീ വന്ദന പ്രേമമെല്ലാം രാഷ്ട്രീയ അട്ടിമറിക്കുള്ള മറ മാത്രം'- സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌.



ബിജെപിയെ സംബന്ധിച്ചിടത്തോളം വനിതാ സംവരണമല്ല ലക്ഷ്യം. മറിച്ച് 2029 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ കിഴക്കൻ സംസ്ഥാനങ്ങളിലോ തങ്ങൾക്കെതിരായ കാറ്റ് വീശിയാലും ഭൂരിപക്ഷം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇത് സൂചിപ്പിച്ചതിനെതിരെ എന്റെ പോസ്റ്റിനു താഴെ സംഘി വെട്ടുകിളികളിൽ നിന്നുണ്ടായ ആക്ഷേപം മുഴുവൻ വനിതാ സംവരണത്തെ എതിർക്കുകയാണെന്നതായിരുന്നു. ഇതുതന്നെയാണ് ബിജെപിയുടെ അടവും.


വനിതാ സംവരണത്തെയും ലോകസഭാ മണ്ഡല പുനർനിർണ്ണയത്തെയും കൂട്ടികുഴക്കുന്നതിനെ എതിർക്കുന്നവർ മുഴുവൻ വനിതാ സംവരണത്തെ എതിർക്കുന്നവർ എന്ന് വരുത്തി തീർക്കുകയാണ് ബിജെപിയുടെ ഉന്നം. അതിന്റെ മറവിൽ നിലവിലുള്ള ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്ന രീതിയിൽ ലോകസഭാ മണ്ഡല പുനർനിർണയം ഉറപ്പുവരുത്തുക. ഈ അട്ടിമറി 2029 ലെ തെരഞ്ഞെടുപ്പിന് മുൻപായി നടത്തുക എന്ന ലക്ഷ്യം വെച്ചാണ് 2011 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുവാൻ ഭരണഘടനാ ഭേദഗതി ചെയ്യുന്നത്. 5 വർഷം വൈകി 2026-27 ൽ നടക്കുന്ന സെൻസസിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഡീലിമിറ്റേഷൻ പ്രവർത്തനങ്ങൾ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനു മുൻപേ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലോ?


മണ്ഡല പുനർനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് ഇപ്പൊഴേതാണ്ട് വ്യക്തമായിട്ടുണ്ട്. മൊത്തം ലോകസഭാ സീറ്റുകൾ 530 ൽ നിന്ന് 850 ആയിട്ടാണ് ഉയർത്തുക. ഇതിനെ ഏതു വർഷത്തെ സെൻസസ് ജനസംഖ്യ വെച്ചാണ് സംസ്ഥാനങ്ങളുടെ ഇടയിൽ വീതം വയ്ക്കേണ്ടത് എന്ന് ഭരണഘടനാ ഭേദഗതിയിൽ നിഷ്കർഷിക്കുന്നില്ല. നിലവിലുള്ള ഭരണഘടനാ വ്യവസ്ഥ 1971 ലെ ജനസംഖ്യ എന്ന് നിഷ്കർഷിക്കുന്നുണ്ട്. ഭരണഘടനാ ഭേദഗതി പ്രകാരം ഇനി പാർലമെന്റ് തീരുമാനിക്കുന്ന വർഷത്തെ സെൻസസ് കണക്ക് പ്രകാരമായിരിക്കും പാർലമെന്റ് മെമ്പർമാരുടെ എണ്ണം സംസ്ഥാനങ്ങളുടെ ഇടയിൽ വീതം വയ്ക്കുക. 2011 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വീതം വച്ചാൽ എന്ത് സംഭവിക്കും എന്നത് കണക്കുകൂട്ടാൻ ആവും. അതിന്റെ ഫലമാണ് ആദ്യ ഖണ്ഡികയിൽ തന്നെ സൂചിപ്പിച്ചത്.


ഇത് പ്രകാരം ബിജെപിക്ക് മുൻതൂക്കമുള്ള ഹിന്ദി സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ 8 സംസ്ഥാനങ്ങളുടെ സീറ്റുകളുടെ എണ്ണം 207 ൽ നിന്ന് 543 ആയി വർധിക്കും. അതായത് 366 സീറ്റ് അഥവാ 77% വർദ്ധനവ് ഉണ്ടാവും. പാർലമെന്റിൽ ഇവരുടെ സീറ്റ് വിഹിതം 38.1% ത്തിൽ നിന്ന് 43.1% ആയി ഉയരും. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥങ്ങളായ കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകൾ 132 ൽ നിന്ന് 176 ആയെ വര്ധിക്കുകയുള്ളു. 33% വർദ്ധനവ് മാത്രം പാർലമെന്റിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം 24.3% ത്തിൽ നിന്ന് 20.7% ആയി കുറയും.

ഇതുപോലെ ബംഗാൾ അടക്കമുള്ള കിഴക്കൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ വിഹിതം 14.4% ത്തിൽ നിന്ന് 13.7% ആയി കുറയും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടേത് 4.4% ത്തിൽ നിന്ന് 3.8% മായി കുറയും. പടിഞ്ഞാറൻ സംസ്ഥാനങ്ങളുടെയും, വടക്കേ ഇന്ത്യയിലെ ഹിന്ദിയേതര സംസ്ഥാനങ്ങളുടെയും നിലയിൽ വലിയ മാറ്റം ഉണ്ടാവില്ല.


ചുരുക്കത്തിൽ ദേശീയ ജനസംഖ്യാ നയം മാതൃകാപരമായി നടപ്പാക്കി വിജയിച്ച സംസ്ഥാനങ്ങൾക്കെല്ലാം ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യം ഇടിയും. ഈ സംസ്ഥാനങ്ങളിൽ എല്ലാം ബിജെപിയുടെ സ്വാധീനം താരതമ്യേന കുറവാണെന്നതാണ് ഈ മാറ്റം വലിയ രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കുന്നത്. തീർന്നില്ല. ആരാണ് ലോകസഭാ മണ്ഡലങ്ങളുടെയും, സംസ്ഥാന നിയമസഭാ മണ്ഡലങ്ങളുടെയും പുനർനിർണയം നടത്തുക? ഇന്നത്തെ ഇലക്ഷൻ കമ്മീഷൻ ആണെങ്കിൽ പ്രതിപക്ഷത്തിന്റെ കഥ തീർത്ത് തരും.


ബിജെപിയെ വിജയിപ്പിക്കാൻ SIR നടത്തി കോടിക്കണക്കിനു പൗരന്മാർക്ക് വെട്ടവകാശം നിഷേധിച്ച തെരഞ്ഞെടുപ്പ് കമീഷന്റെ തട്ടിപ്പുകൾ കൂടി മറികടന്നുവേണം 2029 ൽ ബിജെപിയെ തോൽപ്പിക്കാൻ ഇത്തരം പ്രധാനപ്പെട്ടൊരു കാര്യം സംസ്ഥാനങ്ങളുമായോ, പ്രതിപക്ഷവുമായിട്ടോ ചർച്ചനടത്താതെ, ഈ നീക്കം പ്രതികൂലവുമായ ബാധിക്കുന്ന തമിഴ്‌നാടും, ബംഗാളും തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന വേളയിൽ ധൃതിയിൽ നടപ്പാക്കാൻ ആണ് ശ്രമം. മോദിയുടെ നാരീ വന്ദന പ്രേമമെല്ലാം ഈ രാഷ്ട്രീയ അട്ടിമറിക്കുള്ള മറ മാത്രം. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് എതിർത്താൽ ഭരണഘടനാ ഭേദഗതിക്കുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടാവില്ല. എന്താണ് സംഭവിക്കുക എന്നുള്ളത് വൈകുന്നേരം ഉള്ള സർവ്വകക്ഷി യോഗത്തിനു ശേഷം അറിയാം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home